മലയാളത്തിൽ ഒരുപിടി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള താരമാണ് മധു വാര്യർ. നടൻ, നിർമാതാവ് എന്ന നിലകളിൽ തിളങ്ങിയ മധു മലയാളത്തിന്റെ പ്രിയ നായിക മഞ്ജു വാര്യറിന്റെ സഹോദരൻ കൂടിയാണ്. അഭിനയരംഗത്ത് ഇപ്പോൾ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ട്രോളുകളും തന്റെ കൊച്ചു വിശേഷങ്ങളും പങ്കുവെച്ച് മധു വളരെ ആക്റ്റീവാണ്.
ഇപ്പോഴിതാ, മകൾ ആവണിക്ക് ഒപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മധു. മകൾക്കൊപ്പമുള്ള കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും ചിത്രങ്ങളാണ് മധു പങ്കുവെച്ചിരിക്കുന്നത്. മകളെ മുന്നിലിരുത്തി സൈക്കിൾ ചവിട്ടുന്ന ഫൊട്ടോയാണ് മധു പോസ്റ്റ് ചെയ്തിരിക്കുന്നത്. “നിങ്ങൾ പോലും അറിയുന്നതിന് മുൻപ്” എന്ന് അടിക്കുറിപ്പ് നൽകിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഭാവന, സഞ്ജു ശിവറാം, മന്യ നായിഡു തുടങ്ങിയ താരങ്ങൾ ഉൾപ്പടെ നിരവധിപേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. “അച്ഛന് വലിയ മാറ്റമൊന്നുമില്ല” എന്നാണ് ഒരാളുടെ കമന്റ്. ഏത് വർഷമെടുത്ത ചിത്രമാണെന്നും ചിലർ ചോദിച്ചിട്ടുണ്ട്.
Also Read: വേറെ ബന്ധവും ഗർഭചിദ്രവും വിവാഹ മോചനത്തിലേക്ക് നയിച്ചെന്ന അഭ്യൂഹങ്ങൾ അസംബന്ധമെന്ന് സാമന്ത
2004ൽ വാണ്ടഡ് എന്ന ചിത്രത്തിലൂടെയാണ് മധുവിന്റെ അരങ്ങേറ്റം. പിന്നീട് പൊന്മുടിപ്പുഴയോരത്ത്, ഇരുവട്ടം മണവാട്ടി, ഭരത്ചന്ദ്രൻ ഐ.പി.എസ്, സേതുരാമയ്യർ സി.ബി.ഐ, അച്ഛനുറങ്ങാത്ത വീട്, അഞ്ചിൽ ഒരാൾ അർജുനൻ, ദ സ്പീഡ് ട്രാക്ക് എന്ന ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ദിലീപിന്റെ മായാമോഹിനിയിലാണ് അവസാനമായി അഭിനയിച്ചത്. ചിത്രം നിർമിച്ചത് മധു ആയിരുന്നു. 2009ൽ സ്വലേ എന്ന ചിത്രവും നിർമിച്ചിട്ടുണ്ട്.
ഇപ്പോൾ സംവിധായകനായും മലയാളികൾക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുകയാണ് മധു വാര്യർ. ആദ്യ ചിത്രത്തിൽ നായികയാവുന്നത് അനിയത്തി മഞ്ജുവാര്യർ തന്നെയാണ്. ബിജു മേനോനാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഏറെ നാളത്തെ സ്വപ്നം സഫലമാകുന്നു എന്നായിരുന്നു ചിത്രം പ്രഖ്യാപിച്ച സമയത്ത് മധു പറഞ്ഞത്.