വസ്ത്രാലങ്കാര മേഖലയിലൂടെ സിനിമയിലെത്തി ഇപ്പോൾ സംവിധാനത്തിൽ തിളങ്ങാൻ ഒരുങ്ങുകയാണ് സ്റ്റെഫി സേവ്യർ. രജിഷ വിജയൻ, ഷെറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളെത്തുന്ന ചിത്രത്തിന്റെ പേര് ‘മധുരം മനോഹര മോഹം’ എന്നാണ്. മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്ര മെയ് മാസം റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്.
ബിന്ദു പണിക്കർ, ആർഷ ബൈജു, അൽത്താഫ് സലീം, വിജയരാഘവൻ, സൈജു കുറുപ്പ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. വെള്ളിയാഴ്ച്ച ചിത്രത്തിന്റെ പ്രമോ സോങ്ങ് പുറത്തിറങ്ങിയിരുന്നു. ‘മധുരം മനോഹര മോഹം’ എന്നു തുടങ്ങുന്ന ഗാനം മ്യൂസിക്ക് 247 എന്ന ചാനലിലൂടെയാണ് റിലീസായത്. വളരെ വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തിലെ നായികമാർ ഗാന രംഗത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇതിൽ തന്നെ ബിന്ദു പണിക്കരുടെ ലുക്കാണ് ശ്രദ്ധ നേടുന്നത്. താരം വളരെ ക്യൂട്ടായിരിക്കുന്നെന്നാണ് പ്രേക്ഷകർ പറയുന്നത്.
പിങ്ക്, വെള്ള എന്നീ നിറങ്ങിലുള്ള ഡ്രെസ്സാണ് ബിന്ദു പണിക്കർ ഗാനത്തിൽ അണിഞ്ഞത്. അതേ നിറത്തിലുള്ള ഹെയർ ബാൻഡും വച്ച് ഇതുവരെയും കാണാത്ത ലുക്കിലാണ് താരം എത്തുന്നത്. നടനും ഡാൻസറുമായ റംസാൻ ആണ് ഗാനത്തിന്റെ സംവിധായകൻ. റംസാൻ തന്നെയാണ് നൃത്തവും ചിട്ടപ്പെടുത്തിയത്.
ഒരിടവേളയ്ക്കു ശേഷം ബിന്ദു പണിക്കര്‍ വീണ്ടു അഭിനയത്തിലേയ്ക്കു തിരിച്ചെത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ചിത്രം ‘ റോഷാക്ക്’ ലൂടെയായിരുന്നു ബിന്ദു പണിക്കരുടെ തിരിച്ചുവരവ്.
കോമഡിയോടൊപ്പം വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ 200 ചിത്രങ്ങളോളം ബിന്ദു പണിക്കര്‍ ചെയ്തിട്ടുണ്ട്. 2001 ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന ചിത്രത്തിലെ പ്രകടത്തിനു മികച്ച സ്വഭാവ നടിയ്ക്കുളള സംസ്ഥാന അവാര്‍ഡും ബിന്ദുവിനെ തേടിയെത്തി. 1998 ല്‍ ബിജു വി നായരുമായി വിവാഹിതയായ ബിന്ദു പിന്നീട് ആദ്യ ഭര്‍ത്താവിന്റെ മരണ ശേഷം 2009 ല്‍ നടന്‍ സായ് കുമാറുമായി ജീവിതം പങ്കിടാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ വിവാഹത്തില്‍ കല്ല്യാണി എന്നു പേരായ മകളും ബിന്ദുവിനുണ്ട്.