ഏറെ സങ്കടത്തോടെയും ഞെട്ടലോടെയുമാണ് മലയാളം അഭിനേത്രി ചിത്രയുടെ വിയോഗ വാർത്തയോട് സിനിമാ ലോകം പ്രതികരിച്ചത്.
ചിത്രയ്ക്ക് ആദരാഞ്ജലികൾ അർപിച്ചിരിച്തുകൊണ്ടുള്ള ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് ‘അമരം ‘ സിനിമയിൽ ചിത്രയുടെ സഹതാരമായിരുന്ന മാതു. ചലച്ചിത്രമേഖലയിലെ തന്റെ ആദ്യ സുഹൃത്തായിരുന്നു ചിത്ര എന്ന് മാതു ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
“ചിത്രയുടെ കുടുംബത്തെ എന്റെ അനുശോചനം അറിയിക്കുകയാണ്. ചലച്ചിത്രമേഖലയിലെ എന്റെ ആദ്യ സുഹൃത്തായിരുന്നു അവർ. ഒരുപാട് നല്ല ഓർമ്മകൾ ഞങ്ങൾ ഒരുമിച്ച് പങ്കിട്ടു. റെസ്റ്റ് ഇൻ പീസ് ചിത്ര. നിങ്ങൾ അപ്രതീക്ഷിതമായി വിട പറഞ്ഞത് എന്റെ ഹൃദയത്തെ തകർക്കുന്നു. താങ്കളെക്കുറിച്ചുള്ള ഓർമ്മകൾ ഒരിക്കലും ഞങ്ങളെ വിട്ടുപോകില്ല. ഞങ്ങളുടെ ഹൃദയത്തിൽ താങ്ക ദീർഘകാലം ജീവിക്കും. ദൈവം നിങ്ങളുടെ കുടുംബത്തിന് ശാന്തിയും സമാധാനവും നൽകട്ടെ,” മാതു കുറിച്ചു.

ഒരു വടക്കന്‍ വീരഗാഥ, അമരം, നയം വ്യക്തമാക്കുന്നു, അദ്വൈതം, നാടോടി, ഏകലവ്യന്, ദേവാസുരം, കമ്മിഷണര്‍, ആറാം തമ്പുരാന്, ഉസ്താദ് തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിയതായ അഭിനേത്രിയാണ് ചിത്ര.
ചിത്രയുടെ ശ്രദ്ധേയ വേഷങ്ങളിലൊന്നാണ് ‘അമരം’ എന്ന സിനിമയിലെ ചന്ദ്രിക എന്ന കഥാപാത്രം.
എകെ ലോഹിതദാസിന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ‘അമരം’ 1991ലാണ് പുറത്തിറങ്ങിയത്. സിനിമയിൽ മെഗാസ്റ്റാർ മമ്മൂട്ടിയാണ് അച്ചൂട്ടി എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.
Also Read: എന്റെ ശോഭന എന്ത് സുന്ദരിയെന്ന് സുഹാസിനി, സാരി കടം തന്നതിന് നന്ദി എന്ന് ശോഭന
മാതു മമ്മൂട്ടിയുടെ മകളുടെ വേഷമാണ് അഭിനയിച്ചത്. രാധ എന്നായിരുന്നു മാതുവിന്റെ കഥാപാത്രത്തിന്റെ പേരെങ്കിലും മുത്ത് എന്ന വിളിപ്പേരിൽ ആ കഥാപാത്രം അറിയപ്പെട്ടു. അച്ചൂട്ടിയുടെയും രാധയുടെയും അയൽക്കാരിയായിരുന്നു ചന്ദ്രിക.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച ചെന്നൈയിലെ വസതിയിലായിരുന്നു ചിത്ര അന്തരിച്ചത്. 56 വയസ്സായിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നി ഭാഷകളിലായി ചിത്ര നൂറിലധികം ചിത്രങ്ങളുടെ ഭാഗമായി. രജപര്വൈ ആണ് ആദ്യമായി അഭിനയിച്ച സിനിമ. പ്രേം നസീറിനും മോഹന്‍ലാലിനും ഒപ്പം അഭിനയിച്ച് 1983 ല്‍ പുറത്തിറങ്ങിയ ആട്ടക്കലാശമാണ് ശ്രദ്ധ നേടിയ ആദ്യ ചിത്രം.
1975 ല്‍ റിലീസായ കമല്ഹാസന് ചിത്രമായ അപൂര്‍വരാഗങ്ങളിലൂടെ ബാലതാരമായി തമിഴില്‍ അരങ്ങേറി. റസിയ, ഏക് നയി പഹേലി എന്നിവയാണ് അഭിനയിച്ച രണ്ട് ഹിന്ദി സിനിമകള്‍. കന്നഡയില്‍ മൂന്നും തെലുങ്കില്‍ ആറ് ചിത്രങ്ങളുടേയും ഭാഗമായി.