Mammootty’s Madhuraraja Movie Review Malayalam: ഒമ്പതു വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘പോക്കിരി രാജ’യുടെ രണ്ടാം ഭാഗമായി ‘മധുരരാജ’ ഇന്ന് തിയേറ്ററുകളിലെത്തി. ‘പോക്കിരി രാജ’യിൽ നിന്നും നന്മ രാജയിലേക്കുള്ള യാത്രയാണ് ‘മധുരരാജ’. മേക്കിംഗിലും കയ്യടക്കത്തിലും മാസിന്റെ കാര്യത്തിലുമൊക്കെ അപ്ഡേറ്റഡ് ആയാണ് ‘മധുരരാജ’യുടെ വരവ്.
‘മധുരരാജ’യുടെ കഥ
കൊച്ചി കായലിലെ, നഗരവുമായി ഇപ്പോഴും പാലങ്ങളാൽ പോലും ബന്ധിക്കപ്പെട്ടിട്ടില്ലാത്ത പാമ്പിൻ തുരുത്തു എന്ന പ്രദേശത്താണ് ‘മധുരരാജ’യുടെ കഥ നടക്കുന്നത്. അവിടെ കിരീടം വയ്ക്കാത്ത രാജാവിനെ പോലെ വാഴുന്ന ഒരു പ്രമാണി – വി ആർ നടേശൻ (ജഗപതി ബാബു). വർഷങ്ങൾക്കു മുൻപ് വൈപ്പിൻ തുരുത്തിനെ നടുക്കിയ വിഷമദ്യ ദുരന്തത്തിന് കാരണക്കാരനായ അയാൾ 25 വർഷങ്ങൾ കൊണ്ട് വളർന്ന് പന്തലിച്ച് നാട്ടിലെ പ്രധാന പ്രമാണിയും ബിസിനസ്സുകാരനും മലയാളി കോൺഗ്രസ് പാർട്ടിയുടെ സ്റ്റേറ്റ് പ്രസിഡന്റും വരെയായി മാറിയിരിക്കുന്നു.
തുരുത്തിലെ സ്കൂളിന് അടുത്തു പ്രവർത്തിക്കുന്ന നടേശന്റെ ബാർ അന്നാട്ടിലെ കുട്ടികൾക്കും നാട്ടുകാർക്കും ഒക്കെ ഒരു തലവേദനയാണ്. രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ട കേന്ദ്രമായി മാറുന്ന ആ ബാറിനെതിരെയുള്ള പരാതി പരിശോധിക്കാനും റിപ്പോർട്ട് തയ്യാറാക്കാനും എൻ സി എസ് എന്ന സാമുദായിക സംഘടന നിയോഗിക്കുന്നത് മാധവൻ മാഷിനെ (നെടുമുടി വേണു) ആണ്.
നടേശന്റെ കോട്ടയെന്നു വിശേഷിപ്പിക്കാവുന്ന പാമ്പിൻതുരുത്തിലേക്ക് മാധവൻ മാഷും കൃഷ്ണൻ മാമയും (വിജയരാഘവൻ) കാലുകുത്തുന്നതു മുതൽ പ്രശ്നങ്ങളും ആരംഭിക്കുകയാണ്. അച്ഛനെ രക്ഷിക്കാൻ അതിശക്തനായ രാജ എത്തുന്നതും പിന്നീടുള്ള രാജയുടെ വിളയാട്ടങ്ങളുമാണ് ‘മധുരരാജ’യൊരുക്കുന്ന കാഴ്ചയുടെ ഉത്സവം.
ചിരിപ്പിച്ചും കയ്യടിപ്പിച്ചും കണ്ണു നനയിപ്പിച്ചുമെല്ലാം ഓരോ സീനിലും പ്രേക്ഷകരെ കൂടെ നടത്തുന്ന മമ്മൂട്ടി എന്ന താരം തന്നെയാണ് ‘മധുരരാജ’യുടെ ഹൈലൈറ്റ്. വെളള മുണ്ടും അംഗവസ്ത്രവും സിംഹത്തല പതിച്ച മാലയും ഒക്കെയണിഞ്ഞ് അടിമുടി സ്റ്റൈലിഷ് ലുക്കിൽ വന്നിറങ്ങുന്ന മധുരരാജയുടെ മുറി ഇംഗ്ലീഷ് പ്രേക്ഷകരിൽ പഴയതിലും ചിരിയുണർത്തും.
‘രാജ സൊല്ലതുതാൻ സെയ്വ, സെയ്വത് മട്ടും താൻ സൊല്ലുവ’ എന്ന മാസ് ഡയലോഗിന്റെ സഞ്ചരിക്കുന്ന ഉദാഹരണമാണ് ‘മധുരരാജ’യിലെ മമ്മൂട്ടി. പറഞ്ഞ വാക്കിന് വില നൽകുന്ന ഒരു ഹീറോയോട് തോന്നുന്ന ബഹുമാനം തന്നെയാണ് രാജയോട് പ്രേക്ഷകനു തോന്നുക. ഒപ്പം കില്ലാടി ഇമേജിനപ്പുറം അയാളുടെ ഇമോഷൻസിനും ബന്ധങ്ങൾക്കുമെല്ലാം പ്രാധാന്യം നൽകുന്നുണ്ട് തിരക്കഥ. തമാശ രംഗങ്ങളിലും സ്റ്റണ്ടിലുമെല്ലാം ഒരുപോലെ തിളങ്ങുകയാണ് താരം. പലപ്പോഴും ഒരു ഒരു സ്പൂഫ് നായകനെ ഓർമ്മിപ്പിക്കുന്നുണ്ട് രാജ എന്ന കഥാപാത്രം. രാജയുടെ തന്നെ ഡയലോഗുകൾ കടമെടുത്താൽ, എവിടേലും ഇടിച്ചു നിൽക്കും വരെ ബെല്ലും ബ്രേക്കുമില്ലാതെ ഓടികൊണ്ടിരിക്കുന്ന ഒരു വണ്ടിയാണ് അയാൾ.
Read more: മധുരരാജ’യല്ല സിംഹരാജ; മമ്മൂട്ടിയുടെ സ്റ്റൈൽ ട്രെൻഡാവുന്നു
‘പോക്കിരിരാജ’യേക്കാൾ മേക്കിംഗിൽ മികവു പുലർത്തുന്ന ചിത്രമാണ് ‘മധുരരാജ’. ഒമ്പതു വർഷം കൊണ്ട് സിനിമയുടെ സാങ്കേതിക വശങ്ങളിൽ വന്ന മാറ്റങ്ങളുടെയെല്ലാം ഗുണവശങ്ങൾ നല്ല രീതിയിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട് സംവിധായകൻ വൈശാഖ്. മംഗളവനം എന്ന പക്ഷിസങ്കേതം അടുത്തിടെ ഏറെ നിഗൂഢസൗന്ദര്യത്തോടെ കാണുന്നത് ‘മധുരരാജ’യിലാണ്.

പ്രവചിക്കാൻ കഴിയുന്ന കഥാമുഹൂർത്തങ്ങളിലൂടെയാണ് ‘മധുരരാജ’യുടെ തിരക്കഥയുടെ സഞ്ചാരം. കഥയിൽ പുതുമയില്ലെങ്കിലും ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ടു പോവുകയാണ് കഥാമുഹൂർത്തങ്ങൾ. ഉദയ് കൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ശക്തയായ സ്ത്രീകഥാപാത്രത്തിന്റെ സാന്നിധ്യമാണ് ‘മധുരരാജ’യുടെ മറ്റൊരു പ്ലസ്. അനുശ്രീയുടെ കഥാപാത്രം പലപ്പോഴും ‘മധുരരാജ’യ്ക്ക് തോളൊപ്പം തന്നെ നിന്ന് കരുത്ത് പ്രകടിപ്പിക്കുന്നുണ്ട്. വില്ലനായെത്തുന്ന ജഗപതി ബാബു, തമിഴ് താരം ജയ്, സലീം കുമാർ, നെടുമുടി വേണു, സിദ്ദിഖ്, വിജയരാഘവൻ, അജു വർഗീസ്, പ്രകാശൻ, നരേൻ, രമേശ് പിഷാരടി, വിനയ പ്രസാദ്, കലാഭവൻ ഷാജോൺ, നോബി, ജോൺ കൈപ്പള്ളിൽ, സന്തോഷ് കീഴാറ്റൂർ, മഹിമ നമ്പ്യാർ, ഷംന കാസിം, ലിച്ചി, തെസ്നി ഖാൻ, പ്രിയങ്ക, സുരേഷ് കുമാർ എന്നിവരും കഥാപാത്രങ്ങളോട് നീതി പുലർത്തുന്നു. ‘പോക്കിരിരാജ’യിൽ നിന്നും ‘മധുരരാജ’യിലെത്തുമ്പോൾ സലീം കുമാറിന്റെ കഥാപാത്രവും കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ട്.
ചിത്രത്തിന്റെ ദൃശ്യാവിഷ്കാരവും മികവു പുലർത്തുണ്ട്. തുരുത്തുകളുടെയും മംഗളവനത്തിന്റെയുമെല്ലാം സൗന്ദര്യം പരമാവധി ഒപ്പിയെടുക്കുന്നതാണ് ഷാജി കുമാറിന്റെ ക്യാമറ. ഒരു ഉത്സവചിത്രത്തിന്റെ മൂഡ് ‘മധുരരാജ’യ്ക്ക് സമ്മാനിക്കുകയാണ് ഗോപി സുന്ദറിന്റെ സംഗീതം.
കുടുംബപ്രേക്ഷകരെയും കുട്ടികളെയും എല്ലാം തിയേറ്ററുകളിലേക്ക് ഒരേ പോലെ ആകർഷിക്കാൻ മാസിനു മാസ്സും തമാശയ്ക്കു തമാശയുമെല്ലാം ചേർന്ന് ഒരുക്കിയ ‘മധുരരാജ’ ആരാധകരെ നിരാശരാക്കുന്നില്ലെന്നു മാത്രമല്ല പ്രതീക്ഷകൾക്കൊപ്പം ഉയരുന്നുമുണ്ട്. ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു മാസ് ചിത്രം തന്നെയാണ് ‘മധുരരാജ’. രാജയെ ഇനിയും കണ്ട് കൊതി തീരാത്ത ആരാധകർക്കായി ഒരു സർപ്രൈസും ക്ലൈമാക്സിൽ സംവിധായകൻ കരുതി വച്ചിട്ടുണ്ട്. നെൽസൺ ഐപ്പാണ് ‘മധുരരാജ’യുടെ നിർമാതാവ്.