മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘മരക്കാര്‍; അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തില്‍ ഒന്നാമന്‍ കുഞ്ഞാലി മരയ്ക്കാറായി അഭിനയിക്കുന്നത് നടന്‍ മധു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കുട്ട്യാലി മരക്കാർ എന്ന കഥാപാത്രത്തെയാകും മധു അവതരിപ്പിക്കുക.

ചരിത്രത്തില്‍ നാല് മരയ്ക്കാര്‍മാരാണ് ഉള്ളത്. ഒന്നാമനായി മധുവും നാലാമനായി മോഹന്‍ലാലും എത്തുമ്പോള്‍, രണ്ടാമനും മൂന്നാമനുമായുള്ള തിരച്ചിലിലാണ് അണിയറ പ്രവര്‍ത്തകര്‍. അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലാം മരയ്ക്കാരുടെ കഥയാണ് ചിത്രം പ്രധാനമായും പറയുന്നത്.

മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ അണിയറയില്‍ ഒരുങ്ങുന്നത്. നൂറു കോടി രൂപയ്ക്ക് മുകളില്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും അതേക്കുറിച്ച് താന്‍ അറിഞ്ഞിട്ടില്ലെന്നായിരുന്നു സംവിധായകന്‍ പ്രിയദര്‍ശന്റെ പ്രതികരണം. തിരക്കഥ പുരോഗമിക്കുകയാണെന്നും ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് തിരു ആയിരിക്കുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. മലയാളത്തില്‍ കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലെ താരങ്ങളും ബ്രിട്ടീഷ് അഭിനേതാക്കളും ചിത്രത്തില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ