Tamilrockers: ധനുഷിന്റെ മാരി 2 തമിഴ് റോക്കോഴ്സ് ചോർത്തി. സിനിമ റിലീസായി ഏതാനും മണിക്കൂറുകൾ പിന്നിടുമ്പോഴാണ് വ്യാജപതിപ്പ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്ത് തമിഴ് റോക്കേഴ്സ് സിനിമ വ്യവസായത്തിന് വീണ്ടും വെല്ലുവിളി ഉയർത്തിയത്. 2015 ൽ പുറത്തിറങ്ങിയ മാരി സിനിമയുടെ രണ്ടാം ഭാഗമാണ് മാരി 2. ധനുഷിനെ കൂടാതെ സായ് പല്ലവി, ടൊവിനോ തോമസ്, കൃഷ്ണ, വരലക്ഷ്മി ശരത് കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തമിഴ് റോക്കേഴ്സ് അടക്കം 2,000 വ്യാജ വെബ്സൈറ്റുകൾക്കെതിരെ നടപടി എടുത്തിരുന്നു. എന്നാൽ പുതിയ ഡൊമെയ്നുകളിലെത്തി തമിഴ് റോക്കഴ്സ് പുതിയ സിനിമകൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് തുടരുകയാണ്. അടുത്തിടെ റിലീസായ സീതാകാത്തി, അക്വാമാൻ, ഒടിയൻ, 2.0 എന്നീ പുതിയ ചിത്രങ്ങളും തമിഴ് റോക്കേഴ്സ് അപ്‌ലോഡ് ചെയ്തിരുന്നു.

വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽ നിന്നും സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.

തമിഴ് റോക്കേഴ്സിന്റെ യുആർഎൽ സർക്കാർ ബ്ലോക്ക് ചെയ്തിരുന്നുവെങ്കിലും പ്രോക്സി സെർവറുകൾ എളുപ്പത്തിൽ ലഭ്യമാക്കി സൈറ്റ് വീണ്ടും പ്രവർത്തനം തുടങ്ങി. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ (ടിഎഫ്പിസി) ആന്റി പൈറസി സെൽ ഓരോ തവണ സൈറ്റ് ബ്ലോക്ക് ചെയ്യുമ്പോഴും പുതിയ ഡൊമെയ്നുകൾ ഉപയോഗിച്ച് പ്രവർത്തനം തുടങ്ങി തമിഴ് റോക്കേഴ്സ് വെല്ലുവിളിച്ചു.

വട ചൈന്നെയും സണ്ടക്കോഴി 2 വും ലീക്ക് ചെയ്തതോടെയാണ് ടിഎഫ്പിസി തമിഴ് റോക്കേഴ്സിനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങിയത്. ട്വിറ്ററിൽ ബ്ലോക്ക് ചെയ്ത ഡൊമെയ്ൻ പേരുകൾ ഒക്ടോബർ 20 ന് ടിഎഫ്പിസി ഷെയർ ചെയ്തു. ഇതോടെ സിനിമകൾ ഷെയർ ചെയ്യുന്ന തമിഴ് റോക്കേഴ്സിന്റെ വ്യാജ അക്കൗണ്ടുകൾ ട്വിറ്റർ ട്രാക്ക് ചെയ്തു തുടങ്ങി. പക്ഷേ ഇതൊരു താൽക്കാലിക ആശ്വാസം മാത്രമായിരുന്നു. അധികം വൈകാതെ തമിഴ് റോക്കേഴ്സ് മടങ്ങിയെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook