ഇന്ത്യൻ സിനിമയുടെ രണ്ടു ഇതിഹാസങ്ങൾക്കൊപ്പം ആദ്യചിത്രത്തിന്റെ ആദ്യഷോട്ട് സംവിധാനം ചെയ്യാൻ കഴിഞ്ഞ നിയോഗ മുഹൂർത്തത്തെ ഓർമ്മിക്കുകയാണ് പൃഥ്വിരാജ്. ‘ലൂസിഫർ’ എന്ന തന്റെ ആദ്യസംവിധാനസംരംഭമായ ചിത്രത്തിലൂടെ സിനിമയിൽ തനിക്ക് ഗുരുതുല്യനായ ഫാസിലിനെ വർഷങ്ങൾക്കു ശേഷം ക്യാമറയ്ക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഗുരുതുല്യനായ ഫാസിലിനും തന്റെ പ്രിയതാരം മോഹൻലാലിനും ഒപ്പം ആദ്യസിനിമയ്ക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞ സന്തോഷത്തിലും അഭിമാനത്തിലുമാണ് പൃഥ്വി.
ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും 100 കോടി ക്ലബ്ലിൽ ഇടം നേടിയ ചിത്രം ബോക്സ് ഒാഫീസിൽ അതിന്റെ കുതിപ്പ് തുടരുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നൂറുകോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചലച്ചിത്രമാണ് ‘ലൂസിഫർ’. ആദ്യചിത്രം വൈശാഖ് സംവിധാനം ചെയ്ത ‘പുലിമുരുകൻ’ ആയിരുന്നു. ഇതുവഴി തന്റെ കരിയറിലെ രണ്ടു മാസ് ചിത്രങ്ങൾ നൂറുകോടി ക്ലബ്ബിലെത്തിച്ച താരമൂല്യമുള്ള നടനാവുകയാണ് മോഹൻലാൽ. ചിത്രം 200 കോടി കടക്കുമോ എന്ന പ്രതീക്ഷയിലും കാത്തിരിപ്പിലുമാണ് മോഹൻലാൽ ആരാധകർ.
തന്റെ ഇഷ്ട താരത്തെ തനിക്കും തന്നെപ്പോലെയുള്ള ആരാധകര്‍ക്കും ഇഷ്ടപ്പെടുന്നത് പോലെ സ്ക്രീനിലെത്തിക്കുകയാണ് തന്റെ ആഗ്രഹമെന്ന് പൃഥ്വിരാജ് ‘ലൂസിഫറി’ന്റെ പ്രൊമോഷന് സമയത്ത് പറഞ്ഞ വാക്കുകളെ അക്ഷരം പ്രതി ശരിവെക്കുന്ന രീതിയിലാണ് ചിത്രം വിജയം കൊയ്യുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ മോഹന്‍ലാല്‍ ആരാധകര്‍ക്ക് വേണ്ടി, മറ്റൊരു മോഹന്‍ലാല്‍ ആരാധകന് തയ്യാറാക്കിയ ചിത്രമാണ് ‘ലൂസിഫർ’. തിരക്കഥയിലും മെയ്ക്കിങിലുമെല്ലാം മോഹന്‍ലാല്‍ എന്ന താരത്തെയും അദ്ദേഹത്തിന്റെ താരമൂല്യത്തേയും മാത്രം ലക്ഷ്യം വച്ചു കൊണ്ടുള്ള സിനിമയാണ് ‘ലൂസിഫര്‍’.
Read more: എട്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ലൂസിഫർ
മോഹൻലാൽ, ഫാസിൽ, വിവേക് ഒബ്റോയ്, സായ് കുമാർ, മഞ്ജുവാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, നന്ദു, ബൈജു, സാനിയ ഇയ്യപ്പൻ, നൈല ഉഷ തുടങ്ങി വൻതാരനിരയുടെ സാന്നിധ്യം കൂടിയായപ്പോൾ ഒരു ഉത്സവചിത്രത്തിന്റെ എല്ലാ ചേരുവകളും ഒത്തിണങ്ങി തിയേറ്ററുകളിൽ കയ്യടി വാങ്ങികൂട്ടുകയാണ് ‘ലൂസിഫർ’.