ഇരുപത്തിരണ്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ് നടൻ മാധവനും ഭാര്യ സരിതയും. പരസ്പരം ആശംസകൾ കൈമാറികൊണ്ടുള്ള ഇരുവരുടെയും സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നു. “ഈ വർഷങ്ങളിലത്രയും എന്നെ അതീവ വിസ്മയത്തിലും സ്നേഹത്തിലും സൂക്ഷിച്ചതിന് നന്ദി. ആശംസകൾ പൊണ്ടാട്ടി, ഇനിയും ഏറെ മുന്നോട്ട്….,” എന്നാണ് മാധവൻ കുറിക്കുന്നത്.
അതേസമയം, മാധവന് ഒപ്പമുള്ള ഒരു പഴയകാലചിത്രം പങ്കുവയ്ക്കുകയാണ് സരിത. “22 വർഷങ്ങൾ, നീയിപ്പോഴും എന്റെയുള്ളിലെ കുട്ടിത്തം പുറത്തെടുക്കുന്നു. ആശംസകൾ ഹണീ, ഒരുപാട് സ്നേഹം,” മാധവന് സരിതയുടെ ആശംസയിങ്ങനെ.
ബിപാഷ ബസു, ദിയ മിർസ, ഷമിത ഷെട്ടി തുടങ്ങിയ താരങ്ങളും ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്.
Read more: കുട്ടികൾക്ക് സൗജന്യ ക്ലാസെടുത്ത് സരിത, അവൾക്ക് മുന്നിൽ ഞാൻ എത്ര ചെറുതെന്ന് മാധവൻ
1991ൽ മഹാരാഷ്ട്രയില്‍ വച്ചു നടന്ന പബ്ലിക് സ്പീക്കിങ് വര്‍ക്ക്‌ഷോപ്പിനിടെയാണ് മാധവനും സരിതയും പരിചയപ്പെടുന്നത്. പിന്നീട് സരിത എയർ ഹോസ്റ്റസ് ആകുകയായിരുന്നു. അതിനു ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. മാധവനും സരിതയും 1999 ലായിരുന്നു വിവാഹിതരായത്. ഇവർക്ക് വേദാന്ത് എന്ന മകനുണ്ട്.
വിവാഹശേഷം 2000ത്തിലാണ് മാധവന്‍ ആദ്യമായി നായകനായ മണിരത്‌നം ചിത്രം ‘അലൈപായുതേ’ റിലീസാകുന്നത്. ആദ്യചിത്രത്തിലൂടെ തന്നെ മാധവൻ തെന്നിന്ത്യ മുഴുവന്‍ ആരാധിക്കുന്ന താരമായി.
മാധവന്റെ മിക്ക ചിത്രങ്ങളിലും കോസ്റ്റ്യൂം ഡിസൈനറായി സരിത പ്രവര്‍ത്തിച്ചിരുന്നു.