‘ലൂസിഫറി’നു പിറകെ ‘മധുരരാജ’യും നൂറുകോടി ക്ലബ്ബിലേക്ക്. ചിത്രം വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും 104 കോടി കളക്റ്റ് ചെയ്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 45 ദിവസങ്ങൾ കൊണ്ടാണ് ‘മധുരരാജ’ ഈ നേട്ടം കൈവരിച്ചത്. ചിത്രത്തിന്റെ നിർമ്മാതാവായ നെൽസൺ ഐപ്പും റിപ്പോർട്ട് സ്ഥിതീകരിക്കുന്നുണ്ട്. ഇതോടെ നൂറുകോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന മൂന്നാമത്തെ ചിത്രമാകുകയാണ് ‘മധുരരാജ’. നൂറുകോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന ആദ്യ മമ്മൂട്ടി ചിത്രം എന്ന പ്രത്യേകതയും ‘മധുരരാജ’യ്ക്കുണ്ട്.
‘പുലിമുരുകൻ’ എന്ന ചിത്രമാണ് ആദ്യമായി നൂറുകോടി ക്ലബ്ബിൽ കയറിയ മലയാളചിത്രം. ഈ മാർച്ച് മാസം അവസാനം തിയേറ്ററിലെത്തിയ പൃഥ്വിരാജ് ചിത്രം ‘ലൂസിഫറും’ നൂറുകോടി ക്ലബ്ബിൽ കയറിയിരുന്നു. പിന്നാലെ 200 കോടി കളക്റ്റ് ചെയ്ത് ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന ആദ്യ മലയാളചിത്രമാവുകയും ചെയ്തു. ‘പുലിമുരുകൻ’, ‘മധുരരാജ’ എന്നീ ചിത്രങ്ങളിലൂടെ തന്റെ രണ്ടു ചിത്രങ്ങളും നൂറുകോടി ക്ലബ്ബിൽ എത്തിച്ച സംവിധായകനാവുകയാണ് വൈശാഖ്.
Read more: മധുരരാജയില്‍ ഡ്യൂപ്പില്ലാതെ ഞെട്ടിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആക്ഷന്‍
‘പോക്കിരിരാജ’യുടെ രണ്ടാം ഭാഗമായി ഒരുങ്ങിയ ‘മധുരരാജ’ വൻതാരനിരയോടെയാണ് തിയേറ്ററുകളിലെത്തിയത്. പോക്കിരി രാജ റിലീസ് ചെയ്ത് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മധുരരാജ എത്തിയത്. മമ്മൂട്ടിയെ കൂടാതെ ജയ്, ജഗപതി ബാബു, സിദ്ദിഖ്, വിജയരാഘവൻ, നെടുമുടി വേണു, സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാര്‍, അജു വര്‍ഗീസ്, നരെയ്ൻ, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, ജോണ്‍ കൈപ്പള്ളില്‍, സന്തോഷ് കീഴാറ്റൂര്‍, തെസ്നി ഖാന്, പ്രിയങ്ക, ബിജു കുട്ടന്, നോബി, ബാലചന്ദ്രന് ചുള്ളിക്കാട് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.