അമരത്തിലെ മുത്തിനെ മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കാൻ വഴിയില്ല. 1989-ൽ നെടുമുടി വേണു സംവിധാനം ചെയ്ത ‘പൂരം’ എന്ന സിനിമയിലൂടെയാണ് മാതു മലയാളചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് മലയാളസിനിമയിലെ ഒട്ടനവധി ഹിറ്റു ചിത്രങ്ങളിലൂടെ ചലച്ചിത്രരംഗത്ത് സജീവമായി. മമ്മൂട്ടി നായകനായി എത്തിയ ‘അമരം’ എന്ന ചിത്രം മാതുവിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളുടെ വേഷമാണ് അവതരിപ്പിച്ചത്.
ബോളിവുഡിലും ഹോളിവുഡിലും അഭിനയിക്കാൻ മോഹമുണ്ടെന്നും അത് മക്കളും പറയാറുണ്ടെന്നാണ് ബിഹൈൻഡ്വുഡ്സ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ മാതു പറഞ്ഞിരിക്കുന്നത്. മലയാളത്തിൽ ദുൽഖറിനും, നിവിൻ പോളിക്കും, സായ് പല്ലവിക്കും ഒപ്പം ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും മാതു പറഞ്ഞു. അമിതാഭ് ബച്ചനെ നായകനാക്കി അമരം ബോളിവുഡിൽ ചെയ്യാനുള്ള ഒരു പ്ലാൻ ഉണ്ടായിരുന്നുവെന്നും എന്നാൽ ചില കാരണങ്ങളാൽ നടന്നില്ലെന്നും മാതു പറഞ്ഞു. മലയാളം, കന്നട, തെലുങ്ക്, തമിഴ് സിനിമകളിൽ വച്ച് തനിക്കേറ്റവും പ്രിയം മലയാളത്തോടാണെന്നും കേരളത്തെ താനേറെ സ്നേഹിക്കുന്നുവെന്നും കുട്ടികൾക്ക് വേണ്ടിയാണ് അമേരിക്കക്കാരിയായതെന്നും മാതു വ്യക്തമാക്കി.
1980 കളിലും 1990 കളിലും മലയാള സിനിമയിൽ സജീവമായിരുന്ന നടിയാണ് മാതു. 1977-ൽ പ്രദർശനത്തിനെത്തിയ സന്നദി അപ്പന്ന എന്ന കന്നട ചിത്രത്തിൽ ബാലതാരമായാണ് മാതു സിനിമയിലേക്ക് എത്തുന്നത്. ആ സിനിമയിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കാർണാടക സർക്കാരിന്റെ പുരസ്കാരം മാതുവിന് കിട്ടിയിരുന്നു.
സിനിമയിലെത്തിയപ്പോൾ മാധവി എന്ന പേര് മാറ്റി മാതുവായി. പിന്നീട് ഡോക്ടർ ജേക്കബുമായുള്ള വിവാഹത്തിന് ശേഷം മീന എന്ന പേരും മാതു സ്വീകരിച്ചിരുന്നു. വിവാഹത്തിന് വേണ്ടി ക്രിസ്തുമതം സ്വീകരിച്ചെന്നായിരുന്നു നടിയെ കുറിച്ച് വന്ന വാർത്തകൾ. എന്നാൽ അങ്ങനെയല്ലെന്ന് പിന്നീട് നടി തന്നെ വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് ശേഷം ഭർത്താവിനൊപ്പം അമേരിക്കയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. 2012-ൽ വിവാഹമോചനം നേടി. 2018 ഫെബ്രുവരിയിൽ വീണ്ടും വിവാഹിതയായി.
സദയം, ആയിരം മേനി, വാചാലം, ഉപ്പുകണ്ടം ബ്രദേഴ്സ്, ഒരു അഭിഭാഷകന്റെ കേസ് ഡയറി, മാട്ടുപ്പെട്ടി മച്ചാൻ, രക്ത സാക്ഷികൾ സിന്ദാബാദ്, സദ്ദേശം, കുട്ടേട്ടൻ, ചെപ്പടി വിദ്യ, ആയുഷ്ക്കാലം , ഏകലവ്യൻ, മലപ്പുറം ഹാജി മഹാനായ ജോജി, രഥോൽസവം തുടങ്ങിയവയാണ് മാതുവിന്റെ പ്രധാന മലയാള ചിത്രങ്ങൾ.
വിവാഹശേഷം സിനിമയിൽ നിന്നും അപ്രത്യക്ഷരാവുന്ന അഭിനേത്രികളുടെ പാത പിൻതുടർന്ന് മലയാളികളുടെ കാഴ്ചവട്ടത്തു നിന്നും മറഞ്ഞ മാതു, 2019 ൽ റിലീസായ ‘അനിയൻകുഞ്ഞും തന്നാലായത്’ എന്ന ചിത്രത്തിലൂടെ 19 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളസിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു.
Read More: നീയാണ് ഞങ്ങൾക്കെല്ലാം; കുഞ്ഞു റയാന് പിറന്നാൾ ആശംസകളുമായി മേഘ്ന