തിരുവനന്തപുരത്തെ വിമൻസ് കോളേജ് ഇലക്ഷനിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച ഒരു പെൺകുട്ടിയെ എടുത്തുയർത്തുന്ന സഹപാഠികൾ. കോളേജ് ഇലക്ഷനിൽ മത്സരിച്ച് വിജയിച്ച ആ പെൺകുട്ടി ഇന്ന് മലയാള സിനിമയ്ക്ക് സുപരിചിതയാണ്. നടി മാലാ പാർവ്വതിയാണ് ആ പെൺകുട്ടി. 31 വർഷം പഴക്കമുള്ളൊരു ഓർമ പങ്കുവയ്ക്കുകയാണ് മാലാ പാർവ്വതി.
“1989 ഇലക്ഷൻ. തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ എസ്എഫ്ഐ യുടെ പാനൽ മുഴുവൻ ജയിച്ചതിന് ശേഷം എടുത്ത ചിത്രം. എസ്എഫ്ഐ പാനലിൽ സ്ഥാനാർത്ഥികളെ മൽസരിപ്പിച്ചത് ആദ്യമായിട്ടായിരുന്നു. അതിന് മുമ്പുള്ള ഇലക്ഷനുകളിൽ രാഷ്ട്രീയം വിമൻസ് കോളേജിൽ പരസ്യപ്പെടുത്തിയിരുന്നില്ല. ഈ ചിത്രം ഒരുപാട് ഓർമ്മകൾ മനസ്സിൽ നിറയ്ക്കുന്നു,” ഫേസ്ബുക്ക് പോസ്റ്റിൽ മാലാപാർവ്വതി പറയുന്നു. സുദീർഘമായ കുറിപ്പിൽ കലാലയ ഓർമകളും പാർവ്വതി പങ്കുവയ്ക്കുന്നു. “ക്യാംപസും കൂട്ടുകാരും ജീവതത്തിലെ പച്ചപ്പാണ്. ഏത് ലോക്ക് ഡൗൺ കാലത്തും നമ്മുടെ ഞരമ്പുകളെ പച്ചയായി നില നിർത്താൻ അവയ്ക്ക് സാധിക്കും,” എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ടൈം’ എന്ന ചിത്രത്തിലൂടെ 2007 ലാണ് പാർവ്വതി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇമ്മാനുവൽ, ഞാൻ, ഓം ശാന്തി ഓശാന, കൊന്തയും പൂണുലും, ലാൽ ബഹദൂർ ശാസ്ത്രി , ടമാർ പടാർ, ഒരു വടക്കൻ സെൽഫി, സാൾട്ട് മാംഗോ ട്രീ, പാവാട, കരിക്കുന്നം സിക്സസ്, ഒരു കുപ്രസിദ്ധ പയ്യൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സൂത്രക്കാരൻ, ബാവൂട്ടിയുടെ നാമത്തിൽ, നീലത്താമര, ലീല, കന്യക ടാക്കീസ്, ആക്ഷൻ ഹീറോ ബിജു, മുന്നറിയിപ്പ്, ടേക്ക് ഓഫ്, ഗോദ, ലൂസിഫർ, ഇഷ്ക്, ആൻഡ് ദ ഓസ്കാർ ഗോസ്റ്റു, ബ്രദേഴ്സ് ഡേ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, മാമാങ്കം എന്നു തുടങ്ങി അമ്പതിലേറെ സിനിമകളിൽ ഇതിനകം പാർവ്വതി അഭിനയിച്ചു കഴിഞ്ഞു. സിനിമയ്ക്ക് അപ്പുറം നാടകത്തിലും സജീവമായ അഭിനേത്രിയാണ് മാലാ പാർവ്വതി. മയൂരഗീതങ്ങൾ എന്നൊരു പുസ്തകവും മാലാ പാർവ്വതി എഴുതിയിട്ടുണ്ട്.
Read more: എന്റെ പാചകാന്വേഷണ പരീക്ഷണങ്ങൾ; മാലാ പാർവ്വതി പറയുന്നു