മലയാളസിനിമ ഇതുവരെ കാണാത്ത, വിസ്മയിപ്പിക്കുന്ന ബോക്സ് ഓഫീസ് റെക്കോർഡുമായി കുതിക്കുകയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’. എട്ടു ദിവസം കൊണ്ട് നൂറുകോടി കളക്റ്റ് ചെയ്ത് മുന്നേറുന്ന ചിത്രം അതിന്റെ ബോക്സ് ഓഫീസ് മാജിക് തുടർന്നുകൊണ്ടിരിക്കുകയാണ്. റിലീസിനെത്തി ഒരു മാസം പിന്നിടുമ്പോഴും തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

‘ലൂസിഫർ’ സാക്ഷാത്കരിക്കാൻ തനിക്കൊപ്പം നിന്ന തന്റെ സഹസംവിധായകർക്ക് വേണ്ടി ചിത്രത്തിന്റെ സക്സസ് പാർട്ടി ഒരുക്കിയിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും. തന്റെ വീട്ടിൽ വച്ചാണ് പൃഥ്വി സഹസംവിധായകർക്കുള്ള പാർട്ടി നൽകിയത്.

ഒരുപക്ഷേ മലയാളസിനിമയിൽ തന്നെ ആദ്യമായാവും ഒരു നവാഗത സംവിധായകന്റെ ചിത്രം ഇതുപോലെ ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി മുന്നേറുന്നത്. മോഹൻലാലിന്റെ തന്നെ ‘പുലിമുരുക’നാണ് ‘ലൂസിഫറി’നുള്ള മുന്നിലുള്ള പ്രധാന എതിരാളി. 152 കോടി ബോക്സ് ഓഫീസ് കളക്ഷനിൽ ക്ലോസ് ചെയ്ത ചിത്രമാണ് ‘പുലിമുരുകൻ’. ഈ റെക്കോർഡിന് അടുത്തെത്തിയിരിക്കുകയാണ് ‘ലൂസിഫർ’ ഇപ്പോൾ. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും 100 കോടി ക്ലബ്ലില്‍ ഇടം നേടിയ ചിത്രം, 200 കോടി കടക്കുമോ എന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്.

ഏറെക്കാലത്തിനു ശേഷം വിന്റേജ് മോഹന്‍ലാലിനെ വളരെ സ്‌റ്റൈലിഷ് ആയി കാണാന്‍ സാധിച്ചു എന്നതാണ് ‘ലൂസിഫറി’ന്റെ ജനപ്രീതിയ്ക്കു പിറകിലെ പ്രധാന കാരണങ്ങളിലൊന്ന്. മോഹന്‍ലാലെന്ന താരത്തെയും നടനെയും ഒരുപോലെ പ്രയോജനപ്പെടുത്താന്‍ സാധിച്ചു എന്നതാണ് പൃഥിരാജ് എന്ന നവാഗതസംവിധായകന്റെ വിജയം.

തന്റെ ഇഷ്ട താരത്തെ തനിക്കും തന്നെപ്പോലെയുള്ള ആരാധകര്‍ക്കും ഇഷ്ടപ്പെടുന്നത് പോലെ സ്‌ക്രീനിലെത്തിക്കുകയാണ് തന്റെ ആഗ്രഹമെന്ന് പൃഥ്വിരാജ് ‘ലൂസിഫറി’ന്റെ പ്രൊമോഷന്‍ സമയത്ത് പറഞ്ഞിട്ടുണ്ട്. ആ വാക്കുകളെ അക്ഷരം പ്രതി ശരിവെക്കുന്നതാണ് ‘ലൂസിഫര്‍’ എന്ന ചിത്രം. തുടക്കം മുതല്‍ ഒടുക്കം വരെ മോഹന്‍ലാല്‍ ആരാധകര്‍ക്ക് വേണ്ടി, മറ്റൊരു മോഹന്‍ലാല്‍ ആരാധകന്‍ തയ്യാറാക്കിയ ചിത്രം. തിരക്കഥയിലും മെയ്ക്കിങിലുമെല്ലാം മോഹന്‍ലാല്‍ എന്ന താരത്തെയും അദ്ദേഹത്തിന്റെ താരമൂല്യത്തേയും മാത്രം ലക്ഷ്യം വച്ചു കൊണ്ടുള്ള സിനിമയാണ് ‘ലൂസിഫര്‍’.

Read more: Lucifer Movie Review: താരപ്രഭയില്‍ തിളങ്ങുന്ന ‘ലൂസിഫര്‍

മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയത്. മോഹന്‍ലാല്‍ കൂടാതെ വിവേക് ഒബ്‌റോയിയും മഞ്ജു വാര്യരും ടൊവിനോ തോമസുമടക്കം വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു.

സായ്കുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സച്ചിന്‍ കടേക്കര്‍, ശിവജി ഗുരുവായൂര്‍, ജോണി വിജയ്, , സുനില്‍ സുഖദ, ആദില്‍ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോന്‍, ബാബുരാജ്, സാനിയ അയ്യപ്പന്‍, ഷോണ്‍ റോമി, മാലാ പാര്‍വതി, ശ്രേയാ രമേശ്, താരാ കല്യാണ്‍, കൈനകരി തങ്കരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

Read more: പത്താന്‍കോട്ടിലെ സൈനികര്‍ക്കും കുടുംബത്തിനുമായി ലൂസിഫറിന്റെ പ്രത്യേക പ്രദര്‍ശനം

‘ലൂസിഫർ’ മലയാളികളിലേക്ക് എത്തിയ വഴി പരിശോധിക്കുമ്പോൾ കൃത്യമായൊരു മാർക്കറ്റിംഗ് സ്ട്രാറ്റജി തന്നെ ചിത്രത്തിനുണ്ടായിരുന്നു എന്നാണ് വെളിപ്പെടുക. സിനിമാരംഗത്ത് തന്നെ ഒരുപക്ഷേ ആദ്യമെന്നു പറയാവുന്ന വേറിട്ടൊരു സ്ട്രാറ്റജിയാണ് ‘ലൂസിഫർ’ ആദ്യം മുതൽ പിൻതുടരുന്നത്. മാർക്കറ്റിംഗിന്റെ സകല സാധ്യതകളും ഉപയോഗിച്ചു കൊണ്ടും മുൻപു സിനിമകളുടെ മാർക്കറ്റിംഗിൽ സംഭവിച്ച പാളിച്ചകളിൽ നിന്നും പാഠം ഉൾകൊണ്ടുമായിരുന്നു ‘ലൂസിഫറി’ന്റെ ഓരോ ചുവടുവെപ്പും.

Read more: ‘ലൂസിഫര്‍’ മാര്‍ക്കറ്റ്‌ ചെയ്യപ്പെട്ട രീതികള്‍

മേയ് മൂന്നിന് ചിത്രത്തിന്റെ തമിഴ് ഡബ്ബ് വേർഷനും റിലീസിനെത്തുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook