മലയാള സിനിമ കണ്ട മികച്ച ഫിലിം മാര്‍ക്കറ്റിംഗുകളില്‍ ഒന്നാണ് പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വന്ന ‘ലൂസിഫറി’ന്റെത്. മാര്‍ച്ച് 28ന് റിലീസ് ചെയ്യപ്പെട്ട ചിത്രം സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുമ്പോഴും പ്രൊമോഷന് തുടരുകയാണ്. സാധാരണ മലയാള സിനിമയുടെ രീതി വച്ച് റിലീസ് ചെയ്തു രണ്ടു ദിവസം, അല്ലെങ്കില്‍ ഏറിയാല്‍ ഒരാഴ്ച, അതോടെ തീരും സിനിമയുടെ പ്രൊമോഷന്. അതിനു വിരുദ്ധമായാണ് ‘ലൂസിഫര്‍’ ഇപ്പോഴും, ‘innovative’ ആയി പ്രൊമോഷന് തുടരുന്നത്. ‘ഇതിനിയും കഴിഞ്ഞില്ലേ?’, ‘തള്ളി മറിച്ചത് മതിയായില്ലേ?’ എന്നൊക്കെ കുറിച്ച് ട്രോളന്മാരും ‘ലൂസിഫറി’നെ വിടാതെ രംഗത്തുള്ളതും പ്രൊമോഷന് മുതല്‍ക്കൂട്ടാകുന്നു
‘ലൂസിഫര്‍’ എത്തിയ വഴികള്‍
‘ലൂസിഫർ’ മലയാളികളിലേക്ക് എത്തിയ വഴി പരിശോധിക്കുമ്പോൾ കൃത്യമായൊരു മാർക്കറ്റിംഗ് സ്ട്രാറ്റജി തന്നെ ചിത്രത്തിനുണ്ടായിരുന്നു എന്നാണ് വെളിപ്പെടുക. സിനിമാരംഗത്ത് തന്നെ ഒരുപക്ഷേ ആദ്യമെന്നു പറയാവുന്ന വേറിട്ടൊരു സ്ട്രാറ്റജിയാണ് ‘ലൂസിഫർ’ ആദ്യം മുതൽ പിൻതുടരുന്നത്. മാർക്കറ്റിംഗിന്റെ സകല സാധ്യതകളും ഉപയോഗിച്ചു കൊണ്ടും മുൻപു സിനിമകളുടെ മാർക്കറ്റിംഗിൽ സംഭവിച്ച പാളിച്ചകളിൽ നിന്നും പാഠം ഉൾകൊണ്ടുമായിരുന്നു ‘ലൂസിഫറി’ന്റെ ഓരോ ചുവടുവെപ്പും.
പ്രൊജക്റ്റ് അനൗൺസ് ചെയ്യപ്പെട്ടതു മുതൽ കൃത്യമായ മാർക്കറ്റിംഗ് പ്ലാനോടു കൂടിയാണ് ‘ലൂസിഫർ’ മുന്നോട്ടു പോയത്. അതില്‍ ആദ്യം എടുത്തു പറയേണ്ടത്, പ്രീറിലീസ് ഹൈപ്പ് കൈകാര്യം ചെയ്ത രീതിയാണ്. ഒട്ടും ചെറിയ ചിത്രമാല്ലാതിരുന്നിട്ടു കൂടി, ഇതൊരു ചെറിയ ചിത്രമാണ് എന്ന് സംവിധായകന് ആവര്‍ത്തിച്ചു പറഞ്ഞു. പുതുമുഖസംവിധായകനാണ്, തെറ്റുകള്‍ പൊറുക്കണം, എന്ന് മുന്‍കൂര്‍ ജാമ്യവും തേടി.
റിലീസിന്റെ ഒരു മാസം മുൻപു തന്നെ ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ ഒന്നൊന്നായി റിലീസ് ചെയ്തു തുടങ്ങി. ചിത്രത്തിലെ കുട്ടികഥാപാത്രങ്ങളിൽ നിന്നു തുടങ്ങി സ്റ്റീഫൻ നെടുമ്പുള്ളിയെന്ന കേന്ദ്രകഥാപാത്രം വരെ ക്രമത്തിൽ പരിചയപ്പെടുത്തികൊണ്ടുള്ള ക്യാരക്ടർ പോസ്റ്റർ സീരീസ് ‘ലൂസിഫർ’ റിലീസിന് ഒരു കൗണ്ട് ഡൗൺ സ്വഭാവമാണ് നൽകിയത്. 27-ാം നാളിൽ പ്രേക്ഷകർക്ക് സർപ്രൈസായി, അതുവരെ അധികം ചർച്ചകളിൽ വന്നിട്ടില്ലാത്ത, അഭ്യൂഹങ്ങളിൽ നിന്നിരുന്ന ഒരു കഥാപാത്രത്തെ കൂടി ലൂസിഫർ ടീം പരിചയപ്പെടുത്തി- സൈദ് മസൂദ്. സംവിധായകൻ പൃഥ്വിരാജും ചിത്രത്തിൽ അഭിനയിക്കുന്നു എന്ന ആ വാർത്ത പലരും കൗതുകത്തോടെയാണ് കേട്ടത്.
Read more: ഇരുപത്തിയേഴാം നാളിലേക്കായി ലൂസിഫർ കാത്തുവച്ച സർപ്രൈസ്
സിനിമയുടെ മാർക്കറ്റിംഗിന് വേണ്ട ‘കീ എലമെന്റുകൾ’ ചിത്രത്തിനകത്തും ലൂസിഫർ ടീം ഒളിപ്പിച്ചുവച്ചിരുന്നു. പ്രധാനമായും ലൂസിഫർ എന്ന പേരിലെ ആദ്യ അക്ഷരമായ ‘L’. ചിത്രത്തിന്റെ ടൈറ്റിലിലും ടെറ്റിൽ കാർഡിലുമെല്ലാം പലപ്പോഴും ‘L’ എന്ന അക്ഷരം പ്രൊജക്റ്റ് ചെയ്യപ്പെട്ടു. ടൈറ്റിൽ കാർഡിൽ ‘മോഹൻലാൽ’ എന്നു പേരെഴുതി കാണിക്കുമ്പോഴും ‘ഇന്റർവെൽ’ എന്നെഴുതി കാണിക്കുമ്പോഴുമെല്ലാം ആ പേരുകളിലെ ‘L’ എന്ന അക്ഷരം പ്രൊജക്റ്റ് ചെയ്യപ്പെട്ടു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിലും ‘L’ ഹാഷ് ടാഗായി (#L ) മാറി. അതെല്ലാം കൃത്യമായൊരു മാർക്കറ്റിംഗ് സ്ട്രാറ്റജിയുടെ ഭാഗമാണെന്ന് വെളിപ്പെടുത്തികൊണ്ടാണ് പിന്നീട് ‘ലൂസിഫർ ആന്ത’വും റിലീസിനെത്തിയത്. ‘L’ എന്ന അക്ഷരത്തിന്റെ പെയ്ത്താണ് ‘ലൂസിഫർ ആന്തം’ നിറയെ.
ഇല്ലുമിനാറ്റി
ചിത്രത്തിന്റെ മാർക്കറ്റിംഗിന് ഉപയോഗിച്ച മറ്റൊരു ഘടകമായിരുന്നു ‘ഇല്ലുമിനാറ്റി’ എന്ന സങ്കൽപ്പം. ‘ലൂസിഫർ’ ഇറങ്ങിയ ശേഷം സമൂഹമാധ്യമങ്ങളിൽ ‘ഇല്ലുമിനാറ്റി’ ചർച്ചകൾ സജീവമായി. ഇല്ലുമിനാറ്റിയെ കുറിച്ചുള്ള ട്രോളുകളും ഫലിതങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡായി. ‘ഇല്ലുമിനാറ്റി’യുടെ ആംഗിളിൽ നിന്നുകൊണ്ട് ചിത്രത്തിന് ഏറെ പൊളിച്ചെഴുത്തുകളും പുനർവ്യാഖ്യാനങ്ങളുമുണ്ടായി. ‘ലൂസിഫർ’ വീണ്ടും കാണാനുള്ള ത്വരയുണ്ടാക്കുന്ന രീതിയിലുള്ളതായിരുന്നു ആ പുനർവ്യാഖ്യാനങ്ങൾ.
‘ലൂസിഫർ’ റിലീസ് ചെയ്തിട്ടും തുടർന്ന ക്യാരക്ടർ പോസ്റ്ററുകളായിരുന്നു മറ്റൊരു മാർക്കറ്റിംഗ് രീതി. ‘ഇതിനിയും തീർന്നില്ലേ’ എന്ന് അതിശയപ്പെടുന്ന പ്രേക്ഷകർക്കു മുന്നിലേക്കാണ് ചിത്രത്തിന്റെ ക്ലൈമാക്സിലെ സർപ്രൈസ് തന്നെ സംവിധായകൻ തുറന്നു വച്ചത്. അബ്രഹാം ഖുറേഷി എന്ന കഥാപാത്രത്തിനെ തന്നെ പോസ്റ്ററിലൂടെ അവതരിപ്പിച്ചു കൊണ്ട് ചിത്രത്തിനൊരു തുടർച്ചയുണ്ടാകുമെന്ന സൂചനകളും പൃഥ്വിരാജ് പങ്കുവച്ചു. ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്തയെ ആരാധകരും ആവേശത്തോടെ വരവേറ്റു.
Read more: ലൂസിഫറി’നു രണ്ടാം ഭാഗമോ? പ്രതീക്ഷയേകി പൃഥിരാജ്
മാറ്റിപ്പരീക്ഷിച്ച മാര്‍ക്കറ്റിംഗ് രീതികള്‍
ചിത്രം തിയേറ്ററുകളിലെത്തിയിട്ട് ഒരു മാസത്തോട് അടുക്കുമ്പോൾ വീണ്ടും മാർക്കറ്റിംഗ് രീതികൾ മാറ്റി പരീക്ഷിക്കുകയാണ് ‘ലൂസിഫർ’ ടീം. 26-04-2019 മുതൽ 16-05-2019 തീയതി വരെ കേരളത്തിലെ ‘ലൂസിഫർ’ സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററുകളിൽ നിന്നും സിനിമ കണ്ടിറങ്ങുന്നവർക്കായി നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ ഓഫർ ചെയ്യുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഇപ്പോഴിതാ, ‘അവഞ്ചേഴ്സിലെ’ തോർ എന്ന സൂപ്പർ ഹീറോയുമായി ‘ലൂസിഫറി’നെ കണക്ട് ചെയ്തുകൊണ്ട് വീണ്ടും കൗതുകക്കാഴ്ചകൾ പ്രേക്ഷകർക്ക് മുന്നിൽ തുറന്നിടുകയാണ് പൃഥ്വിരാജും സംഘവും.
‘ബോക്സ് ഓഫീസ് റെക്കോർഡുകൾ തച്ചു തകർത്ത കേരളീയന്റെ നാടൻ ചുറ്റിക’ എന്ന ക്യാപ്ഷനോടെ പുറത്തിറങ്ങിയ പോസ്റ്ററിനെ അവഞ്ചേഴ്സുമായി ബന്ധിപ്പിക്കുകയാണ് സംവിധായകനായ പൃഥ്വിരാജ്. അവഞ്ചേഴ്സിൽ തോറിനും ‘ലൂസിഫറി’ൽ സ്റ്റീഫൻ നെടുമ്പിള്ളിയ്ക്കു ചുറ്റിക തന്നെ ആയുധം എന്ന ധ്വനിപ്പിക്കുന്ന പോസ്റ്റർ ശ്രദ്ധിക്കപ്പെടുകയാണ്. ‘മാർക്കറ്റിംഗ് സിംഹമേ’ എന്ന കമന്റുമായി ട്രോളന്മാരും രംഗത്തുണ്ട്.
അവഞ്ചേഴ്സിനെ തൊട്ടുള്ള കളി വേണ്ട എന്ന കമന്റോടെ അവഞ്ചേഴ്സ് ആരാധകരും രംഗത്തുണ്ട്. അബ്രഹാം ഖുറേഷി എക്സ് അവഞ്ചർ കൂടെ ആയിരിക്കുമല്ലേ? എന്ന രസകരമായ കമന്റുകളും പോസ്റ്റിനു താഴെ നിറയുകയാണ്.