ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള പ്രഥമ മാക്ട സദാനന്ദ പുരസ്കാരം സംവിധായകൻ സക്കരിയയ്ക്ക്. ‘സുഡാനി ഫ്രം നെെജീരിയ’ എന്ന ചിത്രമാണ് സക്കരിയയെ പുരസ്കാരത്തിന് അർഹനാക്കിയത്. നവംബര്‍ മൂന്നിന്, മാക്ടയുടെ വിമെന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലിൽ സമാപന ചടങ്ങില്‍ വെച്ച് പുരസ്കാരം സമ്മാനിക്കും. പതിനായിരത്തിയൊന്ന് രൂപയും മൊമെന്റോയും അടങ്ങുന്നതാണ് മാക്ട സദാനന്ദ പുരസ്കാരം.
മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മാക്ട (മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന്) ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ‘മാക്ട സദാനന്ദ പുരസ്കാരം’ എന്ന പേരില്‍ എല്ലാ വര്‍ഷവും ഒരു പുതിയ പുരസ്കാരം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടുന്ന വ്യക്തിയ്ക്കാണ് മാക്ട സദാനന്ദ പുരസ്കാരം ലഭിക്കുക എന്നും എക്സിക്യൂട്ടീവ് കമ്മിറ്റി വ്യക്തമാക്കുന്നു.
അടുത്തിടെ അന്തരിച്ച പള്ളുരുത്തി അക്കേരി പറമ്പില്‍ എ ആര് സദാനന്ദ പ്രഭുവിന്റെ ഓര്‍മ്മയ്ക്കായി മകന് എ എസ് ദിനേശ് ആണ് സദാനന്ദ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ വർഷത്തേക്കുള്ള പുരസ്കാര തുക എ എസ് ദിനേശ്, മാക്ട ചെയര്മാന് ജയരാജ്,സെക്രട്ടറി സുന്ദര്‍ദാസ് എന്നിവര്‍ക്ക് കെെമാറി.
ഇരുപത്തിയഞ്ച് വര്‍ഷമായി ചലച്ചിത്ര പത്രപ്രവര്‍ത്തന രംഗത്തുള്ള ഫിലിം പി ആര് ഒ ആണ് എ എസ് ദിനേശ്. കൂടാതെ മാക്ടയുടെ ട്രഷററും മലയാളം സിനി ടെക്നീഷ്യന്‍സ് കോ ഓപ്പറേറ്റീവ് സൊസെെറ്റിയുടെ വെെസ് പ്രസിഡന്റും കൂടിയാണ്.
Read more: അവാർഡ് മഴയിൽ നനഞ്ഞ് ‘സുഡാനി ഫ്രം നൈജീരിയ’; ഒരുമയുടെ വിജയമെന്ന് സക്കരിയ