Madhura Raja Official Teaser Release Today at 6 PM: കാത്തിരിപ്പിനു വിരാമമിട്ട് മമ്മൂട്ടി- വൈശാഖ് ചിത്രം ‘മധുരരാജ’യുടെ ടീസർ റിലീസിനെത്തി. മമ്മൂട്ടിയുടെ മാസ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമാണ് ടീസറിന്റെ സവിശേഷത. കഴിഞ്ഞ പടത്തേക്കാള്‍ ആക്ഷന്‍ രംഗങ്ങള്‍ മധുരരാജയിലുണ്ടാകുമെന്ന് ടീസർ വ്യക്തമാക്കുന്നു.
ഏറെ നാളായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘മധുരരാജ’ എന്ന മാസ് എന്റർടെയ്നർ . മമ്മൂട്ടി, പൃഥ്വിരാജ്, ശ്രിയ ശരൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ‘പോക്കിരിരാജ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രമാണ് ‘മധുരരാജ’. ഏറെ നാളുകൾക്കു ശേഷം വരുന്ന മമ്മൂട്ടിയുടെ മാസ് ചിത്രമെന്ന രീതിയിലും ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ചിത്രമാണിത്. വിഷുവിന് റിലീസിനെത്തുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മുൻപു തന്നെ അണിയറക്കാർ റിലീസ് ചെയ്തിരിക്കുന്നു. ഇപ്പോൾ റിലീസ് ചെയ്ത ടീസറും പ്രേക്ഷകരുടെ കാത്തിരിപ്പിന് ആവേശം പകരുകയാണ്.
അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാർ എന്നിങ്ങനെ നാലുനായികമാർ ചിത്രത്തിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിക്കും ഈ നാലു നായികമാർക്കും പുറമേ നെടുമുടി വേണു, സിദ്ദിഖ്, സലിം കുമാർ, വിജയരാഘവൻ, അജു വർഗീസ്, ജയ്, ജഗപതി ബാബു, നരേൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നോബി, ജോൺ കൈപ്പള്ളിൽ, സന്തോഷ് കീഴാറ്റൂർ, തെസ്‌നി ഖാൻ, പ്രിയങ്ക, ധര്‍മജന്‍ , ബിജു കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങി വലിയൊരു താരനിര തന്നെ ‘മധുരരാജ’യ്ക്ക് വേണ്ടി അണിനിരക്കുന്നുണ്ട്. ഒപ്പം തമിഴ്, തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസാണ് ‘മധുരരാജ’യുടെ മറ്റൊരു ആകർഷണം. 116 ദിവസം നീണ്ടു നിന്ന ഷെഡ്യൂളായിരുന്നു ചിത്രത്തിന്റേത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണവും ‘മധുരരാജ’ സ്വന്തമാക്കുകയാണ്.
രാജാധിരാജനായി മെഗാസ്റ്റാർ മമ്മൂട്ടി; ‘മധുരരാജ’ ലൊക്കേഷൻ ചിത്രങ്ങൾ
‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങൾക്കു ശേഷമാണ് വൈശാഖും മമ്മൂട്ടിയും ഒരുമിക്കുന്നത്. ‘പുലിമുരുകനു’ ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം ഒരിക്കല്‍കൂടി ഒന്നിക്കുന്നു എന്നതും ‘മധുരരാജ’യുടെ പ്രത്യേകതയാണ്. ഉദയകൃഷ്ണയാണ് ‘മധുരരാജ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘പോക്കിരിരാജ’യുടെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണയും സിബി കെ തോമസും ചേർന്നായിരുന്നു. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. കലാ സംവിധാനം ജോസഫ് നെല്ലിക്കലും സൗണ്ട് ഡിസൈന്‍ പി എം സതീഷും നിര്‍വ്വഹിക്കും.
നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് നിര്‍മിക്കുന്ന ചിത്രം യു.കെ സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കും. ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. വിഷു റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.