ദക്ഷിണേന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നടനാണ് ആരാധകർ മാഡി എന്ന് സ്നേഹത്തോടെ വിളിക്കുന്ന മാധവൻ. മാധവന്റെ മകൻ വേദാന്തും ഇന്ന് വലിയ താരമാണ്. സിനിമയിലെ പ്രകടനം കൊണ്ടല്ല, നീന്തൽ കുളത്തിലെ നേട്ടങ്ങൾ കൊണ്ടാണ് വേദാന്ത് താരമായി മാറിയിരിക്കുന്നത്. കോപ്പൻഹേഗനിൽ നടന്ന ഡാനിഷ് ഓപ്പൺ നീന്തൽ ചാമ്പ്യൻഷിപ്പിൽ വേദാന്ത് ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വർണം നേടിയിരുന്നു.
ഇപ്പോൾ, 1500 മീറ്റർ ഫ്രീസ്‌റ്റൈലിൽ ദേശീയ ജൂനിയർ റെക്കോർഡ് തകർത്തിരിക്കുകയാണ് വേദാന്ത്. മുൻജേതാവ് അദ്വൈതിന്റെ 16 മിനിറ്റ് എന്ന റെക്കോർഡാണ് വേദാന്ത് തകർത്തത്. ജൂനിയർ നാഷണൽ അക്വാട്ടിക്സിൽ മകൻ നേടിയ റെക്കോർഡിനെ അഭിനന്ദിച്ചുകൊണ്ട് മാധവൻ ട്വീറ്റ് ചെയ്തു.
അക്വാട്ടിക് മീറ്റിലെ വേദാന്ത് മുന്നേറുന്ന വീഡിയോ ആണ് മാധവൻ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ പശ്ചാത്തലത്തിൽ കമന്റേറ്ററുടെ വോയ്‌സ്‌ഓവറും കേൾക്കാം. “ഏകദേശം 16 മിനിറ്റിനുള്ളിൽ, 780 മീറ്ററിൽ അദ്ദേഹം അദ്വൈതിന്റെ റെക്കോർഡ് തകർത്തു, പക്ഷേ അവൻ തന്റെ വേഗത മനോഹരമായി ഉയർത്തി, അവൻ അത് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല,” കമന്ററി ഇങ്ങനെ.
ഒരു പ്രൊഫഷണൽ നീന്തൽ താരമാണ് വേദാന്ത്. കോപ്പൻഹേഗനിൽ നടന്ന 2022 ലെ ഡാനിഷ് ഓപ്പണിൽ നീന്തലിലും വേദാന്ത് സ്വർണം നേടിയിരുന്നു. മകന്റെ വിജയങ്ങൾ അഭിമാനത്തോടെ മാധവൻ തന്റെ സമൂഹമാധ്യമങ്ങളിൽ രേഖപ്പെടുത്താറുണ്ട്. നേരത്തെ ബ്രൂട്ടിന് നൽകിയ അഭിമുഖത്തിൽ, ആളുകൾ തന്റെ മകനെക്കുറിച്ച് സംസാരിക്കാനാണ് വരുന്നതെന്നും തന്റെ സിനിമകളെക്കുറിച്ചല്ലെന്നും മാധവൻ തമാശയായി പറഞ്ഞിരുന്നു.
“എനിക്ക് ഇപ്പോൾ ശരിക്കും അസൂയ തോന്നുന്നു, കാരണം മുംബൈയിലെ റോഡിൽ ആളുകളെ എന്നെ കണ്ട് പുഞ്ചിരിയോടെ അടുത്തേക്ക് വരുമ്പോൾ എന്റെ റോക്കട്രിയെ അഭിനന്ദിക്കാനാണെന്ന് ഞാൻ കരുതുന്നു, പക്ഷേ അവർ എന്റെ മകനെ കുറിച്ചാണ് സംസാരിക്കുന്നത്. അതുകണ്ട് എന്റെ സഹായികൾ ചിരിക്കുന്നു.”
ദുബായിലേക്ക് മാറാനും ഒളിമ്പിക്‌സിലെ പരിശീലനത്തിന് വേദാന്തിനെ പിന്തുണയ്ക്കാനും തനിക്ക് അവസരം ലഭിച്ചതും നന്ദിയോടെ മാധവൻ പരാമർശിച്ചു.