സ്ഥാപിത വ്യവസ്ഥിതികളോട് കലഹിച്ച ബിബ്ളിക്കൽ കഥാപാത്രമാണ് ലൂസിഫർ, വ്യവസ്ഥകൾ സ്ഥാപിച്ചവരുടെ കഥയിൽ ചിലപ്പോൾ തെറ്റുകാരനായി അയാൾ വായിക്കപ്പെട്ടേക്കാം. കാരണം നായകപരിവേഷത്തേക്കാൾ പ്രതിനായകത്വം ധ്വനിപ്പിക്കുന്ന ഒരു പേരാണ് ‘ലൂസിഫർ’ എന്നത്. മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത ആദ്യചിത്രം ‘ലൂസിഫർ’ നാളെ തിയേറ്ററുകളിലെത്താൻ ഒരുങ്ങുമ്പോൾ പ്രേക്ഷകർ ആകാംക്ഷയോടെ അറിയാൻ കാത്തിരിക്കുന്നതും സ്റ്റീഫൻ നെടുമ്പിള്ളി എന്ന കഥാപാത്രം എങ്ങനെ ലൂസിഫർ അവതാരമായി മാറി എന്നറിയാനാണ്.

Read More: ‘ലൂസിഫര്‍’ എത്തി: ആവേശത്തിരയില്‍ ആരാധകര്‍

‘ലൂസിഫറി’ന്റെ എഴുത്തുവഴികളെ കുറിച്ചും വിശേഷങ്ങളെക്കുറിച്ചും ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി.

ലൂസിഫര്‍ എന്ന പേരില്‍ നിന്ന് തന്നെ തുടങ്ങാം എന്ന് തോന്നുന്നു. എന്താണ് അങ്ങനെ, പ്രതിനായകത്വം ധ്വനിപ്പിക്കുന്ന ഒരു പേരില്‍ പിന്നില്‍?

സിനിമ അർഹിക്കുന്ന ഒരു പേരാണത്. എന്തു കൊണ്ട് എന്നതിനുള്ള ഉത്തരം സിനിമയ്ക്ക് അകത്തുണ്ട്. സിനിമ കാണുമ്പോൾ മാത്രമേ അതു മനസ്സിലാവൂ.

മലയാള സിനിമയില്‍ അടുത്തിടെയായി ബിബ്ലിക്കല്‍ പേരുകള്‍ (ലൂസിഫര്‍, മിഖായേല്‍, ഈ മ യൌ, എബ്രഹാമിന്റെ സന്തതികള്‍) ഏറി വരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? എന്ത് കൊണ്ടായിരിക്കാം അത്?

അത്തരം ട്രെൻഡുകളുടെ പുറത്ത് നൽകിയ പേരല്ല ‘ലൂസിഫർ’ എന്നത്. 2016 ൽ ഞാനും രാജുവും സംസാരിച്ച സിനിമയാണ് ഇത്. അന്നു മുതൽ ഇതിന്റെ ടൈറ്റിൽ ലൂസിഫർ എന്നു തന്നെയാണ്. ഇഷ്ടപ്പെട്ട പേരുകളൊക്കെ ഞാൻ മനസ്സിൽ കുറിച്ചിടാറുണ്ട്. ഏറെ ഇഷ്ടത്തോടെ ഹൃദയത്തോട് ചേർത്തുവച്ച പേരാണ് ‘ലൂസിഫർ’.

ഈ ത്രെഡ് മനസ്സിലേക്ക് വന്നത് എങ്ങനെയാണ്? പിന്നീടത്‌ ഒരു മോഹന്‍ലാല്‍ ചിത്രമായി പരിണമിച്ചതിന്റെ സര്‍ഗപ്രക്രിയ എന്തായിരുന്നു?

എനിക്ക് ഇഷ്ടമുള്ള ഒരു എന്റർടെയിനർ എന്ന രീതിയിലാണ് ഞാൻ ‘ലൂസിഫർ’ എഴുതിയിട്ടത്. ആദ്യം രാജേഷ് പിള്ളയുമായി ചേർന്ന് ഒരു ലൂസിഫർ പ്ലാൻ ചെയ്തിരുന്നു, ആശിർവാദ് സിനിമാസിനു വേണ്ടി. അതല്ല ഈ ‘ലൂസിഫർ’. രാജേഷ് ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ചിരുന്ന ഒരു സിനിമയായതുകൊണ്ട് ആ ത്രെഡ് ഞാനെന്നേക്കുമായി വേണ്ടെന്നുവച്ചു. ലൂസിഫർ എന്ന ടൈറ്റിലിൽ രണ്ട് ത്രെഡുകൾ മനസ്സിലുണ്ടായിരുന്നു, അതിലെ സെക്കന്റെ തീമാണ് ഈ ‘ലൂസിഫറാ’യി ഡെവലപ്പ് ചെയ്തെടുത്തത്.

ടിയാന്റെ സെറ്റിൽ വച്ച് മൂന്നു വർഷങ്ങൾക്കു മുൻപാണ് ഞാൻ ഈ സിനിമയെ കുറിച്ച് രാജുവുമായി സംസാരിക്കുന്നത്. എന്റെ തിരക്കഥയിൽ ഒരു ചിത്രം സംവിധാനം ചെയ്യണം എന്ന് രാജു ആഗ്രഹം പ്രകടിപ്പിച്ചു. എന്റെ തിരക്കഥകളോടും എഴുത്തിന്റെ ശൈലിയോടും വളരെ ഇഷ്ടമുള്ളൊരു ആളാണ് രാജു. ഈ തീം പറഞ്ഞപ്പോൾ രാജുവിന് ഇഷ്ടമായി.

ലൂസിഫറിന്റെ തിരക്കഥ എഴുതി കഴിഞ്ഞപ്പോൾ നല്ല മാഗ്നറ്റിസമുള്ള, ആഴത്തിൽ പെർഫോം ചെയ്യാൻ സ്കിൽ ഉള്ള ഒരാൾ വേണം കേന്ദ്രകഥാപാത്രമായെത്താൻ എന്നുണ്ടായിരുന്നു. സ്വാഭാവികമായും ലാലേട്ടന്റെ പേരാണ് മനസ്സിൽ വന്നത്. ശക്തമായ ഉള്ളടക്കമുള്ള ഒരു എന്റർടെയിനർ ആണ് ‘ലൂസിഫർ’.

ഒരു നടന്‍ എന്നതില്‍ നിന്നും വളര്‍ന്ന് ഒരു താരം എന്ന നിലയിലെത്തി നിൽക്കുകയാണ് മോഹന്‍ലാല്‍ ഇന്ന്. ആ താരമൂല്യം ഒരു അസ്സറ്റ്‌ ആവുന്നതിനോടൊപ്പം തന്നെ ചില സമയങ്ങളില്‍ എങ്കിലും ഒരു ബാധ്യതയുമാവുന്നില്ലേ? അതിനെ മറികടക്കുന്നത് എങ്ങനെയാണ്?

ഒരു ക്യാരക്ടർ എന്ന രീതിയിൽ നോക്കി കണ്ടാൽ മതി. ശക്തമായൊരു കഥാപാത്രം. അതിനൊപ്പം ഒരു താരം എന്ന രീതിയിലും ലാലേട്ടനെ ഡിസർവ്വ് ചെയ്യുന്ന സിനിമയാണ് ‘ലൂസിഫർ’.

‘Script to screen process’സില്‍, ഒരു എഴുത്തുകാരന് കിട്ടുന്ന ‘take aways’ എന്താണ്? ‘ലൂസിഫറി’ല്‍ അതെന്തായിരുന്നു?

നമ്മൾ എഴുതിയ ഒരു വാക്കുകളും സംവിധായകൻ അതു കാണുന്ന രീതിയും തമ്മിൽ താദാത്മ്യം വരുമ്പോഴാണ് ഒരു തിരക്കഥ നന്നായി വർക്ക് ആവുക. ആ രീതിയിൽ രാജു കൃത്യമായി ഓരോ വാക്കും രംഗങ്ങളും ഹൃദിസ്ഥമാക്കിയാണ് ‘ലൂസിഫർ’ സംവിധാനം ചെയ്തിരിക്കുന്നത്. വളരെയധികം ആപ്ലിക്കേഷനോടു കൂടിയാണ് ചെയ്തിരിക്കുന്നത്. ഞാനതിൽ ഹാപ്പിയാണ്.

സൂപ്പർസ്റ്റാർ പരിവേഷമുള്ള സ്റ്റാർ-ഡയറക്ടർ കോമ്പിനേഷന് അപ്പുറത്ത്, ലൂസിഫറിന്റെ യുഎസ്‌പി ആയി താങ്കൾ കാണുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?

ലൂസിഫറിലുള്ള ഓരോ ആക്റ്റേഴ്സും അത് മഞ്ജു വാര്യർ ആണെങ്കിലും ടൊവിനോ ആണെങ്കിലും സായ് ചേട്ടനാണെങ്കിലും വിവേക് ഒബ്റോയിയോ നൈല ഉഷയോ ഇന്ദ്രജിത്ത് സുകുമാരനോ ആയികൊള്ളട്ടെ- അവരുടെയെല്ലാം പെർഫോമൻസ് ഈ സിനിമയുടെ യു എസ് പിയാണ്. ഒരു കാരണമില്ലാതെ ഒരാളെ പോലും സിനിമയ്ക്ക് അകത്ത് കാസ്റ്റ് ചെയ്തിട്ടില്ല. എല്ലാവർക്കും ഡിസർവ്വ് ചെയ്യുന്ന ക്യാരക്ടേഴ്സ് തന്നെയാണ് കൊടുത്തിരിക്കുന്നത്. അതുതന്നെയാവും ഈ സിനിമയുടെ യു എസ് പി എന്നു ഞാൻ കരുതുന്നു.

മലയാള സിനിമാ ചരിത്രത്തില്‍ ലൂസിഫര്‍ എങ്ങനെ രേഖപ്പെടുത്തപ്പെടണം എന്നാണു താങ്കള്‍ ആഗ്രഹിക്കുന്നത്?

എന്നെ സംബന്ധിച്ച് എന്റെ ജോലി നന്നായി ചെയ്യുക എന്നതാണ് പ്രധാനം. എങ്ങനെ രേഖപ്പെടുത്തണം എന്നത് കാഴ്ചക്കാരാണ് തീരുമാനിക്കേണ്ടത്. ഞാനതിനെ കുറിച്ച് പറയുന്നത് നല്ലതല്ല, പ്രേക്ഷകർ തീരുമാനിക്കട്ടെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook