scorecardresearch
Latest News

എം.എസ്.സുബ്ബുലക്ഷ്മി മുതല്‍ മദ്രാസ്‌ ബീറ്റ്സ് വരെ: രാജീവ്‌ മേനോന്‍റെ സംഗീത സ്വപ്‌നങ്ങള്‍

‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിന് ശേഷം രാജീവ്‌ മേനോന്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചത്‌ എം.എസ്.സുബ്ബലക്ഷ്മിയുടെ ജീവിതം ആസ്‌പദമാക്കിയുള്ള ഒരു ചിത്രമായിരുന്നു. നടക്കാതെപോയ ആ ചിത്രത്തിന് ശേഷം സംഗീത പ്രാധാന്യമുള്ള മറ്റൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ‘സര്‍വ്വം താളമയം’ എന്ന ഈ ചിത്രം ഒരു ഇന്തോ-ഫ്രഞ്ച് കോ പ്രൊഡക്ഷനായിരിക്കും.

എം.എസ്.സുബ്ബുലക്ഷ്മി മുതല്‍ മദ്രാസ്‌ ബീറ്റ്സ് വരെ: രാജീവ്‌ മേനോന്‍റെ സംഗീത സ്വപ്‌നങ്ങള്‍

പതിനെട്ടു വര്‍ഷങ്ങളായി രാജീവ്‌ മേനോന്‍ ഒരു സിനിമ സംവിധാനം ചെയ്തിട്ട്. ഏറ്റവുമൊടുവില്‍ അദ്ദേഹം സംവിധാനം ചെയ്ത മമ്മൂട്ടി, ഐശ്വര്യ റായ്, അജിത്‌, എന്നിവര്‍ അഭിനയിച്ച ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന ചിത്രം വലിയ വിജയം കണ്ടുവെങ്കിലും രാജീവ്‌ മേനോനെ പിന്നീട് സംവിധാന രംഗത്ത്‌ കണ്ടില്ല. തന്‍റെ തട്ടകങ്ങളായ പരസ്യ ചിത്ര സംവിധാനം, ഛായാഗ്രഹണം എന്നിവയിലേക്ക് ശ്രദ്ധ തിരിച്ച രാജീവ്‌ മേനോന്‍ ഒരിടവേളയ്ക്ക് ശേഷം സിനിമാ രംഗത്ത്‌ ചര്‍ച്ചയാകുന്നത് എം.എസ്.സുബ്ബലക്ഷ്മിയെക്കുറിച്ചുള്ള ഒരു ബയോപിക്ക് സംവിധാനം ചെയ്യുന്നു എന്ന് അനൗൺസ് ചെയ്തപ്പോഴാണ്.

വിഖ്യാതയായ കര്‍ണാടക സംഗീതജ്ഞ എംഎസിനെക്കുറിച്ച് പത്രപ്രവര്‍ത്തകന്‍ ടി.ജെ.എസ്.ജോര്‍ജ് എഴുതിയ ‘എംഎസ്: എ ലൈഫ് ഇന്‍ മ്യൂസിക്’ എന്ന പുസ്തകത്തെ ആധാരമാക്കിയുള്ളതായായിരുന്നു രാജീവ്‌ മേനോന്‍റെ ചിത്രം. നിയമപരമായ ചില കാരണങ്ങളാല്‍ ആ ചിത്രം നടന്നില്ല. പിന്നെയും കുറേക്കാലം പരസ്യങ്ങളും ഛായാഗ്രഹണ ജോലികളും ചെന്നൈയിലെ തന്‍റെ ‘മൈന്‍ഡ് സ്ക്രീന്‍ ഫിലിം സ്കൂള്‍’ നടത്തിപ്പുമായുമെല്ലാം രാജീവ്‌, തന്‍റെ സിനിമാ സംവിധാന സ്വപ്നങ്ങളില്‍ നിന്നും അകന്നു തന്നെ തുടര്‍ന്നു.

 

ഇപ്പോള്‍, ‘കണ്ടുകൊണ്ടേന്‍ കണ്ടു കൊണ്ടേനി’ല്‍ നിന്നും പതിനെട്ടു വര്‍ഷങ്ങള്‍ക്കിപ്പുറത്ത്, ‘സര്‍വ്വം താളമയം’ എന്ന ചിത്രം ‘റോള്‍’ ചെയ്തു തുടങ്ങിയിരിക്കുന്നു രാജീവ്‌ മേനോന്‍.

മലയാളത്തില്‍ ‘ഹരികൃഷ്ണന്‍സ്’ എന്ന ചിത്രത്തില്‍ വേഷമിട്ടിട്ടുള്ള രാജീവ്‌ മേനോന്‍റെ പുതിയ ചിത്രത്തില്‍ ഏറെയും മലയാളി താരങ്ങളാണ് അണിനിരക്കുന്നത്. ജി.വി.പ്രകാശ്, അപർണ ബാലമുരളി, നെടുമുടി വേണു, വിനീത്, ദിവ്യദര്‍ശിനി എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ രവി യാദവാണ്. ലതയാണ് നിര്‍മാതാവ്.   സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് എ.ആര്‍.റഹ്മാന്‍.

Rajeev Menon with A R Rahman
രാജീവ്‌ മേനോന്‍, എ.ആര്‍.ഹ്മാന്‍

കടല്‍ കടക്കുന്ന ‘മദ്രാസ് ബീറ്റ്സ്’

പാരിസ് ആസ്ഥാനമായ ഗോസ്റ്റ്സ് സിറ്റി എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നുള്ള ഒരു രാജ്യാന്തര കോ പ്രൊഡക്ഷനാണ് ഇംഗ്ലീഷില്‍ ‘മദ്രാസ് ബീറ്റ്സ്’ എന്ന് പേരിട്ടിരിക്കുന്ന ‘സര്‍വ്വം താളമയം’. ബ്രാഹ്മണര്‍ക്ക് മേല്‍ക്കോയ്മയുള്ള കര്‍ണാടക സംഗീതത്തില്‍ മൃദംഗ വാദകനാകാന്‍ ആഗ്രഹിക്കുന്ന ഒരു കീഴ്ജാതിക്കാരന്‍റെ കഥയാണ് ചിത്രം പറയുന്നത്. എ.ആര്‍.റഹ്മാന്‍റെ അനന്തിരവനും സംഗീത സംവിധായകനുമായ ജി.വി.പ്രകാശ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.

“ഗാനങ്ങളും സംഗീതവും ഇന്ത്യന്‍ സിനിമകളുടെ മുഖമുദ്രയാണ് എന്നിരിക്കെത്തന്നെ, അവയില്‍ പലതും ‘റോം കോം’ (റൊമാന്റിക് കോമഡി) വിഭാഗത്തില്‍ പെട്ടവയാണ്. അവയില്‍ നിന്നും വ്യത്യസ്തമായി തികച്ചും യഥാർത്ഥമായി ചിത്രീകരിക്കുന്ന ഒന്നായിരിക്കും ‘മദ്രാസ്‌ ബീറ്റ്സ്’. സാമൂഹികമായ പ്രതിസന്ധികളെ അതിജീവിച്ച് കര്‍ണാടക സംഗീതത്തിന്‍റെ പണ്ഡിതലോകത്ത് സ്ഥാനമുറപ്പിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥയാണിത്. അതുകൊണ്ട് തന്നെ ചിത്രം സംസാരിക്കുന്നത് പ്രതീക്ഷയെക്കുറിച്ചും പ്രത്യാശയെക്കുറിച്ചുമാണ്.” അടുത്തിടെ നടന്ന കാന്‍ ചലച്ചിത്ര മേളയില്‍ പങ്കെടുക്കവേ സ്ക്രീന്‍ ഇന്റര്‍നാഷണല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാജീവ്‌ മേനോന്‍ പറഞ്ഞു.

Rajeev Menon Sarvam Thaalamayam Pooja
‘സര്‍വ്വം താളമയം’ പൂജ

രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിയ ‘ടിമ്പക്ടു’ എന്ന ചിത്രത്തിലെ സാങ്കേതിക പ്രവര്‍ത്തകരായ നാദിയ ബെന്‍ രാച്ചിദ് (എഡിറ്റിംഗ്), തിയറി ഡിലോര്‍ (സൗണ്ട് മിക്സര്‍) എന്നിവരും രാജീവ്‌ മേനോന്‍റെ ചിത്രത്തില്‍ സഹകരിക്കും.

മുഖ്യാധാരാ തമിഴ് സിനിമയ്ക്ക് വേണ്ടി 125 മിനിറ്റുകളുള്ള ഒരു പതിപ്പും, രാജ്യാന്തര റിലീസുകള്‍ക്ക് വേണ്ടി 111 മിനിറ്റുകളുള്ള ഒരു പതിപ്പും ചിത്രത്തിനുണ്ടാകും.

എംഎസ് എന്ന ചിത്രം

രാജ്യത്തെ സംഗീത പ്രേമികളെ ഉണര്‍ത്തുന്ന ശബ്ദം എന്നൊന്നുണ്ടെങ്കില്‍ അത് എം.എസ്.സുബ്ബുലക്ഷ്മിയുടെ ‘കൗസല്യാ സുപ്രജാ രാമപൂര്‍വ്വാ’ എന്ന് തുടങ്ങുന്ന വെങ്കിടേശ സുപ്രഭാതമാണ്. വിഷ്ണു സഹസ്രനാമം, ത്യാജരാജ ഭാഗവതര്‍, അന്നമാചാര്യ എന്നിവരുടെ കൃതികള്‍, അനേകം മീരാ ഭജനുകള്‍, ആദ്യ കാല സിനിമാ ഗാനങ്ങള്‍ എന്നിവ ആലപിച്ച അനുഗ്രഹീത കലാകാരി. കര്‍ണാടക സംഗീതത്തിന്‍റെ പുകഴ് ലോകമെമ്പാടും എത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചവര്‍. അവരുടെ സംഗീതവും ജീവിതവുമാണ് രാജീവ്‌ മേനോന്‍ ചിത്രമാക്കാന്‍ ഒരുങ്ങിയത്. അദ്ദേഹം ഏറെ സ്വപ്നം കണ്ട ആ ചിത്രം പകുതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.

70 കോടി ബജറ്റില്‍ ഹിന്ദി, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകളിലായാണ് ചിത്രം നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടത്. സംഗീത സംവിധാന ചുമതല എ.ആര്‍.റഹ്മാനായിരുന്നു. 18 വയസു മുതല്‍ 88 വയസു വരെയുള്ള എംഎസിന്‍റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളാണ് തിരശീലയില്‍ അവതരിപ്പിക്കാനായി രാജീവ്‌ മേനോന്‍ തിരഞ്ഞെടുത്തത് ബോളിവുഡ് താരം വിദ്യാ ബാലനെയായിരുന്നു.

M S Subbulakshmi 1
എം.എസ്.സുബ്ബലക്ഷ്മി

താന്‍ ആരാധിക്കുന്ന ഒരു വ്യക്തിത്വമാണ് എംഎസിന്‍റെത് എന്നും ചിത്രത്തിനായി രാജീവ്‌ മേനോന്‍ എഴുതിയ സ്ക്രിപ്റ്റ് തന്നെ വല്ലാതെ ആകര്‍ഷിച്ചു എന്നും വിദ്യാ ബാലന്‍ ഇതോടനുബന്ധിച്ച് നല്‍കിയ ഒരുഭിമുഖത്തില്‍ പറഞ്ഞിരുന്നു.

രാജീവ്‌ മേനോന് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഡോ.സോമപ്രസാദുമായുള്ള അഭിപ്രായ ഭിന്നതകളാണ് ചിത്രം നടക്കാതെ പോയതിന്‍റെ പിന്നില്‍ എന്നും അക്കാലത്തും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

രാജീവ്‌ മേനോനും സംഗീതവും

സംഗീതം, അതിനോടുള്ള ഇഷ്ടം എന്നിവ ജനിതകമായിത്തന്നെ പകര്‍ന്നു കിട്ടിയിട്ടുള്ള കലാകാരനാണ് രാജീവ്‌ മേനോന്‍. മലയാളം ഉള്‍പ്പടെ ധാരാളം ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഗായിക കല്യാണി മേനോനാണ് രാജീവ്‌ മേനോന്‍റെ അമ്മ. നേവിയില്‍ ഓഫീസര്‍ ആയിരുന്ന അച്ഛന്‍റെ പലയിടങ്ങളിലായുള്ള ജോലി മാറ്റങ്ങള്‍ക്കിടയില്‍ അമ്മയില്‍ നിന്നാണ് രാജീവ്‌ സംഗീതത്തിന്‍റെ ആദ്യ പാഠങ്ങള്‍ പഠിച്ചത്.

ജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്ന സംഗീതം പിന്നെ അദ്ദേഹത്തിന്‍റെ സിനിമകളുടേയും അവിഭാജ്യ ഘടകമായി. എ.ആര്‍.റഹ്മാന്‍റെ സംഗീത സംവിധാനത്തിലാണ് രാജീവ്‌ മേനോന്‍റെ രണ്ടു ചിത്രങ്ങളിലെയും (കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, മിന്‍സാരക്കനവ്‌) ഗാനങ്ങള്‍ ഒരുങ്ങിയത്. കര്‍ണാടക സംഗീത രാഗങ്ങള്‍ അധിഷ്ടിതമായ ഗാനങ്ങള്‍ക്കൊപ്പം പാശ്ചാത്യ സംഗീതവും പരീക്ഷണങ്ങളുമെല്ലാം ചേര്‍ത്തിണക്കിയ ഗാനങ്ങളും കവിത പോലുള്ള ദൃശ്യങ്ങളും ചേര്‍ത്ത് രാജീവ്‌ മേനോന്‍ അതിനെ ഓരോന്നിനേയും അവിസ്മരണീയമാക്കുകയും ചെയ്തു.

‘മിന്‍സാര കനവ്‌’ അക്കൊല്ലത്തെ ദേശീയ പുരസ്കാരങ്ങളില്‍ നാലെണ്ണം കരസ്ഥമാക്കി. എ.ആര്‍.റഹ്മാന്‍ (മികച്ച സംഗീത സംവിധായകന്‍), പ്രഭുദേവ (മികച്ച നൃത്ത സംവിധായകന്‍), എസ്.പി.ബാലസുബ്രമണ്യം (മികച്ച ഗായകന്‍), കെ.എസ്.ചിത്ര (മികച്ച ഗായിക) എന്നീ പുരസ്കാരങ്ങള്‍ നേടി. ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനി’ലെ ‘ന്യായമാ’ എന്ന ഗാനത്തിന് ശങ്കര്‍ മഹാദേവനും മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.

ഒരു വലിയ ഇടവേളയ്ക്കു ശേഷം രാജീവ്‌ മേനോന്‍ വീണ്ടും സംഗീത പ്രാധാന്യമുള്ള ചിത്രവുമായി എത്തുന്നു എന്നതിനെ വലിയ സന്തോഷത്തോടെയാണ് തമിഴ് സിനിമാ ലോകം വരവേല്‍ക്കുന്നത്.

ചിത്രങ്ങള്‍: ഇന്‍സ്റ്റഗ്രാം

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: M s subbulakshmi to madras beats rajeev menon musicals