നമ്പി നാരായണന്റെ ജീവിതക്കഥയെ ആസ്പദമാക്കിയൊരുങ്ങുന്ന ബയോപിക് ചിത്രമായ ‘റോക്കറ്ററി: ദ നമ്പി എഫക്റ്റ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഏറെ നാളുകളുടെ ഗവേഷണത്തിനും ചർച്ചകൾക്കും ശേഷം സിനിമയുടെ ചിത്രീകരണം തുടങ്ങുമ്പോൾ ഏവരും പ്രതീക്ഷകളോടെയാണ് ചിത്രത്തെ ഉറ്റുനോക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ വിശേഷങ്ങൾക്ക് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നതും. നമ്പി നാരായണന്റെ ലുക്ക് ലഭിക്കാനുള്ള മണിക്കൂറുകൾ നീണ്ട മേക്കപ്പ് സെക്ഷന്റെ വീഡിയോയാണ് മാധവൻ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

രണ്ടുവർഷമെടുത്താണ് നമ്പി നാരായണൻ എന്ന കഥാപാത്രത്തെ താൻ മനസ്സിലാക്കിയതെങ്കിൽ ആ ലുക്ക് അതുപോലെ ലഭിക്കാനായി 14 മണിക്കൂറോളമാണ് മേക്കപ്പിനായി ചെലവഴിക്കുന്നത് എന്നാണ് മാധവൻ പറയുന്നത്. ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണനെന്ന കഥാപാത്രത്തിന് ജീവൻ നൽകുന്നതിനൊപ്പം തന്നെ ചിത്രത്തിന്റെ സഹസംവിധായകനായും മാധവൻ പ്രവർത്തിക്കുന്നുണ്ട്. ചിത്രത്തിൽ നായിക ഇല്ലെന്ന് മുൻപ് മാധവൻ വെളിപ്പെടുത്തിയിരുന്നു. നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്റെ ജീവിതത്തെയും അദ്ദേഹം ജയിലിൽ കഴിഞ്ഞ നാളുകളിലേക്കും മാത്രമാണ് സിനിമ ഫോക്കസ് ചെയ്യുന്നതെന്ന് മാധവൻ വ്യക്തമാക്കിയിരുന്നു. വിവിധ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡിലെയും തമിഴകത്തെയും തെലുങ്ക് ഇൻഡസ്ട്രിയിലെയും മുൻനിരതാരങ്ങളും അണിനിരക്കുന്നുണ്ട്.

“ചിലപ്പോഴൊക്കെ ഒരു മനുഷ്യനോട് ചെയ്യുന്ന തെറ്റ് ഒരു ജനതയോട് തെറ്റ് ചെയ്യുന്നതിന് തുല്യമാണെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് നീതി വാങ്ങിക്കൊടുക്കുന്നതിലൂടെ ഈ രാജ്യത്തിനോട് തന്നെയാണ് നാം നീതി പുലര്‍ത്തുന്നത്. അതുകൊണ്ട് ഏഴുമാസത്തോളം എഴുതിയ തിരക്കഥ ഞാന്‍ വലിച്ചെറിഞ്ഞു. പിന്നീട് ഒന്നര വര്‍ഷമെടുത്താണ് പുതിയ തിരക്കഥ എഴുതിയത്. ആനന്ദ് മഹാദേവനും മറ്റുള്ളവര്‍ക്കുമൊപ്പം ചേര്‍ന്നാണ് അത് പൂര്‍ത്തിയാക്കിയത്,” തിരക്കഥയെഴുത്തിനെ കുറിച്ച് മാധവൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ. “എനിക്കുറപ്പാണ് രാജ്യത്തെ 95 ശതമാനം ആളുകള്‍ക്കും നമ്പി നാരായണന്‍ ആരെന്ന് അറിയില്ല. അത് തീര്‍ച്ചയായും ഒരു ക്രൈമാണെന്ന് ഞാന്‍ കരുതുന്നു. ഇനി അറിയാവുന്ന ബാക്കി അഞ്ച് ശതമാനം ആളുകള്‍ക്ക് അദ്ദേഹത്തിന്റെ മുഴുവന്‍ കഥയും എന്തെന്ന് അറിയില്ല,” മാധവന്‍ കൂട്ടിച്ചേർക്കുന്നു.

Read more: ഒരു മനുഷ്യനോട് ചെയ്യുന്ന തെറ്റ് ഒരു ജനതയോട് തെറ്റ് ചെയ്യുന്നതിന് തുല്യമാണ്; നമ്പി നാരായണനെ കുറിച്ച് മാധവൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ