/indian-express-malayalam/media/media_files/uploads/2019/06/madhavan-simran-rocketry.jpg)
ആഭ്യന്തരയുദ്ധം നടക്കുന്ന ശ്രീലങ്കയിലേക്ക് തന്റെ അമ്മയെ അന്വേഷിച്ചുപോവുന്ന അമുദ എന്ന പെൺകുട്ടിയേയും അവളെ ജീവനെ പോലെ കരുതി വളർത്തുന്ന തിരുച്ചെൽവൻ- ഇന്ദിര ദമ്പതികളെയും സിനിമാപ്രേക്ഷകർക്ക് അത്രയെളുപ്പം മറക്കാനാവില്ല. 2002 ൽ റിലീസിനെത്തിയ 'കന്നത്തിൽ മുത്തമിട്ടാൽ' എന്ന ചിത്രത്തെ അതിമനോഹരമാക്കിയതിത് മാധവനും സിമ്രനും പിഎസ് കീർത്തന എന്ന ബാലതാരവും നന്ദിതാദാസും ചേർന്നായിരുന്നു.
പ്രേക്ഷകരുടെ ഇഷ്ടം കവർന്ന മാധവൻ- സിമ്രാൻ ഭാഗ്യജോഡികൾ 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്ക്രീനിൽ ഒന്നിക്കുകയാണ്. നമ്പി നാരായണന്റെ ജീവിതകഥയെ ആസ്പദമാക്കി മാധവൻ സംവിധാനം ചെയ്യുന്ന 'റോക്കറ്ററി' എന്ന ചിത്രത്തിലാണ് സിമ്രാനും മാധവനും ഒന്നിച്ചെത്തുന്നത്. മാധവൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിശേഷം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ നമ്പി നാരായണന്റെ ഭാര്യയുടെ വേഷമാണ് സിമ്രാൻ അവതരിപ്പിക്കുന്നത്.
15 years later . Thiru and Indira turn into Mr. & Mrs. Nambi Narayanan. #rocketryfilm@ActorMadhavan#actormaddy#rocketrythenambieffect#15yearslaterhttps://t.co/lwZItkh9fa
— Ranganathan Madhavan (@ActorMadhavan) June 15, 2019
കുറച്ചേറെ മാസങ്ങളായി നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ‘റോക്കറ്ററി: ദ നമ്പി എഫക്റ്റ്’ എന്ന ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിൽ ആണ് മാധവൻ. റോക്കറ്ററി’യിൽ ഐ എസ് ആർ ഒ ശാസ്ത്രഞ്ജനായ നമ്പി നാരായണനായാണ് മാധവൻ അഭിനയിക്കുന്നത്. നമ്പി നാരായണന്റെ ലുക്ക് ലഭിക്കുന്നതിനു വേണ്ടിയാണ് മാധവൻ താടി നീട്ടി വളർത്തിയതും. ഇപ്പോൾ താടിയും മീശയും വടിച്ചതും ചിത്രത്തിനു വേണ്ടി തന്നെയാണ് എന്ന സൂചനകളാണ് താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് നൽകുന്നത്. നമ്പി നാരായണന്റെ ചെറുപ്പക്കാലമാണ് ഇനി ചിത്രീകരിക്കാൻ ഉള്ളതെന്നാണ് സിനിമയെ കുറിച്ച് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മാധവന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ‘റോക്കറ്ററി’.
ഐഎസ്ആർഒ ചാരക്കേസില്‍ പ്രതിയായി മുദ്രകുത്തപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നരായണന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ‘റോക്കറ്ററി’ തനിക്ക് ഒരു ബാധ പോലെയായിരുന്നുവെന്നാണ് മാധവന്‍ തന്നെ മുൻപു പറഞ്ഞിട്ടുണ്ട്. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ആനന്ദ് മഹാദേവന്‍ നമ്പി നാരായണനെക്കുറിച്ച് തന്നോടു പറഞ്ഞപ്പോള്‍ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ജയിലില്‍ കിടക്കുക വഴി കടുത്ത അനീതിക്കിരയായ ഒരു മനുഷ്യന്റെ കഥയായാണ് തനിക്ക് അനുഭവപ്പെട്ടതെന്നും മാധവന്‍ പറഞ്ഞു.
“അതിനു ശേഷം ഞാന്‍ ഈ സിനിമയ്ക്ക് തിരക്കഥയെഴുതാന്‍ ആരംഭിച്ചു. ഏഴുമാസമെടുത്താണ് ഞാന്‍ അത് പൂര്‍ത്തിയാക്കിയത്. തിരക്കഥയുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഞാന്‍ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. അപ്പോഴൊക്കെ അദ്ദേഹം തന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കാറേ ഇല്ലായിരുന്നു. പിന്നീടാണ് ഞാന്‍ തിരിച്ചറിഞ്ഞത് ഞാന്‍ ചോദിച്ചതു മുഴുവന്‍ അദ്ദേഹത്തിന്റെ കേസിനെ കുറിച്ചായിരുന്നു, അത് നീതിയല്ലെന്ന്. ചിലപ്പോഴൊക്കെ ഒരു മനുഷ്യനോട് ചെയ്യുന്ന തെറ്റ് ഒരു ജനതയോട് തെറ്റ് ചെയ്യുന്നതിന് തുല്യമാണെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് നീതി വാങ്ങിക്കൊടുക്കുന്നതിലൂടെ ഈ രാജ്യത്തിനോട് തന്നെയാണ് നാം നീതി പുലര്‍ത്തുന്നത്. അതുകൊണ്ട് ഏഴുമാസത്തോളം എഴുതിയ തിരക്കഥ ഞാന്‍ വലിച്ചെറിഞ്ഞു. പിന്നീട് ഒന്നര വര്‍ഷമെടുത്താണ് പുതിയ തിരക്കഥ എഴുതിയത്. ആനന്ദ് മഹാദേവനും മറ്റുള്ളവര്‍ക്കുമൊപ്പം ചേര്‍ന്നാണ് അത് പൂര്‍ത്തിയാക്കിയത്,” ചിത്രത്തിലേക്കുള്ള യാത്രയെ കുറിച്ച് മാധവൻ പറഞ്ഞതിങ്ങനെ.
“എനിക്കുറപ്പാണ് രാജ്യത്തെ 95 ശതമാനം ആളുകള്‍ക്കും നമ്പി നാരായണന്‍ ആരെന്ന് അറിയില്ല. അത് തീര്‍ച്ചയായും ഒരു ക്രൈമാണെന്ന് ഞാന്‍ കരുതുന്നു. ഇനി അറിയാവുന്ന ബാക്കി അഞ്ച് ശതമാനം ആളുകള്‍ക്ക് അദ്ദേഹത്തിന്റെ മുഴുവന്‍ കഥയും എന്തെന്ന് അറിയില്ല,” മാധവന്റെ ഈ വാക്കുകൾ തന്നെയാണ് ‘റോക്കറ്ററി’ എന്ന ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതും.
Read more: ഒടുവിൽ അമ്മ പറഞ്ഞതു കേട്ടു; രണ്ടു വർഷത്തിനു ശേഷം താടി വടിച്ച് മാധവൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.