‘ലൂസിഫറി’ൽ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ ക്യാരക്ടർ പോസ്റ്റർ ഇതു വരെ വരാത്തതെന്തു കൊണ്ട് എന്ന ചോദ്യമാണ് സമൂഹ മാധ്യമങ്ങളിൽ കുറച്ചു ദിവസമായുള്ള ചർച്ച. മോഹൻലാൽ ചിത്രങ്ങളിൽ ഒരു സീനിലെങ്കിലും മിന്നിമറയുന്ന ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്ററാണ് സോഷ്യൽ മീഡിയ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. പ്രേക്ഷകരുടെ ഭാവനയിൽ വിരിഞ്ഞ ട്രോളുകളും ആ ചോദ്യത്തിനു പിന്നാലെ വന്നു കൊണ്ടിരിക്കുകയാണ്.

ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്ററുകൾ ‘ലൂസിഫർ’ ടീം പങ്കു വച്ചിരുന്നു. മഞ്ജു വാര്യർ പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ജതിൻ രാംദാസ് എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് എത്തുന്നത്. ഇന്ദ്രജിത്ത് ഗോവർധനനെയും ഫാസിൽ ഫാദർ നെടുമ്പള്ളിയേയും നൈല ഉഷ അരുന്ധതിയേയും ഷാജോൺ അലോഷി ജോസഫിനെയും സായ്‌കുമാർ മഹേഷ വർമ്മയേയും സാനിയ ഇയ്യപ്പൻ ജാൻവിയേയും അവതരിപ്പിക്കുന്നു. ചിത്രത്തിലെ ചെറുതും വലുതുമായ ഇരുപത്തിനാലോളം ക്യാരക്ടർ പോസ്റ്ററുകൾ കൂടി റിലീസ് ചെയ്യപ്പെട്ടതോടെ ‘ലൂസിഫറി’നെ കുറിച്ചുള്ള ചർച്ചകൾ പല വഴിയ്ക്ക് പുരോഗമിക്കുകയാണ്. ചിത്രത്തിൽ ഏതു വേഷത്തിലാവും ആന്റണി പെരുമ്പാവൂർ എത്തുക എന്നതാണ് പ്രധാന ചർച്ചകളിൽ ഒന്ന്.

ആന്റണി പെരുമ്പാവൂരിന്റെ കഥാപാത്രത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ ശക്തമാണ്. മിക്ക മോഹൻലാൽ ചിത്രങ്ങളിലും ഒഴിച്ചുകൂടാനാവാത്തൊരു സാന്നിധ്യം പോലെ, ചെറിയ ഒരു റോളിലെങ്കിലും ആന്റണി പെരുമ്പാവൂർ എത്താറുണ്ട്. ‘കിലുക്ക’ത്തിലും ‘തേന്മാവിൻ കൊമ്പത്തി’ലും ‘ചന്ദ്രലേഖ’യിലുമൊക്കെ പാസിംഗ് ഷോട്ടുകളിൽ പ്രത്യക്ഷപ്പെട്ട ആന്റണി പെരുമ്പാവൂർ, സ്വന്തം നിർമ്മാണ കമ്പനിയായ ആശിർവാദ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രങ്ങളിലെത്തിയതോടെ കുറെയും കൂടി ശ്രദ്ധേയമായ സീനുകളിലെ സാന്നിധ്യമായി മാറുകയായിരുന്നു. ‘ഒപ്പ’ത്തിൽ ബോട്ടിലെ യാത്രക്കാരനായും ‘വില്ലനി’ൽ പൊലീസ് ഓഫീസറായും ‘ദൃശ്യ’ത്തിൽ പൊലീസുകാരനായും ‘ഒടിയനി’ൽ തേങ്കുറിശ്ശിയിലേക്ക് വൈദ്യുതിയെത്തിക്കാൻ വരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥനായുമൊക്കെ ആന്റണി പെരുമ്പാവൂർ മോഹൻലാൽ ചിത്രങ്ങളിൽ തന്റെ സാന്നിധ്യമറിയിച്ചു. അതു കൊണ്ടു തന്നെ, ‘ലൂസിഫറി’ൽ ആന്റണി പെരുമ്പാവൂരിന്റെ മുഖം ഏതു കഥാപാത്രമായാണ് സ്ക്രീനിൽ തെളിയുക എന്ന ആകാംക്ഷയിലാണ് ഒരു കൂട്ടം പ്രേക്ഷകർ.

 

ഏറെ നാളായി മലയാളസിനിമാലോകത്ത് അലയടിച്ചുകൊണ്ടിരിക്കുന്ന പേരുകളിലൊന്നാണ് ‘ലൂസിഫർ’. പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതു കൊണ്ടു മാത്രമല്ല, മോഹൻലാൽ കൂടാതെ വിവേക് ഒബ്റോയിയും മഞ്ജു വാര്യരും ടൊവിനോ തോമസുമടക്കം വലിയൊരു താരനിര തന്നെ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നു എന്നതും ‘ലൂസിഫറി’നെ കുറിച്ചുള്ള ആകാംക്ഷയും പ്രതീക്ഷകളും ഇരട്ടിപ്പിക്കുകയാണ്. ചിത്രം തിയേറ്ററുകളിലെത്താൻ കഷ്ടിച്ച് രണ്ടാഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോഴും ചിത്രത്തിന്റെ കഥയെ കുറിച്ചോ മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ കുറിച്ചോ കൂടുതൽ വിവരങ്ങളൊന്നും പുറത്തു പറയാതെ അണിയറപ്രവർത്തകർ ചിത്രത്തിന്റെ സസ്‌പെൻസ് സ്വഭാവം നിലനിർത്തുകയാണ്.

ആ അക്ഷമയിൽ നിന്നു തന്നെയാവാം തന്റെതായ രീതിയിൽ ‘ലൂസിഫറി’ന്റെ കഥകൾ വ്യാഖാനിക്കുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നതും. ചിത്രത്തിന്റെ സീനുകളും ഓരോ കഥാപാത്രങ്ങളുടെ പശ്ചാത്തലവും വരെ ഇന്നതാവാം എന്ന രീതിയിലുള്ള ചർച്ചകൾ തകൃതിയായി നടക്കുകയാണ് പല സോഷ്യൽ മീഡിയ വേദികളിലും. തമാശയ്ക്ക് അപ്പുറം അത്തരം ‘ലൂസിഫർ’ വിവർത്തനങ്ങൾ വ്യാപകമായതോടെ സിനിമയെ കുറിച്ചുള്ള കള്ളപ്രചാരണങ്ങൾ അവസാനിപ്പിക്കൂ എന്നാവശ്യപ്പെട്ട് മോഹൻലാലും പൃഥിരാജും മുരളി ഗോപിയുമടക്കമുള്ള ചിത്രത്തിന്റെ അണിയറക്കാരും രംഗത്തു വന്നിരുന്നു. ചിത്രത്തിന്റെ ‘ഇൻട്രോ സീൻ’ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു സ്ക്രീൻ ഷോട്ട് പോസ്റ്റിനൊപ്പം ഷെയർ ചെയ്തായിരുന്നു മോഹൻലാൽ ‘ലൂസിഫറി’നെതിരെയുള്ള പ്രചരണങ്ങൾ അവസാനിപ്പിക്കൂ എന്ന ആവശ്യം ഉന്നയിച്ചത്.

Read more: ‘ലൂസിഫറി’നെ കുറിച്ചുള്ള കളളപ്രചരണങ്ങൾ നിർത്തൂ: മോഹൻലാൽ

ഏപ്രിൽ 29 നാണ് ചിത്രം റിലീസിനെത്തുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ