ദക്ഷിണേന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നടനാണ് ആരാധകർ മാഡി എന്ന് സ്നേഹത്തോടെ വിളിക്കുന്ന മാധവൻ. മഹാരാഷ്ട്ര ടീമിനായി മകൻ വിജയം സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് താരം.
“മഹാരാഷ്ട്രയ്ക്കു വേണ്ടി രണ്ടു ട്രോഫികൾ അവർ നേടി. ആൺകുട്ടികളുടെ വിഭാഗം നീന്തൽ മത്സരത്തിൽ ഒരു ട്രോഫിയും ഖേലോ ഗെയിംസിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി” മാധവൻ കുറിച്ചു. താരത്തിന്റെ മകൻ വേദാന്ത് അഞ്ച് സ്വർണ്ണവും രണ്ടും വെള്ളിയും സ്വന്തമാക്കി. വിജയം ആഘോഷിക്കുന്ന വേദാന്തിനെ ചിത്രങ്ങളിൽ കാണാം.
കോപ്പൻഹേഗനിൽ നടന്ന ഡാനിഷ് ഓപ്പൺ നീന്തൽ ചാമ്പ്യൻഷിപ്പിൽ വേദാന്ത് ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വർണം നേടിയിരുന്നു. 800 മീറ്റർ ഫ്രീസ്റ്റൈൽ മത്സരത്തിലായിരുന്നു നേട്ടം.
ഇതിനു മുൻപും വേദാന്ത് നീന്തൽ കുളത്തിൽ നേട്ടങ്ങൾ കൊയ്തിട്ടുണ്ട്.2021ൽ ബംഗളൂരുവിൽ നടന്ന 47ാമത് ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മഹാരാഷ്ട്രക്ക് വേണ്ടി നാല് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഈ പതിനേഴുകാരൻ സ്വന്തമാക്കിയത്.
നീന്തലിലുള്ള മകന്റെ കഴിവിനെ കുറിച്ച് മുൻപും മാധവൻ പല അവസരങ്ങളിലും സംസാരിച്ചിട്ടുണ്ട്. മകനെ സംബന്ധിച്ച് എപ്പോഴും പിന്തുണയ്ക്കും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാന്നിധ്യം കൂടിയാണ് മാധവൻ എന്ന അച്ഛൻ.