ഏഷ്യൻ ഏജ് ഗ്രൂപ്പ് സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി വെളളി നേടി മാധവന്റെ മകൻ വേദാന്ത്. 4×100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലാണ് വേദാന്തിന്റെ മെഡൽ നേട്ടം. 14 കാരനായ വേദാന്ത് മെഡൽ നേടിയ വിവരം സോഷ്യൽ മീഡിയയിലൂടെ ചിത്രം പങ്കുവച്ച് മാധവനാണ് അറിയിച്ചത്.
Read Also: രണ്ടു വര്‍ഷം കൊണ്ടിങ്ങനെയായി: കരച്ചിൽ വരുന്നു, ലുക്ക് തിരിച്ചു പിടിക്കുമെന്ന് മാധവന്
”ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വെളളി മെഡൽ. എല്ലാം ദൈവകൃപ. ഇന്ത്യയെ പ്രതിനിധീകരിച്ചുളള വേദാന്തിന്റെ ആദ്യ ഔദ്യോഗിക മെഡൽ,” ഇതായിരുന്നു മാധവന്റെ കുറിപ്പ്. സിനിമാ മേഖലയിലെ നിരവധി പേരും മാധവന്റെ ആരാധകരും വേദാന്തിന് അഭിനന്ദങ്ങൾ അറിയിച്ച് പോസ്റ്റിനു കീഴെ കമന്റ് ചെയ്തു.
കഴിഞ്ഞ വർഷം തായ്ലൻഡിൽ നടന്ന രാജ്യാന്തര സ്വിമ്മിങ് മത്സരത്തിൽ ഇന്ത്യക്കായി വേദാന്ത് വെങ്കല മെഡൽ നേടി. തനിക്കും സരിതയ്ക്കും ഇത് അഭിമാനനിമിഷമാണെന്നാണ് മാധവന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ദേശീയതലത്തിൽ 100 മീറ്റർ ഫ്രീസ്റ്റൈലിൽ വേദാന്ത് സ്വർണവും നേടിയിട്ടുണ്ട്. 64-ാമത് എസ്ജിഎഫ്ഐ നാഷണല്‍ സ്കൂള്‍ ഗെയിംസിലാണ് വേദാന്ത് മാധവന് നീന്തലില്‍ മെഡല്‍ നേടിയത്.
സിനിമയില്‍ എത്തും മുന്‍പ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് സ്പീക്കിങ് എന്നിവയില്‍ കോഴ്സുകള്‍ നടത്തിയിരുന്ന സമയത്താണ് മാധവന് ശിഷ്യയും കൂട്ടുകാരിയുമായ സരിത ബിര്‍ജെയെ വിവാഹം കഴിച്ചത്. ഒരേയൊരു മകനാണ് വേദാന്ത്. ഗോള്‍ഫ് കളിയില്‍ തൽപരനായ മാധവന് മെര്‍സിഡീസ് ട്രോഫി ഗോള്‍ഫ് മീറ്റിന്റെ ദേശീയ തലത്തില്‍ വരെ ക്വാളിഫൈ ചെയ്യപ്പെട്ടിട്ടുണ്ട്.
മാനേജ്മന്റ് രംഗത്ത് നിന്നും മോഡലിങ്ങിലേക്കും പിന്നീടു സിനിമയിലേക്കും എത്തിയ മാധവന് മലയാളം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ ‘അലൈപായുതേ’ എന്ന ആദ്യ ചിത്രത്തിലൂടെ യുവ പ്രേക്ഷകരുടെ മനം കവര്‍ന്ന നടന് മലയാളത്തില്‍ രാജീവ് നാഥ് സംവിധാനം ചെയ്ത ‘മേഡ് ഇന്‍ യുഎസ്എ’ എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റാരോപിതനായി, പിന്നീട് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞ ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ത്രിഭാഷാ ചിത്രം ‘റോക്കെറ്ററി-ദി നമ്പി എക്റ്റി’ന്റെ സംവിധാനം നിര്‍വ്വഹിക്കുന്ന തിരക്കുകളിലാണ് ഇപ്പോൾ മാധവന്. ചിത്രത്തില്‍ നമ്പിനാരായണന്റെ വേഷത്തില്‍ എത്തുന്നതും മാധവനാണ്.