തോളിന് പരുക്കേറ്റതിനെ തുടര്‍ന്ന് നടന്‍ മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലത്തേ തോളിന്റെ ശസ്ത്രക്രിയയുടെ ഭാഗമായാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം മാധവന്‍ സുഖംപ്രാപിച്ചു വരികയാണ്.

തോളിന്റെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കാര്യം മാധവന്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ വലത് കൈ ഉളളത് പോലെ തോന്നുന്നില്ലെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം 2012ല്‍ വേട്ടയിലൂടെയാണ് അദ്ദേഹം തിരികെ എത്തിയത്. പിന്നീട് ‘ഇരുദി സുട്രു’, വിക്രം വേദ എന്നീ ചിത്രങ്ങളിലൂടെ ശക്തമായ സാന്നിധ്യമായി.

ഗൗതം മേനോനൊപ്പം മറ്റൊരു ചിത്രത്തിനായി അദ്ദേഹം താമസിയാതെ അഭിനയിച്ച് തുടങ്ങും. വിണ്ണൈത്താണ്ടി വരുവായ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാകും ഇരുവരും ചെയ്യുക എന്നാണ് പ്രചരണം.
എന്നാല്‍ ഇത് സംബന്ധിച്ച് ഗൗതം മേനോന്‍ പ്രതികരിച്ചിട്ടില്ല. വിവാദ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലും അദ്ദേഹം അഭിനയിക്കും. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായിരിക്കും ചിത്രം ഒരുങ്ങുക. തന്റെ വിവാഹത്തിനു ശേഷം 29ആമത്തെ വയസ്സിലാണ് മാധവൻ തന്റെ അഭിനയജീവിതം തുടങ്ങിയത്.

2000 ലാണ് മാധവൻ ഒരു പ്രധാന ചിത്രമായ അലൈപ്പായുതെ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. 2002 ൽ പ്രശസ്ത ചിത്രമായ കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2003 ൽ റൺ, ആയിതു എഴുതു എന്നീചിത്രങ്ങളിൽ അഭിനയിച്ചു. ആയിഹു എഴുതു എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയപുരസ്കാരത്തിന് നിർദ്ദേശം ലഭിച്ചു. 1997 ൽ മാധവൻ ചില പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ടാറ്റ സ്റ്റീൽ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന രംഗന്നാഥന്റെ മകനായി ജാംഷഡ്പൂരിലാണ് മാധവൻ ജനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ