ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ 19-കാരിയായ ദളിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടി മധുബാല. ഹാപ്പിഡെമിക് എന്ന കുറിപ്പോട് കൂടിയാണ് മധുബാല വീഡിയോ പങ്കുവച്ചത്. ബലാത്സം​ഗം ചെയ്യുന്നവരെ പൊതുമധ്യത്തിൽ തൂക്കി കൊല്ലണമെന്നും മധു പറയുന്നു.

കോവിഡ് പ്രശ്നങ്ങൾക്കിടയിലും മനുഷ്യൻ ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുമ്പോൾ ബലാത്സം​ഗം പോലുള്ള അതിക്രമങ്ങൾ ഭാവിയെക്കുറിച്ച് എന്ത് സന്ദേശമാണ് മാനവരാശിക്ക് നൽകുന്നതെന്ന് മധു ചോദിക്കുന്നു.

മധുബാലയുടെ വാക്കുകൾ:

മേക്കപ്പ് ഇല്ലാതെ, എന്റെ പ്രിയപ്പെട്ട ചുവന്ന ലിപസ്റ്റിക് ഇല്ലാതെ, വിയർത്തൊലിച്ച്, മുടി ഒതുക്കി വയ്ക്കാതെ ആദ്യമായി ഞാൻ ഒരു വീഡിയോ ഷൂട്ട് ചെയ്യുന്നു. പാടുകളില്ലാത്ത മുഖമല്ല, മനസ്സാണ് നമുക്കാവശ്യം. ഹാപ്പിഡെമിക് എന്ന വാക്ക് കോവിഡ് കാലത്താണ് ഞാൻ ആദ്യമായി കേൾക്കുന്നത്. കോവിഡ് മാനവരാശിക്ക് കടുത്ത പ്രതിസന്ധിയാണ്. സാമ്പത്തികമായും മാനസികമായും തകരുകയും നിരവധി ജീവനുകൾ നഷ്ടമാകുകയും ചെയ്തു. എങ്കിലും പ്രതീക്ഷയോടെ നമ്മൾ മുന്നോട്ട് പോവുകയാണ്.

എന്നാൽ രാജ്യത്ത് സ്ത്രീകൾക്കെതിരേ നടക്കുന്ന അക്രമങ്ങൾ എന്ത് ശുഭസൂചനയാണ് നമുക്ക് നൽകുന്നത്? ഇത് മനുഷ്യൻ മനുഷ്യനോട് ചെയ്യുന്നതാണ്. എങ്ങിനെയാണ് ഇങ്ങനെ ചെയ്യാൻ കഴിയുന്നത്?

ബലാത്സം​ഗം ചെയ്യുന്നവര പൊതുമധ്യത്തിൽ തൂക്കിലേറ്റണമെന്നും അത് ടെലിവിഷനിലൂടെ ലോകം മുഴുവൻ കാണിക്കണമെന്നും ഞാൻ അധികൃതരോട് അപേക്ഷിക്കുകയാണ്. ഇനി ആരും ഇങ്ങനെ ചെയ്യാൻ ധൈര്യപ്പെടരുത്. ‌‍ പൊതു സ്ഥലത്ത് വച്ച് സ്ത്രീകളെ ആരെങ്കിലും ദുരുദ്ദേശത്തോടെ സ്പർശിക്കുമ്പോൾ അല്ലെങ്കിൽ മോശമായി നോക്കുമ്പോൾ അവൾ അനുഭവിക്കുന്ന മാനസികാവസ്ഥ അത്രയും തീവ്രമാണ്. അപ്പോൾ തങ്ങളിലൊരാൾ ക്രൂര പീഡനത്തിന് ഇരയായി മരണത്തിന് കീഴടങ്ങുന്നത് കാണുമ്പോഴോ?

സ്ത്രീകളെയല്ല, പുരുഷന്മാരെയാണ്, മൊത്തം സമൂഹത്തെയാണ് ശാക്തീകരിക്കേണ്ടത്. സ്ത്രീ-പുരുഷൻ, ആൺകുട്ടി-പെൺകുട്ടി എന്ന വേര്‍തിരിവ്‌ എന്തിനാണ്? ഈ സമൂഹത്തിൽ സമാധാനത്തോടെ എങ്ങിനെ ഒരുമിച്ച് ജീവിക്കാമെന്ന് മനുഷ്യന് പഠിപ്പിച്ച് കൊടുക്കൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook