കോവിഡ് കാലം മലയാളസിനിമയ്ക്ക് വിയോഗങ്ങളുടെ കാലം കൂടിയാണ്. നിരവധിയേറെ പ്രതിഭകളാണ് കോവിഡ് കാലത്ത് വിട പറഞ്ഞിരിക്കുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ മരണവാർത്തയാണ് ഇന്നലെ രാത്രി മലയാളികളെ തേടിയെത്തിയത്. ഇന്നിതാ, എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ മാടമ്പ് കുഞ്ഞിക്കുട്ടനും യാത്രയായിരിക്കുന്നു.
മാടമ്പിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയാണ് സിനിമാലോകം. “മാടമ്പ് കുഞ്ഞുകുട്ടൻ സാറിന് ആദരാഞ്ജലികൾ. സോഷ്യൽ മീഡിയ ടൈംലൈനുകൾ ചരമക്കോളം പോലെ കണ്ടു തുടങ്ങിയിരിക്കുന്നു, വിട പറഞ്ഞവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രാർത്ഥനകൾ, കൂടാതെ ഈ കാലം വേഗത്തിൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,” എന്നാണ് പൃഥ്വിരാജ് കുറിക്കുന്നത്.

മഞ്ജു വാര്യർ, മനോജ് കെ ജയൻ, ഗിന്നസ് പക്രു എന്നിവരും സോഷ്യൽ മീഡിയയിൽ മാടമ്പിന് ആരദാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.
“പ്രശസ്തനായ എഴുത്തുകാരൻ, നടൻ, ബഹുമുഖ പ്രതിഭ.. ശ്രീ മാടമ്പ് കുഞ്ഞിക്കുട്ടൻ അന്തരിച്ചു. എന്നും നല്ല സിനിമകളുടെ ഭാഗമായി നിൽക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ഇന്നലെയും കൂടി അദ്ദേഹത്തിൻ്റെ കാര്യം സംസാരിച്ചിരുന്നു. പുതിയ ചിത്രത്തിൽ അദ്ദേഹം ഒരു റോളിൽ വരുന്നതിനെ കുറിച്ച്, തികച്ചും ആകസ്മികം. ആദരാജ്ഞലികൾ… പ്രണാമം,” മനോജ് കെ ജയൻ കുറിക്കുന്നു.
കോവിഡ് ബാധയെ തുടർന്നായിരുന്നു മാടമ്പിന്റെ മരണം. ഏറെനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം പനിയെ തുടർന്ന് തൃശൂർ അശ്വിനി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
Read more: എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു