ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘നീലവെളിച്ചം.’ ഏപ്രിൽ 21 നാണ് ചിത്രം റിലീസിനെത്തുന്നത്. മലയാളത്തിലെ ആദ്യ ഹൊറർ സിനിമ ‘ഭാർഗവീനിലയം’ ത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രമാണ് ‘നീലവെളിച്ചം’. ഭാർഗവീനിലയം ചിത്രത്തിലെ ഗാനങ്ങളും അണിയറപ്രവർത്തകർ റീമേക്ക് ചെയ്തിരുന്നു. എം എസ് ബാബുരാജ് ആണ് ‘ഭാർഗവീനിലയ’ത്തിലെ ഗാനങ്ങൾ ഒരുക്കിയത്. അനുരാഗമധുചഷകം, താമസമെന്തേ, എകാന്തതയുടെ മഹാതീരം എന്നീ ഗാനങ്ങളുടെ റീമേക്കിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. റെക്സ് വിജയൻ, ബിജിബാൽ എന്നിവർ ചേർന്നാണ് ഗാനങ്ങൾ പുനരാവിഷ്കരിച്ചത്.
എന്നാൽ ചിത്രത്തിലെ ഗാനങ്ങൾ പുനരാവിഷ്കരിച്ചതിനെതിരെ ബാബുരാജിന്റെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. സംവിധായകൻ ആഷിഖ് അബു, സംഗീത സംവിധായകൻ ബിജിബാൽ എന്നിവർക്ക് കുടുംബം വക്കീൽ നോട്ടീസ് അയച്ചതായി മാതൃഭൂമി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. സാംസ്കാരിക മന്ത്രി സജി ചെറിയാനും പരാതി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. ബാബുരാജിന്റെ മാസ്മരിക സംഗീതത്തെ തകർക്കുന്ന രീതിയിലാണ് റീമേക്കെന്നും സമൂഹമാധ്യമങ്ങൾ, ടി വി എന്നിവയിൽ നിന്നും ഗാനങ്ങൾ നീക്കം ചെയ്യപ്പെണമെന്നുമാണ് പരാതിയിൽ പറയുന്നത്.
റിമ കല്ലിങ്കൽ, റോഷൻ എന്നിവർക്കൊപ്പം ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ പി, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ജിതിൻ പുത്തഞ്ചേരി, നിസ്തർ സേട്ട്, പ്രമോദ് വെളിയനാട്, ആമി തസ്നിം, പൂജ മോഹൻ രാജ്, ദേവകി ഭാഗി, ഇന്ത്യൻ എന്നിവാണ് ‘നീലവെളിച്ച’ത്തിൽ വേഷമിടുന്നത്. ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.