scorecardresearch

‘റോക്കറ്ററി’ നഷ്ടം നികത്താൻ മാധവൻ വീട് വിറ്റോ?

100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവെന്നായിരുന്നു റിപ്പോർട്ടുകൾ

‘റോക്കറ്ററി’ നഷ്ടം നികത്താൻ മാധവൻ വീട് വിറ്റോ?

ഐഎസ്ആർഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി നടൻ മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ‘റോക്കറ്ററി’. മാധവന്റെ ട്രൈ കളർ ഫിലിംസും മലയാളിയായ ഡോക്ടർ വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചേഴ്സും ചേർന്ന ബാനറിലാണ് ചിത്രം നിർമ്മിച്ചത്. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവെന്നായിരുന്നു റിപ്പോർട്ടുകൾ.

ഇപ്പോഴിതാ, റോക്കറ്ററി മൂലമുണ്ടായ നഷ്ടം നികത്താൻ മാധവൻ വീട് വിറ്റെന്നാണ് ഒരു ലിങ്ക്ഡിൻ യൂസർ അവകാശപ്പെട്ടിരിക്കുന്നത്. എന്നാൽ, മാധവൻ ഈ വാദത്തെ തള്ളിയിട്ടുണ്ട്. ഇത് അസത്യമാണെന്നും ‘റോക്കറ്ററി’ എല്ലാവരും ഇഷ്ടപ്പെട്ട സിനിമയാണെന്നും ചിത്രം ലാഭകരമാണെന്നുമാണ് മാധവൻ ട്വീറ്റ് ചെയ്തത്. ലിങ്ക്ഡിൻ പോസ്റ്റ് ഉൾപ്പെടെയായിരുന്നു മാധവന്റെ ട്വീറ്റ്.

”എന്റെ വീടോ മറ്റൊന്നുമോ എനിക്ക് നഷ്ടപ്പെട്ടില്ല. വാസ്തവത്തിൽ, റോക്കറ്ററിയിൽ ഭാഗമായ എല്ലാവരും ഈ വർഷം വളരെ അഭിമാനത്തോടെ വലിയ തുക ആദായനികുതി അടയ്ക്കും. ദൈവകൃപയാൽ ഞങ്ങൾ എല്ലാവരും വളരെ വലിയ ലാഭം ഉണ്ടാക്കി. ഞാൻ ഇപ്പോഴും എന്റെ വീട്ടിൽ സന്തോഷത്തോടെ ജീവിക്കുന്നു,” ഇതായിരുന്നു മാധവന്റെ ട്വീറ്റ്.

മാധവൻ ആദ്യമായി സംവിധായകനായ ചിത്രമാണ് ‘റോക്കറ്ററി’. ആനന്ദ് മഹാദേവനെ ആയിരുന്നു ആദ്യം സിനിമയുടെ സംവിധായകനായി തീരുമാനിച്ചത്. എന്നാൽ, കാരണമെന്തെന്ന് വെളിപ്പെടുത്താതെ അദ്ദേഹം ചിത്രത്തിൽനിന്നും പിന്മാറി, പിന്നീട് മാധവൻ ചിത്രം സംവിധാനം ചെയ്യുകയായിരുന്നു.

ബോക്സോഫിസിൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ, അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പാനീസ് തുടങ്ങിയ ഭാഷകളിലാണ് ചിത്രം എത്തിയത്. തമിഴ്, ഹിന്ദി പതിപ്പുകളിൽ സൂര്യയും ഷാരൂഖ് ഖാനും അതിഥി വേഷത്തിൽ എത്തിയിരുന്നു. സിമ്രാൻ ആണ് ചിത്രത്തിൽ മാധവന്റെ നായിക.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Madhavan quashes rumours that he sold his house to fund rocketry