സുന്ദരിയാണ് ദീപിക, സിനിമയിലെ മുഖ്യ കഥാപാത്രവുമാണ്. എന്നാല്‍ പത്മാവതിയിലെ രംഗങ്ങള്‍ കണ്ടവരെല്ലാം ഞെട്ടിയത് ദീപികയെ കണ്ടല്ല, തികഞ്ഞ വേഷപ്പകര്‍ച്ചയില്‍ അലാവുദീന്‍ ഖില്‍ജിയായെത്തിയ രണ്‍വീര്‍ സിങ്ങിനെ കണ്ടാണ്‌. ഇന്നലെ റിലീസ് ചെയ്ത സഞ്ജയ്‌ ലീലാ ബന്‍സാലി ചിത്രത്തിന്‍റെ ട്രെയിലറിന് വലിയ സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കുന്നത്. സിനിമാലോകമാകട്ടെ, അതിലെ സ്വപ്ന സമാനമായ കാഴ്ചകള്‍ കണ്ടു വിസ്മയിച്ചിരിക്കുകയാണ്. ഡിസംബര്‍ 1 ന് ചിത്രം റിലീസ് ചെയ്യും.

 

ഡിസംബര്‍ ആകാന്‍ കാത്തിരിക്കാന്‍ വയ്യ എന്നും, സഞ്ജയ്‌ ലീല ബന്‍സാലി ഒരു മാന്ത്രികനാണെന്നും ഈ സിനിമ ഇന്ത്യയുടെ യശസ്സുയര്‍ത്തുമെന്നും ബോളിവുഡിലെ പ്രമുഖര്‍ പ്രതികരിച്ചു. ചിത്രത്തിന് ഭ്രാന്ത് പിടിപ്പിക്കന്ന സൗന്ദര്യമുണ്ടെന്നു ‘ബാഹുബലി’ സംവിധായകന്‍ രാജമൗലി പറഞ്ഞു, രണ്‍വീറിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാനാവുന്നില്ല എന്നും.

അഭിനന്ദനങ്ങള്‍ക്ക് നന്ദി കുറിച്ച് കൊണ്ട് രണ്‍വീര്‍ ഇങ്ങനെ എഴുതി. ‘ഞങ്ങളുടെ ചോരയുടെയും വിയര്‍പ്പിന്റെയം കണ്ണീരിന്റെയും ഫലമാണ് ഈ ചിത്രം. ഇതിന്‍റെ എല്ലാ ക്രെഡിറ്റും സംവിധായകനുള്ളതാണ്. അദ്ദേഹത്തിന്‍റെ പാഷനാണ് ചിത്രത്തെ ഇവിടം വരെ എത്തിച്ചത്. ഇപ്പോള്‍ നിങ്ങള്‍ കണ്ടതിനേക്കാള്‍ കൂടുതല്‍ സൗന്ദര്യമുണ്ട് വരാനിരിക്കുന്ന രംഗങ്ങള്‍ക്ക്. അതിനായി കാത്തിരിക്കൂ’.

Deepika Padukone in Padmavathi

റാണി പദ്മാവതിയായി ദീപിക

‘ഇത്രയും സ്നേഹം കിട്ടാനായി ഞാന്‍ എന്താണ് ചെയ്തിട്ടുള്ളത്. എല്ലാവര്‍ക്കും അകമഴിഞ്ഞ നന്ദി’ ട്രെയിലറിന് പ്രതികരണവുമായി എത്തിയവരോട് ദീപികയ്ക്ക് പറയാനുള്ളത് ഇതാണ്.

ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന പത്മാവതിയുടെ ചിത്രീകരണം പുരോഗമിക്കുന്നു. വരും ദിനങ്ങളില്‍ കൂടുതല്‍ പത്മാവതി മാജിക്‌ പ്രതീക്ഷിക്കാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ