ഗൗതം വാസുദേവ് മോനോന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് വിണ്ണെ താണ്ടി വരുവായ. കാർത്തിക്കിന്റെയും ജെസിയുടെയും പ്രണയം പറഞ്ഞ ചിത്രം വൻ ഹിറ്റായിരുന്നു. കാർത്തിക്കായി ചിമ്പുവും ജെസ്സിയായി തൃഷയുമാണ് ചിത്രത്തിൽ വേഷമിട്ടത്. ചിമ്പുവിന്റെ കരിയറിനെ തന്നെ മാറ്റി മറിച്ച ചിത്രം കൂടിയായിരുന്നു വിടിവി. എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുമ്പോൾ അതിൽ ചിമ്പു ഇല്ലെന്നാണ് സംവിധായകൻ ഗൗതം പറഞ്ഞിരിക്കുന്നത്.

വിടിവി 2 വിൽ മാധവനാണ് കാർത്തിക്കിനെ അവതരിപ്പിക്കുന്നത്. മാധവനു പുറമേ പുനീത് രാജ്കുമാറും, ടൊവിനോ തോമസും സിനിമയിലുളളതായി ഗൗതം മേനോൻ സ്ഥിരീകരിച്ചിട്ടുണ്ട്. അനുഷ്കയാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളിൽ ഒരാൾ.

വിണ്ണെ താണ്ടി വരുവായ 2010 ലാണ് റിലീസ് ആയത്. 8 വർഷങ്ങൾക്കുശേഷമാണ് ചിത്രന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നത്. കാർത്തിക്കിന്റെയും അയാളുടെ സുഹൃത്തുക്കളുടെയും കഥയാണ് വിടിവി 2 വിൽ പറയുന്നതെന്നാണ് വിവരം.

നിലവിൽ രണ്ടു പ്രോജക്ടുകളുടെ തിരക്കിലാണ് ഗൗതം. വിക്രമിന്റെ ധ്രുവനക്ഷത്തിരം, ധനുഷിന്റെ എന്നെ നോക്കി പായും തോട്ട. ധ്രുവനക്ഷത്തിരത്തിൽ ഐശ്വര്യ, ആൻഡ്രിയ ജെർമിയ, റിതു വർമ്മ എന്നീ 3 നായികമാരാണുളളത്. ധനുഷിന്റെ എന്നെ നോക്കി പായും തോട്ടയിൽ മേഘ ആകാശാണ് നായിക. ഈ സിനിമയിലെ പാട്ടുകൾ ഇതിനോടകം തന്നെ ഹിറ്റായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ