മലയാളസിനിമ ഇതുവരെ കണ്ട ബോക്സ് ഒാഫീസ് റെക്കോർഡുകളെല്ലാം തെറ്റിച്ച് മുന്നേറുകയാണ് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘ലൂസിഫർ’. 130 കോടിയിലേറെ രൂപയാണ് രണ്ടാഴ്ച കൊണ്ട് ചിത്രം കളക്റ്റ് ചെയ്തതെന്ന റിപ്പോർട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. അതിനിടയിൽ ആരാധകർക്ക് ആവേശം പകരാൻ മറ്റൊരു സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. ‘ലൂസിഫറി’നു രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനകളാണ് പൃഥ്വിരാജ് നൽകുന്നത്.

ചിത്രത്തിന്റെ ഏറ്റവും പുതിയ ക്യാരക്റ്റർ പോസ്റ്റർ ആരാധകർക്കായി ഷെയർ ചെയ്തപ്പോഴോണ് ചിത്രത്തിനു രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനയും താരം നൽകിയിരിക്കുന്നത്. ഇന്ന് റിലീസ് ചെയ്ത പോസ്റ്ററിൽ നിറയുന്നത് ഖുറേഷി അബ്രഹാം എന്ന കഥാപാത്രമാണ്. ചിത്രത്തിന്റെ ടെയിൽ എൻഡിൽ സർപ്രൈസ് പോലെ കാണിക്കുന്ന മോഹൻലാൽ കഥാപാത്രത്തിന്റെ മറ്റൊരു മുഖമാണ് ഇന്നത്തെ പോസ്റ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. പോസ്റ്ററിലെ വാചകങ്ങളാണ് ചിത്രത്തിനൊരു തുടർച്ചയുണ്ടാവുമെന്ന സൂചനകൾ സമ്മാനിക്കുന്നത്. ‘ഒടുക്കം മറ്റൊരു തുടക്കം മാത്രം,’ എന്ന വരികൾ ക്യാപ്ഷനായും പൃഥ്വിരാജ് എടുത്തുപറയുന്നുണ്ട്.

ചിത്രത്തിനു രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനകൾ നൽകുന്നതായിരുന്നു മുൻപ് മുരളി ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളും. “ഈ വലിയ വിജയത്തിനു നന്ദി. കൂടുതൽ വരാനിരിക്കുന്നു, ഇൻശാ അള്ളാ!’ എന്നായിരുന്നു മുരളിഗോപിയുടെ വരികൾ. അതിനു പിന്നാലെയാണ് ‘കൂടുതൽ വരാനിരിക്കുന്നു’ എന്ന ക്യാപ്ഷനോടെ പൃഥ്വിയും പോസ്റ്റ് ചെയ്തിരുന്നു.

ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും 100 കോടി ക്ലബ്ലിൽ ഇടം നേടിയ ചിത്രം, 200 കോടി കടക്കുമോ എന്ന പ്രതീക്ഷയിലും കാത്തിരിപ്പിലുമാണ് മോഹൻലാൽ ആരാധകർ. ഏറെക്കാലത്തിനു ശേഷം വിന്റേജ് മോഹൻലാലിനെ വളരെ സ്റ്റൈലിഷ് ആയി കാണാൻ സാധിച്ചു എന്നതാണ് ‘ലൂസിഫറി’ന്റെ ജനപ്രീതിയ്ക്കു പിറകിലെ പ്രധാന കാരണങ്ങളിലൊന്ന്. മോഹൻലാലെന്ന താരത്തെയും നടനെയും ഒരുപോലെ പ്രയോജനപ്പെടുത്താൻ സാധിച്ചു എന്നതാണ് പൃഥിരാജ് എന്ന നവാഗതസംവിധായകന്റെ വിജയം.

Read more: Lucifer Review: ‘ലൂസിഫർ’: പൃഥ്വിരാജ് എന്ന മോഹൻലാൽ ‘ഫാൻ ബോയ്‌’യുടെ സമർപ്പണം

തന്റെ ഇഷ്ട താരത്തെ തനിക്കും തന്നെപ്പോലെയുള്ള ആരാധകര്‍ക്കും ഇഷ്ടപ്പെടുന്നത് പോലെ സ്‌ക്രീനിലെത്തിക്കുകയാണ് തന്റെ ആഗ്രഹമെന്ന് പൃഥ്വിരാജ് ‘ലൂസിഫറി’ന്റെ പ്രൊമോഷന്‍ സമയത്ത് പറഞ്ഞിട്ടുണ്ട്. ആ വാക്കുകളെ അക്ഷരം പ്രതി ശരിവെക്കുന്നതാണ് ‘ലൂസിഫര്‍’ എന്ന ചിത്രം. തുടക്കം മുതല്‍ ഒടുക്കം വരെ മോഹന്‍ലാല്‍ ആരാധകര്‍ക്ക് വേണ്ടി, മറ്റൊരു മോഹന്‍ലാല്‍ ആരാധകന്‍ തയ്യാറാക്കിയ ചിത്രം. തിരക്കഥയിലും മെയ്ക്കിങിലുമെല്ലാം മോഹന്‍ലാല്‍ എന്ന താരത്തെയും അദ്ദേഹത്തിന്റെ താരമൂല്യത്തേയും മാത്രം ലക്ഷ്യം വച്ചു കൊണ്ടുള്ള സിനിമയാണ് ‘ലൂസിഫര്‍’.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook