പത്ത് സംവിധായകര്‍ ചേര്‍ന്ന് പത്ത് സ്ത്രീകളുടെ കഥപറയുന്ന ക്രോസ്റോഡ് എന്ന മലയാള സിനിമ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയില്‍ ഒരു പരീക്ഷണം തന്നെയാണ് ക്രോസ് റോഡ് എന്ന ഈ ആന്തോളജി. സ്ത്രീയെന്ന ഒറ്റപ്രമേയത്തില്‍ ഒരുക്കുന്ന പത്ത് ചിത്രങ്ങളുടെ കൂട്ടായ്മ വരച്ചിടുന്നത് പെണ്മയെയാണ്. ഫോറം ഫോര്‍ ബെറ്റര്‍ സിനിമ എന്ന സംവിധായക കൂട്ടായ്മയാണ് ഈ സിനിമയ്ക്കു പിന്നില്‍.
പത്മപ്രിയ, മംമ്ത മോഹന്‍ദാസ്, ഇഷ തല്‍വാര്‍, മൈഥിലി, പ്രിയങ്ക നായര്‍, സ്രിന്‍ഡ, അഞ്ജലി നായര്‍, കാഞ്ചന, മാനസ എന്നിവരാണ് ശക്തമായ കഥാപാത്രങ്ങളുമായെത്തുന്ന നായികമാര്‍. ലെനിന്‍ രാജേന്ദ്രന്‍, ശശി പരവൂര്‍, മധുപാല്‍, നേമം പുഷ്പരാജ്, അശോക് ആര്‍ നാഥ്, അവിരാ റബേക്ക, ബാബു തിരുവല്ല, പ്രദീപ് നായര്‍, നയനാ സൂര്യന്‍, ആല്‍ബര്‍ട്ട് ആന്റണി എന്നിവരാണ് സംവിധായകര്‍.
ചിത്രത്തിന് പറയത്തക്ക പ്രമോഷനോ പരസ്യങ്ങളോ എന്തിന് പോസ്റ്റര്‍ പോലും ഇല്ലെന്ന് ക്രോസ് റോഡിലെ ‘രാത്രിയുടെ കൂലി’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ മധുപാല്‍ പറയുന്നു.
‘വ്യത്യസ്ത ജീവിത പശ്ചാത്തലത്തിലുള്ള പത്തു സ്ത്രീകളുടെ ജീവിതം പറയുന്ന പത്തു കഥകളാണ് ക്രോസ് റോഡ്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അതിനെ അവര്‍ എങ്ങനെ അതിജീവിക്കുന്നു എന്നതൊക്കെയാണ് പ്രമേയങ്ങള്‍. ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകാം. ചിലതിന് ഉണ്ടാകാതിരിക്കാം. സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ മാത്രം കഥ നീങ്ങുന്ന ഇത്തരത്തില്‍ ഒരു കലാസൃഷ്ടി മലയാളത്തില്‍ ആദ്യമായിരിക്കും. ഇങ്ങനെ ഒരു ചിത്രം ഇറങ്ങിയിട്ടുണ്ടെന്നു പോലും പലരും അറിഞ്ഞിട്ടില്ലെന്നതാണ് വിഷമം. എറണാകുളത്തൊന്നും ഒരു പോസ്റ്റര്‍ പോലും കണ്ടില്ല. മലയാള സിനിമയില്‍ സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങള്‍ കുറഞ്ഞുവരുന്ന സമയത്താണ് ക്രോസ് റോഡ് പുറത്തിറങ്ങുന്നത്. കണ്ടവരൊക്കെ നല്ല അഭിപ്രായങ്ങള്‍ തന്നെയാണ് പറഞ്ഞിട്ടുള്ളത്. നല്ലതോ ചീത്തയോ ആകട്ടെ, പക്ഷെ ഇത്തരത്തില്‍ ഒരു പരീക്ഷണം നടത്തുമ്പോള്‍ അതിന് പ്രോത്സാഹിപ്പിക്കുക എന്നത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണ്.’ മധുപാല്‍ പറഞ്ഞു.
രാത്രിയുടെ കൂലിയില്‍ പത്മപ്രിയയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെരുവില്‍ കഴിയുന്ന ഒരു ലൈംഗിക തൊഴിലാളിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. പി.എഫ് മാത്യൂസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
‘ഞങ്ങള്‍ പത്തു സംവിധായകരില്‍ ഒരാള്‍ മാത്രമാണ് സ്ത്രീ. നയന സൂര്യന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ്. ചിത്രത്തിന് പുറകിലുള്ളവരും പുരുഷന്മാരാണ് ഇനി സിനിമ തിയേറ്ററില്‍ സ്വീകരിക്കുന്നവരും പുരുഷന്മാരാണ്. അതാണ് നമ്മുടെ അവസ്ഥ. അത്തരം ഒരു കാലത്തോട് കലഹിക്കുകയാണ് ക്രോസ് റോഡ്.’
ലെനിന്‍ രാജേന്ദ്രന്റെ ‘പിന്‍പേ നടപ്പവള്‍’, മധുപാലിന്റെ ‘ഒരു രാത്രിയുടെ കൂലി’, പ്രദീപ് നായരുടെ ‘കൊടേഷ്യന്‍’, ശശി പറവൂരിന്റെ ‘ലെക്ക് ഹൗസ്’, നേമം പുഷ്പരാജന്റെ ‘കാവല്‍’, ബാബു തിരുവല്ലയുടെ ‘മൗനം’, ആല്‍ബര്‍ട്ടിന്റെ ‘മുദ്ര’, അവിരേ റബേക്കയുടെ ‘ചെരിവ്’, അശോക് ആര്‍ നാഥിന്റെ ‘ബദര്‍’, നവാഗത നയന സൂര്യന്റെ ‘പക്ഷികളുടെ മണം’ എന്നീ പത്തു ചിത്രങ്ങളാണ് ‘ക്രോസ് റോഡി’ല്‍ ഉള്ളത്.