ഗാനരചയിതാവ് ബീയാർ പ്രസാദ് (62)അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്.
നാടക രംഗത്ത് സജീവമായിരുന്ന ബീയാർ പ്രസാദ് 1993ൽ ‘ജോണി’ എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. പ്രിയദർശനുമായുള്ള കൂടിക്കാഴ്ചയാണ് ചലച്ചിത്ര ഗാനരചയിതാവായി മാറാൻ നിയോഗമായത്. പ്രിയദർശൻ സംവിധാനം ചെയ്ത ‘കിളിച്ചുണ്ടൻ മാമ്പഴം’ എന്ന സിനിമയി’ലൂടെയായിരുന്നു ഗാനരചയിതാവായി ബീയാർ പ്രസാദ് തുടക്കം കുറിച്ചത്.
ജലോത്സവം, വെട്ടം, തട്ടുംപുറത്ത് അച്യുതൻ എന്നിവയുൾപ്പെടെ അറുപതോളം സിനിമകൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ നിരവധി സംഗീത ആൽബങ്ങൾക്കും രചന നിർവഹിച്ചു.
ബീയാർ പ്രസാദ് രചിച്ച ഒരു കാതിലോല ഞാൻ കണ്ടീല, ഇല്ലത്തെ കല്യാണത്തിന്, മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻവഴി (വെട്ടം), കേരനിരകളാടും (ജലോത്സവം), കസവിന്റെ തട്ടമിട്ട്, ഒന്നാം കിളി പൊന്നാൺകിളി (കിളിചുണ്ടൻ മാമ്പഴം) തുടങ്ങിയ ഗാനങ്ങളൊക്കെ ഏറെ ശ്രദ്ധ നേടിയതാണ്.
മുഖ്യമന്ത്രി അനുശോചിച്ചു
ബീയാര്‍ പ്രസാദിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. “കേരളീയത നിറഞ്ഞുനിന്ന കവിതകളും ഗാനങ്ങളും കൊണ്ട് ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു ബീയാര്‍ പ്രസാദ്. മലയാളികള്‍ നെഞ്ചേറ്റിയ ധാരാളം സിനിമാ ഗാനങ്ങള്‍ അദ്ദേഹത്തിന്‍റേതായുണ്ട്. ഗാനരചയിതാവ്, നാടക രചയിതാവ്, സംവിധായകന്‍, പ്രഭാഷകന്‍, അവതാരകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ബീയാര്‍ പ്രസാദിന്‍റെ വിയോഗം നമ്മുടെ സാംസ്കാരിക രംഗത്തിന് വലിയ നഷ്ടമാണ്. സന്തപ്ത കുടുംബാംഗങ്ങളുടെയും ചലച്ചിത്ര പ്രേമികളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു,” മുഖ്യമന്ത്രി അനുശോചന സന്ദേശനത്തില്‍ പറഞ്ഞു.