മലയാള സിനിമയുടെ തന്നെ ചരിത്രം തിരുത്തിയ സിനിമകളിലൊന്നായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’. നിലവിലെ ബോക്സ് ഓഫീസ് റെക്കോർഡുകളെല്ലാം തിരുത്തിയ ‘ലൂസിഫർ’ മലയാളത്തിൽ നിന്നും 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യചിത്രം കൂടിയാണ്. കച്ചവടപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം സൃഷ്ടിച്ച ഓളം ചെറുതല്ലായിരുന്നു.
ഇപ്പോഴിതാ, ‘ലൂസിഫർ’ ലൊക്കേഷനിൽ നിന്നുള്ള രസകരമായൊരു വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ശ്രദ്ധ കവരുന്നത്. ലൊക്കേഷനിൽ എത്തിയ ഒരു നായ പൃഥ്വിരാജിന് അരികിൽ ചുറ്റികറങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. “ലൂസിഫറിൽ ചാൻസ് ചോദിച്ച് വന്ന ആളാണ്,” എന്ന ക്യാപ്ഷനോടെ നടനും നിർമാതാവുമായ അരുൺ നാരായണനാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
റഷ്യയിലെ ലൊക്കേഷനിൽ നിന്നുള്ളതാണ് വീഡിയോ. ‘ലൂസിഫറിന്റെ’ ക്ലൈമാക്സ് സീനുകൾ ചിത്രീകരിച്ചത് ഇവിടെയായിരുന്നു. 16 ഡിഗ്രി സെല്‍ഷ്യസില്‍ മഞ്ഞുമൂടിയ അന്തരീക്ഷത്തിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ലൊക്കേഷനിൽ നിന്നുള്ള മറ്റൊരു വീഡിയോയും അരുൺ പങ്കുവച്ചിട്ടുണ്ട്.
‘ലൂസിഫറി’ന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ ഇപ്പോൾ. ‘എമ്പുരാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ വർഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങുമെന്നാണ് അണിയറക്കാർ മുൻപ് വ്യക്തമാക്കിയത്. നിലവിൽ കരാറിലൊപ്പിട്ട ചിത്രങ്ങൾ പൂർത്തിയായി കഴിഞ്ഞാൽ പൃഥ്വിരാജ് ‘എമ്പുരാന്റെ’ ചിത്രീകരണത്തിലേക്ക് കടക്കും.
ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിത’ത്തിനായി ജോർദ്ദാനിലാണ് പൃഥ്വി ഇപ്പോൾ ഉള്ളത്. കൊറോണ വ്യാപനത്തെ തുടർന്ന് ജോർദ്ദാനിൽ കർഫ്യൂ പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് മടങ്ങാനാവാതെ അവിടെ കുടുങ്ങിക്കിടക്കുകയാണ് പൃഥ്വിയും ബ്ലെസിയും 58 പേരടങ്ങിയ സംഘവും. ഷൂട്ടിങ് നിര്‍ത്തലാക്കിയെങ്കിലും നാട്ടിലേക്ക് മടങ്ങാന്‍ ആവാത്ത സാഹചര്യമാണ്.
“ഞങ്ങളുടെ ടീമിൽ ഒരു ഡോക്ടർ ഉണ്ട്, അവർ ഓരോ 72 മണിക്കൂറിലും ഓരോ ക്രൂ അംഗത്തിനും വൈദ്യപരിശോധന നടത്തുന്നു, കൂടാതെ സർക്കാർ നിയോഗിച്ച ജോർദാനിയൻ ഡോക്ടർ ഇടയ്ക്കിടെ പരിശോധനകൾ നടത്തുന്നു. ലോകമെമ്പാടുമുള്ള സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, 58 അംഗങ്ങളുള്ള ഞങ്ങളുടെ ടീമിന്റെ മടങ്ങി വരവ് അധികാരികളുടെ പ്രയോരിറ്റി ആവാന്‍ സാധ്യതയില്ലെന്നത് ഞങ്ങൾ പൂർണ്ണമായും മനസ്സിലാക്കുന്നു. എന്നാൽ ബന്ധപ്പെട്ട എല്ലാവരേയും ഈ സാഹചര്യത്തെക്കുറിച്ച് അറിയിക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണ്.”
“ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നു, ഉചിതമായ സമയവും അവസരവും എത്തുമ്പോൾ ഞങ്ങൾക്ക് ഇന്ത്യയിലേക്ക് മടങ്ങാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അതുവരെ, നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു, ഒപ്പം ജീവിതം ഉടൻ സാധാരണ നിലയിലാകുമെന്ന് കൂട്ടായി പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം.” ജോർദ്ദാനിലെ അവസ്ഥകളെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിൽ പൃഥ്വി കുറിച്ചതിങ്ങനെ.
Read more: ഇതെനിക്ക് വേണം, ഇത് ഞാനിങ്ങെടുക്കുവാ; പൃഥ്വിരാജിന്റെ കൂളിംഗ് ഗ്ലാസ് ‘അടിച്ചുമാറ്റി’ ജയറാം