നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് നടി രേവതി ഒരു ഫീച്ചർ ഫിലിം സംവിധാനം ചെയ്യുന്നത്. ‘സലാം വെങ്കി’ എന്ന പേരുള്ള ചിത്രം ഹിന്ദിയിലാണ് ഒരുങ്ങുന്നത്. കാജോൾ, വിശാൽ ജേത്വ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ആമിർ ഖാനും ഒരു നിർണ്ണയാക വേഷത്തിൽ എത്തുന്നു. നാളെ (ഡിസംബർ 9) തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നും ഒരു അഭിനേത്രി കൂടിയുണ്ട് – മാലാ പാർവ്വതി. മലയാളം കടന്നു തമിഴിലും തെലുങ്കിലും ഒക്കെ അഭിനയിച്ചതിന്റെ ഒപ്പം ഒരു ബോളിവുഡ് അനുഭവം കൂടി ചേർത്ത് വയ്ക്കാനായതിന്റെ സന്തോഷത്തിലാണ് അവർ.
“രേവതിയെ വളരെ കാലമായി അറിയാം. സിനിമാ സെറ്റിൽ വച്ചും ഫിലിം ഫെസ്റ്റിവലിൽ ജൂറിയായി എത്തുന്ന സമയത്തൊക്കെ കണ്ടിട്ടുണ്ട്. അന്നു മുതലുള്ള സ്നേഹമാണ്. രേവതിക്കൊപ്പം ഞാൻ അഭിനയിച്ചിട്ടില്ല. പക്ഷേ, അവർ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞുവെന്നതാണ് ഏറെ സന്തോഷം തരുന്ന കാര്യമാണ്,” ‘സലാം വെങ്കി’യിലേക്ക് എത്തിയ വഴികളെക്കുറിച്ച് മാലാ പാർവ്വതി പറഞ്ഞു തുടങ്ങി.
“ഒരു കാസ്റ്റിങ് ഏജൻസിയിൽ നിന്നാണ് ആദ്യം എനിക്ക് കോൾ വന്നത്. അതു കഴിഞ്ഞ് അസിസ്റ്റന്റ് ഡയറക്ടർ വിളിച്ചു. ഒരു സ്ക്രിപ്റ്റ് അയച്ചു തന്നു. അത് ഓഡിഷനു വേണ്ടി ഷൂട്ട് ചെയ്ത് അയച്ചു. അതിനു ശേഷമാണ് രേവതി വിളിക്കുന്നത്. വീഡിയോ ഇഷ്ടപ്പെട്ടുവെന്നും ആ കഥാപാത്രത്തിന് ഞാൻ മതിയെന്നും പറഞ്ഞു.”
‘ഫിർ മിലേങ്കെ’ (2004) എന്ന സൽമാൻ ഖാൻ-ശില്പ ഷെട്ടി ചിത്രത്തിന് ശേഷം രേവതി ഹിന്ദിയിൽ സംവിധാനം ചെയ്യുന്ന ‘സലാം വെങ്കി,’ ഡൂഷേൻ മസ്കുലാർ ഡിസ്ട്രോഫി (duchenne muscular dystrophy) എന്ന രോഗാവസഥയിലൂടെ കടന്നു പോകുന്ന ഒരു ചെറുപ്പക്കാരന്റെയും അവന്റെ അമ്മയുടെയും കഥയാണ് പറയുന്നത്. അമ്മയുടെ വേഷത്തിൽ കാജോൾ എത്തുമ്പോൾ മകനായി അഭിനയിക്കുന്നത് വിശാൽ ജേത്വ.
“ഇതിൽ ഒരു മലയാളി നഴ്സായിട്ടാണ് ഞാൻ വേഷമിടുന്നത്. സിസ്റ്റർ ക്ലാര എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്.”
നല്ലൊരു ഇൻസ്പിറേഷണൽ സിനിമയായ ‘സലാം വെങ്കി’യുടെ ഏറ്റവും വലിയ പ്രത്യേകതയായി മാലാ പാർവ്വതി കാണുന്നത് ‘ക്രൂ’വിൽ ധാരാളം സ്ത്രീകൾ ഉണ്ടായിരുന്നു എന്നതാണ്.
“മേക്കപ്പ്മാൻ സ്ത്രീ, ടെക്നീഷ്യൻ സ്ത്രീ തുടങ്ങി എല്ലായിടത്തും സ്ത്രീകളാണ്. സ്ത്രീകൾ ധാരാളമുള്ള ഒരു ക്രൂവിന്റെ കൂടെ ജോലി ചെയ്യാനായത് ഒരു പ്രത്യേക സന്തോഷം തന്നെയാണ്. കൂടാതെ, വളരെ പ്രൊഫെഷണൽ ആയ രീതിയിൽ ആണ് കാര്യങ്ങൾ മുന്നോട്ട് പോയിരുന്നത്. എല്ലാം നമ്മളെ മുൻകൂട്ടി അറിയിക്കും. സീൻ ഏതാണെന്നും ഈ ദിവസം ഈ സീനാണ് ഷൂട്ട് ചെയ്യാൻ പോകുന്നതെന്നും കോസ്റ്റ്യൂം ഏതാണെന്നും തുടങ്ങി എല്ലാ കാര്യങ്ങളും നേരത്തെ പറയും. നമ്മൾ ഡയലോഗ് പഠിച്ച് ചെന്ന് അഭിനയിച്ചാൽ മാത്രം മതി.
ഒട്ടും ‘ജഡ്ജ്മെന്റൽ’ അല്ലാത്ത ഒരു ഗ്രൂപ്പായിരുന്നു. സാധാരണ ഒരു ചെല്ലുമ്പോൾ സെറ്റിൽ അവർക്ക് നമ്മളെ പരിചയമില്ലെങ്കിലും കൂടി ചില മുൻധാരണകളോടെയാണ് പെരുമാറാറുള്ളത്. അത് പലപ്പോഴും എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അതൊട്ടും ഇല്ലാത്ത ഒരു ‘സ്പേസ്’ എനിക്ക് അദ്ഭുതമായിരുന്നു. ഇങ്ങനെയും വർക്ക് ചെയ്യാമല്ലേ, ഇവിടെയൊക്കെ നമ്മളെ മനുഷ്യരായിട്ടാണ് കാണുന്നതെന്ന ഒരു അനുഭവമുണ്ടായി. അവിടെ ആർക്കും ഒരു പരാതിയും ഇല്ല.”
മികച്ച അഭിനേത്രിയും കൂടിയായ രേവതി എന്ന സംവിധായിക അഭിനേതാക്കളെ കൈകാര്യം ചെയ്യുന്ന രീതിയിലും പ്രത്യേകതകൾ ഏറെയുണ്ടെന്നും മാലാ പാർവ്വതി പറഞ്ഞു.
“അഭിനേതാക്കളെ പൂർണമായും മനസിലാക്കുന്ന ഒരാളാണ് രേവതി. വളരെ സെൻസിറ്റീവായ വ്യക്തിയാണ്. സെറ്റിൽ എല്ലാവരോടും സ്നേഹത്തോടെയും ശാന്തതയോടെയുമാണ് പെരുമാറാറുള്ളത്. ഓൺസ്ക്രീനിലായാലും ഓഫ്സ്ക്രീനിലായാലും രേവതി എന്ന കലാകാരി നമ്മളെ അതിശയിപ്പിക്കും.”


ബോളിവുഡിലെ താരമായ കാജോളും, തന്റെ സൗഹൃദ പൂർണ്ണമായ പെരുമാറ്റം കൊണ്ട് തന്നെ അതിശയിപ്പിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
“വളരെ ഫ്രണ്ട്ലിയാണ് കാജോൾ. സെറ്റിൽ കുട്ടികളെ പോലെയാണ്. കളിക്കുകയും തമാശ പറയുകയും ഒക്കെ ചെയ്യുന്ന ഒരാൾ. ഒരു ദിവസം ഷോട്ട് കഴിഞ്ഞ് കട്ട് പറഞ്ഞതും ‘ഭാഗോ’ എന്നു പറഞ്ഞ് ഓടുന്നത് കണ്ടു. കാജോളിന് അന്ന് എവിടെയോ പോകാനുണ്ടായിരുന്നു. കുറച്ച് സമയം വൈകിയതിനാലാണ് കൊച്ചു കുട്ടികളെ പോലെ ഷൂട്ട് കഴിഞ്ഞതും ഓടിയത്. സെറ്റിൽ റിഹേഴ്സൽ കഴിയുമ്പോൾ ഞങ്ങൾ ഓരോരുത്തരും രേവതിയുടെ അടുത്തു പോയിട്ട് കറക്ഷൻ ഉണ്ടോയെന്ന് ചോദിക്കും. ഒരു തവണ മറ്റു അഭിനേതാക്കൾക്കൊപ്പം ഞാനും ക്യൂ നിൽക്കുകയായിരുന്നു. കാജോളിനു തൊട്ടു മുൻപിലായിരുന്നു ഞാൻ. തമാശയ്ക്ക് എന്നെ കൈ കൊണ്ട് ഒരൊറ്റ അടി അടിച്ച് ‘നിങ്ങൾക്ക് കറക്ഷൻ ഒന്നുമില്ല, എല്ലാം കറക്ടാണ്, ഗോ ഗോ’ എന്നു പറഞ്ഞു. ബോളിവുഡിലെ ഇത്രയും വലിയൊരു നടിയാണെന്ന യാതൊരു ഭാവവും കാജോളിന് ഇല്ല. എല്ലാവരോടും വളരെ സൗഹൃദത്തോടെയാണ് പെരുമാറ്റം.”
തീർത്തും ‘അൺഅസ്സ്യൂമിങ്’ ആയ മറ്റൊരു താരത്തെയും കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും മാലാ പാർവ്വതി പങ്കു വച്ചു. ‘സലാം വെങ്കി’യിൽ ഒരു നിർണ്ണായക വേഷത്തിൽ എത്തുന്ന ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ താരപരിവേഷങ്ങൾ ഒന്നും തന്നെയില്ലാതെ, തീർത്തും സാധാരണക്കാരനായി സെറ്റിൽ വന്നിരുന്നതും അവർ ഓർക്കുന്നു.
‘ഒരു ഇമോഷണൽ സീനിലാണ് ആമിർ ഖാൻ വരുന്നത്. ആ സീനിൽ കുറേ അഭിനേതാക്കളുണ്ട്. അവിടെ കറുത്ത വസ്ത്രം ധരിച്ച്, വെളുത്ത ഒരു പുരുഷൻ വരുന്നത് കണ്ടു. അതൊരു ഇമോഷണൽ സീൻ ആയിരുന്നതിനാൽ ഞാൻ അതിനുള്ള തയ്യാറെടുപ്പിലായിരുന്നു, അത് കൊണ്ട് തന്നെ ചുറ്റിലും നടക്കുന്നത് ഒന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല. സീൻ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ എല്ലാവരും ‘ആമിർ, ആമിർ’ എന്നു പറയുമ്പോഴാണ് അത് ആമിർ ഖാൻ ആയിരുന്നോ എന്നു ഞാൻ നോക്കിയത്. അദ്ദേഹത്തെ കണ്ടുവെന്നല്ലാതെ അദ്ദേഹത്തിനോട് സംസാരിക്കാൻ കഴിഞ്ഞില്ല. ആ സീൻ കഴിഞ്ഞതും പെട്ടെന്ന് തന്നെ അദ്ദേഹം പോവുകയായിരുന്നു. ഏറ്റവും ശ്രദ്ധേയമായി തോന്നിയത് അവിടുത്തെ വലിയ താരങ്ങളിൽ ഒരാൾ, ഒരു ബഹളങ്ങളും ഇല്ലാതെ, കൂടെ ജോലി ചെയ്യുന്നവരുടെ പോലും അനാവശ്യ ശ്രദ്ധ പിടിച്ചു പറ്റാതെ വന്നു തന്റെ ജോലി ചെയ്തു പോയി എന്നതാണ്.”
നയൻതാര നായികയായി എത്തുന്ന ‘കണക്ട്’ ആണ് മാലാ പാർവ്വതി അഭിനയിച്ചു അടുത്ത് റിലീസിനൊരുങ്ങുന്ന ചിത്രം. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ‘ആർഡിഎക്സ്’ ആണ് ഷൂട്ടിങ് തുടങ്ങാനിരിക്കുന്ന ചിത്രം. മലയാളത്തിൽ കൃഷന്ത്, ശങ്കർ രാമകൃഷ്ണൻ, ഈസ്റ്റ് കോസ്റ്റ് വിജയൻ തുടങ്ങിവർ സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നുണ്ട് മാലാ പാർവ്വതി.