Latest News

‘രാജകുമാരി’ മുതല്‍ ‘പൊന്നാര്‍ ശങ്കര്‍’ വരെ: തമിഴ് കത്തിക്കയറിയ സിനിമകള്‍

കരുണാനിധിയുടെ തീപ്പൊരി ഭാഷയ്ക്ക്‌ അനുയോജ്യനായ നായകപ്രഭാവമായിത്തീര്‍ന്നു എംജിആര്‍

M Karunanidhi Tamil Dialogues Films Screenplays Songs Parashakthi
M Karunanidhi Tamil Dialogues Films Screenplays Songs Parashakthi

സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുക എന്നത് തമിഴ്‌നാട്ടില്‍ ഒരു വാര്‍ത്തയല്ലാത്ത കാര്യമാണ്. ഏറ്റവും ഒടുവിലായി തങ്ങളുടെ രാഷ്ട്രീയ പ്രഖ്യാപനം നടത്തി സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും ഉലകനായകന്‍ കമല്‍ഹാസനും ഇതാവര്‍ത്തിച്ചിട്ടുമുണ്ട്. രാഷ്ട്രീയത്തിലേക്കിറങ്ങിയ സിനിമാ താരങ്ങളില്‍ തമിഴ് ജനത ഏറെ ഹൃദയത്തിലേറ്റിയത് എം.ജി.രാമചന്ദ്രന്‍ എന്ന എംജിആറിനെ തന്നെയായിരുന്നു. ഈ കീഴ്‌വഴക്കത്തിന് തുടക്കം കുറിച്ചവരില്‍ ഏറെ പ്രധാനപ്പെട്ടൊരു പേര് എം.കരുണാനിധിയുടേതാണ്. അദ്ദേഹത്തിന്റെ കരുത്തുറ്റ വാക്കുകളും ആത്മഭാഷണങ്ങളും ദ്രാവിഡ മുന്നേറ്റത്തിന്റെ പ്രധാന ആയുധങ്ങള്‍ തന്നെയായിരുന്നു.

തന്റെ മുന്‍ഗാമിയും ഗുരുതുല്യനുമായിരുന്ന പെരിയാര്‍ രാമസ്വാമിയുടെ ആശയങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ നാടകങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സിനിമയെ ദ്രാവിഡ പ്രത്യയശാസ്ത്രങ്ങളുപയോഗിച്ച് രാഷ്ട്രീയവത്കരിക്കാന്‍ കരുണാനിധിയും സി.എന്‍.അണ്ണാദുരൈയും ശ്രമിച്ചിട്ടുണ്ട്. കരുണാനിധിയുടെ രാഷ്ട്രീയ ഭാവിയും സിനിമാ ഭാവിയും ഒന്നിച്ചാണ് വളര്‍ന്നത്. തന്റെ കൗമാരകാലത്തു തന്നെ കരുണാനിധി പെരിയാറിനൊപ്പം അദ്ദേഹം നേതൃത്വം നല്‍കിയ ഹിന്ദി വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്തു. കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള കരുണാനിധിയുടെ കഴിവില്‍ ആകൃഷ്ടരായ പെരിയാറും അണ്ണാദുരൈയും അദ്ദേഹത്തോട് യോഗങ്ങളില്‍ പങ്കെടുക്കാനും സംസാരിക്കാനും ആവശ്യപ്പെട്ടു. കൂടാതെ ‘കുടിയരസി’ന്റെ പത്രാധിപരായി കരുണാനിധിയെ നിയോഗിക്കുകയും, നാകടങ്ങള്‍ക്ക് തിരക്കഥയൊരുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് കരുണാനിധിയെ കൂടുതല്‍ ജനസമ്മതനാക്കി. തന്റെ കരുത്തുറ്റ വാക്കുകള്‍ കൊണ്ടും ഭാഷാ പ്രാവിണ്യം കൊണ്ടും വലിയൊരു വിഭാഗം കാഴ്ചക്കാരെ കൈയ്യിലെടുക്കാനും ആകര്‍ഷിക്കാനും അദ്ദേഹത്തിനായി.

 

അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ജൂപ്പിറ്റര്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച ‘രാജകുമാരി’ മികച്ച വിജയം നേടി. തമിഴകത്ത് പിന്നീട് വലിയ സ്വാധീന ശക്തിയായി രൂപപ്പെട്ട എംജിആറിന്റെ തുടക്കവുമായി. കരുണാനിധിയുടെ തീപ്പൊരി ഭാഷയ്ക്ക്‌ അനുയോജ്യനായ നായകപ്രഭാവമായിത്തീര്‍ന്നു എംജിആര്‍. ഇരുവരും ഒരുമിച്ച ‘അഭിമന്യു’ എന്ന ചിത്രത്തില്‍ അര്‍ജ്ജുനനായി അഭിനയിക്കുന്ന എംജിആറിനെക്കൊണ്ട് മരിച്ചു കൊണ്ടിരിക്കുന്ന അഭിമന്യുവിനെ ‘തമിഴിന്റെ പ്രിയപ്പെട്ട മകനേ’ എന്നു വിളിപ്പിച്ചു.

കരുണാനിധിയുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ചിത്രങ്ങളില്‍ ശിവാജി ഗണേശനും ഉണ്ടായിരുന്നു. 1952ല്‍ പുറത്തിറങ്ങിയ ‘പരാശക്തി’ ശിവാജിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു. കരുണാനിധിയുടെ ഏറ്റവും പ്രസിദ്ധമായ സിനിമകളില്‍ ഒന്നു കൂടിയാണിത്. കുടിയേറ്റം തുടങ്ങി തമിഴ്നാട് സംസ്ഥാനം നേരിട്ടിരുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചാണ് സിനിമ സംസാരിച്ചത്. ശിവാജിയുടെ അഭിനയവും കരുണാനിധിയുടെ രചനയും കൊണ്ട് ശ്രദ്ധേയമായ ചിത്രത്തിലെ കോടതി രംഗങ്ങള്‍ ഇപ്പോഴും കാഴ്ചക്കാരെ നിശബ്ദരാക്കാറുണ്ട്.

ഇരുവരുടേയും അടുത്ത ചിത്രം ‘മനോഹര’ ആയിരുന്നു. അപ്പോഴേയ്ക്കും ‘ദ്രാവിഡര്‍ കഴകം’ വിട്ട് കരുണാനിധി അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ‘ദ്രാവിഡ മുന്നേറ്റ കഴകത്തി’ലേക്ക് പോയിരുന്നു. തന്റെ അമ്മയ്ക്കു വേണ്ടി നിഷ്‌കളങ്കനായ അച്ഛനോട് പോരാടുന്ന ഒരു രാജകുമാരന്റെ കഥയായിരുന്നു അത്.

 

ദ്രാവിഡ പ്രത്യയശാസ്ത്രങ്ങളെ പ്രചരിപ്പിക്കുന്ന തരത്തിലുള്ള വേറെയും ചിത്രങ്ങള്‍ ഉണ്ടായി. ‘പണം’, ‘മാലൈകള്ളന്‍’ എന്നിവയെല്ലാം ഉദാഹരണങ്ങള്‍. തന്റെ രാഷ്ട്രീയത്തില്‍ ഊന്നിയ എഴുത്തായിരുന്നു എന്നും കരുണാനിധിയുടേത്‌. എംജിആറിന് പാവങ്ങളുടെ ‘രക്ഷകന്‍’ പ്രതിച്ഛായയ്ക്ക് നേടിക്കൊടുത്തതിന് പിന്നിലും കരുണാനിധിയുടെ തൂലികയുടെ കരുത്തായിരുന്നു. കണ്ണദാസന്‍, വാലി തുടങ്ങിയ കവികള്‍ കരുണാനിധിയുടെ ഈ പാത പിന്തുടര്‍ന്നതായി കാണാന്‍ കഴിയും.

1947ല്‍ ‘രാജകുമാരി’ തുടങ്ങി 2011ല്‍ ‘പൊന്നാര്‍ ശങ്കര്‍’ വരെ തമിഴ് സിനിമ ആ തൂലികയുടെ പ്രഭാവമറിഞ്ഞു. എഴുപത്തിയഞ്ചിലധികം നാടകങ്ങള്‍ക്കും കരുണാനിധി തിരക്കഥയൊരുക്കി. അടുത്തിടെ തന്റെ 92-ാം വയസില്‍ ഒരു ടിവി സീരീസും അദ്ദേഹം എഴുതി. തമിഴ് സിനിമയ്ക്ക് മാത്രമല്ല, തമിഴ് ഭാഷയ്ക്കും കൂടിയാണ് അദ്ദേഹം തന്റെ എഴുത്തിലൂടെ ഒരു പുനര്‍ജീവനം നല്‍കിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: M karunanidhi tamil dialogues films screenplays songs parashakthi

Next Story
മമ്മൂക്ക നല്‍കിയ പിറന്നാള്‍ സമ്മാനത്തെക്കുറിച്ച് അനു സിതാരMammootty, Anu Sithara
The moderation of comments is automated and not cleared manually by malayalam.indianexpress.com