ചെന്നൈ: വെളിപ്പെടുത്തലുകളുടെ വിപ്ലവങ്ങളിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഹോളിവുഡില്‍ നിന്ന് തുടങ്ങിയ ലൈംഗികാരോപണങ്ങള്‍ ഇങ്ങ് മലയാളത്തില്‍ വരെ എത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് പേര് വെളിപ്പെടുത്താത്ത ഒരു യുവതി തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. വൈരമുത്തുവിന്റെ കോടാമ്പക്കത്തുളള വീട്ടില്‍ വച്ച് തന്നെ കടന്നുപിടിച്ച് ചുംബിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. ഇതിന് പിന്നാലെ ഗായിക ചിന്മയിയും വൈരമുത്തുവിനെതിരെ ആരോപണവുമായി രംഗത്തെത്തി. ‘സഹകരിക്കണം’ എന്ന് ആവശ്യപ്പെട്ട് വൈരമുത്തു തന്നെ ഹോട്ടലിലേക്ക് വിളിപ്പിച്ചുവെന്നായിരുന്നു ചിന്മയിയുടെ വെളിപ്പെടുത്തല്‍.

2005ലോ 2006ലോ ആണ് സംഭവം നടന്നതെന്നാണ് ചിന്മയി പറഞ്ഞത്. സ്വിറ്റ്സര്‍ലന്‍ഡില്‍ ഒരു ആല്‍ബത്തില്‍ പാടാനായി പോയപ്പോഴായിരുന്നു സംഭവം. ‘എല്ലാവരേയും പറഞ്ഞയച്ച് എന്നോടും അമ്മയോടും മാത്രം നില്‍ക്കാന്‍ പറഞ്ഞു. വൈരമുത്തുവിനെ ഹോട്ടലില്‍ ചെന്ന് കാണാനായി സംഘാടകനാണ് വന്ന് പറഞ്ഞത്. സഹകരിക്കണമെന്ന് പറഞ്ഞപ്പോള്‍ എന്തിനു സഹകരിക്കണം എന്ന് ഞാന്‍ ചോദിച്ചു. അവരുടെ ആവശ്യം ഞാന്‍ നിരാകരിച്ചു. ഇന്ത്യയിലേക്ക് തിരിച്ച് അയയ്ക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. ‘നിങ്ങളുടെ കരിയര്‍ ഉണ്ടാവില്ല’ എന്നാണ് അയാള്‍ പറഞ്ഞത്. കരിയറും വേണ്ട ഒരും മണ്ണും വേണ്ടെന്ന് പറഞ്ഞാണ് ഞങ്ങള്‍ ഇന്ത്യയിലേക്ക് വിമാനം കയറിയത്,’ ചിന്മയി പറഞ്ഞു.

എന്നാല്‍ ചിന്മയിയുടെ ആരോപണം നിഷേധിച്ച് വൈരമുത്തു രംഗത്തെത്തി. അറിയപ്പെടുന്ന വ്യക്തികളെ കുറിച്ച് കിംവദന്തികള്‍ പരത്തുന്നത് ഒരു സംസ്കാരമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ഈയടുത്ത കാലത്ത് തന്നെ ഞാന്‍ വളരെയധികം അപമാനിക്കപ്പെട്ടിട്ടുണ്ട്. ഈ ആരോപണവും അതിലൊന്നാണ്. സത്യമല്ലാത്ത കാര്യങ്ങളെ ഞാന്‍ കാര്യമാക്കുന്നില്ല. സത്യം എന്താണെന്ന് കാലം പറയും,’ വൈരമുത്തു ട്വീറ്റ് ചെയ്തു. എന്നാല്‍ വൈരമുത്തുവിനെ ‘നുണയന്‍’ എന്ന് വിളിച്ചാണ് ചിന്മയി മറുപടി നല്‍കിയത്. തന്റെ ട്വിറ്റര്‍ പേജിലാണ് വൈരമുത്തുവിന്റെ ട്വീറ്റിനൊപ്പം ‘നുണയന്‍’ എന്ന് മാത്രം പറഞ്ഞ് ചിന്മയി പ്രതികരിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ