scorecardresearch

Latest News

‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ മുന്നോട്ട് വെയ്ക്കുന്നത് സ്ത്രീ ശാക്തീകരണം: എം മുകുന്ദന്‍

സൂരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ’

Autorickshawkkarante Bharya, M Mukundan, Suraj Venjaramoodu, Ann Augustine

കൊച്ചി: മലയാളത്തിന്‍റെ അനുഗൃഹീത എഴുത്തുകാരന്‍ എം.മുകുന്ദന്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന പുതിയ ചിത്രം ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ ചിത്രീകരണം പൂര്‍ത്തിയായി. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ.വി.അബ്ദുൾ നാസര്‍ നിര്‍മ്മിച്ച് പ്രശസ്ത സംവിധായകന്‍ ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം താമസിയാതെ പ്രേക്ഷകരിലേക്കെത്തും. വര്‍ത്തമാനകാല സമൂഹം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് ചിത്രത്തിന്‍റെ പ്രമേയം.

“സ്ത്രീ ശാക്തീകരണം ഇതിവൃത്തമാക്കിയ സിനിമയാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. 2016 ല്‍ മാതൃഭൂമി ആഴ്ചപതിപ്പിൽ വന്ന ഒരു ചെറുകഥയാണ് സിനിമയുടെ പ്രമേയം. ആ കഥ വികസിപ്പിച്ചെടുത്തതാണ് ഈ സിനിമ. ഞാന്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രമാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. എന്‍റെ ആദ്യചിത്രമായ ‘ദൈവത്തിന്‍റെ വികൃതിയില്‍’ തിരക്കഥയില്‍ ആദ്യഘട്ടങ്ങളില്‍ ഞാന്‍ സഹകരിച്ചിരുന്നു. എന്‍റെ മറ്റൊരു ചിത്രമായിരുന്ന ‘മദാമ്മ’ പൂര്‍ണ്ണമായും ആ ചിത്രത്തിന്‍റെ ടീം തന്നെയാണ് തിരക്കഥയും മറ്റും ഒരുക്കിയത്. ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ യാണ് ഞാന്‍ പൂര്‍ണ്ണമായും എഴുത്തില്‍ പൂര്‍ത്തിയാക്കിയ ചിത്രം. സമീപകാലത്തെ പല വിഷയങ്ങളെയും കോര്‍ത്തിണക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്,” സിനിമയുടെ വിശേഷങ്ങള്‍ പങ്കിട്ട് എം.മുകുന്ദന്‍ പറയുന്നു.

“മലയാളത്തിലെ മുതിര്‍ന്ന സംവിധായകനായ ഹരികുമാറിന്‍റെ സംവിധാന മികവും ചിത്രത്തെ മികവുറ്റതാക്കി. ‘ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ സിനിമയാക്കാന്‍ പുതുതലമുറയില്‍ പെട്ട ഒത്തിരിപേര്‍ എന്നെ സമീപിച്ചതാണ്. പക്ഷേ പുതിയ ആള്‍ക്കാരെ വെച്ച് സിനിമ ചെയ്യാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു. അവരെ പ്രോത്സാഹിപ്പിക്കണമെന്ന നയമാണ് എനിക്ക് പക്ഷേ അവരെ വെച്ച് ഇതുപോലൊരു സിനിമ ചെയ്യുന്നത് റിസ്ക്കാണ്. അതുകൊണ്ടാണ് ഹരികുമാര്‍ എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചത്. അതുകൊണ്ടുതന്നെ വളരെ മികച്ച ഒരു സിനിമയാണ് ഇതിലൂടെ മലയാളികള്‍ക്ക് ലഭിക്കുന്നത്. മാഹിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ അധികം വൈകാതെ പ്രേക്ഷകരിലെത്തും,” എം മുകുന്ദന്‍ കൂട്ടിച്ചേർത്തു.

സൂരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. കൈലാഷ്, ജനാർദ്ദനൻ,സ്വാസിക വിജയ്,ദേവി അജിത്,നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഛായാഗ്രഹണം എൻ അഴകപ്പൻ നിർവ്വഹിക്കുന്നു. പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു.എഡിറ്റർ-അയൂബ് ഖാൻ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: M mukundan about autorickshawkkarante bharya movie starring suraj venjaramoodu ann augustine