Mohanlal Starrer Lucifer collects 150 crores in 21 days: റിലീസ് ചെയ്തു 21 ദിവസം കൊണ്ട് 150 കോടി നേടി ചരിത്രം സൃഷ്ടിച്ച് ‘ലൂസിഫര്‍’. മോഹന്‍ലാല്‍ നായകനായ ചിത്രം സംവിധാനം ചെയ്തത് പൃഥ്വിരാജ് ആണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ‘ലൂസിഫര്‍’ നിര്‍മ്മിച്ചത്.
“രാജാക്കന്മാരാണ് ചുറ്റിലും. എന്നാല്‍ ചക്രവര്‍ത്തി ഒന്നേയുള്ളൂ. അതുല്യനായ ഈ ചക്രവര്‍ത്തി 21 ദിവസം കൊണ്ട് 150 കോടിയുടെ ബോക്സോഫീസ് കൊടിമുടി കടന്നിരിക്കുന്നു. ഉന്നതങ്ങളിലേക്കുള്ള കുതിപ്പ് തുടരുന്നു,” ‘ലൂസിഫര്‍’ ബോക്സോഫീസ് വരവ് പ്രഖ്യാപിച്ചു കൊണ്ട് അണിയറപ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Lucifer: ബോക്സോഫീസിന്റെ രാജാവ്
43 രാജ്യങ്ങളിലായി റിലീസിനെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച കളക്ഷനും പ്രതികരണവുമാണ് നേടുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ബോക്സ് ഓഫീസിനെ ഇളക്കി മറിക്കുന്ന, തിയേറ്ററുകളെ ത്രസിപ്പിക്കുന്ന ഒരു മോഹന്‍ലാല്‍ ചിത്രം ലഭിച്ച സന്തോഷത്തിലാണ് ആരാധകരും.
മോഹന്‍ലാലിനെ കൂടാതെ മഞ്ജു വാര്യര്‍, വിവേക് ഒബ്രോയ്, ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ തോമസ് തുടങ്ങി ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ബോളിവുഡ് താരം വിവേക് ഒബ്റോയ് ആദ്യമായാണ് മലയാളത്തിൽ അഭിനയിക്കുന്നത്. അദ്ദേഹം അവതരിപ്പിച്ച ബോബി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
Prithviraj-Mohanlal’s Lucifer Movie Review: ‘ലൂസിഫര്‍’ റിവ്യൂ
ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായിട്ടായിരിക്കും സൂപ്പർ സ്റ്റാർ പദവിയിൽ നിൽക്കുന്ന ഒരു നടൻ മറ്റൊരു സൂപ്പർ സ്റ്റാറിനെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ഒരു കൗതുകത്തിന്റെയോ ഭ്രമത്തിന്റെയോ പുറത്ത് സംവിധാനത്തിലേക്കു പ്രവേശിച്ച നടന്മാർ മുൻപും ഉണ്ടായിട്ടുണ്ടാകും. ഇതു പക്ഷേ അതു പോലെയല്ല. തന്റെ തിരക്കിട്ട അഭിനയ ജീവിതത്തിനിടയിലും, സംവിധാനം എന്ന കലയോടുള്ള പ്രതിപത്തി കെടാതെ സൂക്ഷിച്ചു, അതിനാവശ്യമുള്ള പഠനങ്ങള്‍ നടത്തി, തന്നിലെ സര്‍ഗാത്മകതയെ സജ്ജമാക്കിയാണ് പൃഥിരാജ് സുകുമാരന്‍ സംവിധായകന്റെ കസേരയില്‍ വന്നിരിക്കുന്നത്.
ആ പ്രത്യേകത തന്നെയാവും ‘ലൂസിഫര്‍’ എന്ന ചിത്രത്തെ സിനിമാ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ എടുത്തു പറയപ്പെടുക. അതിനൊപ്പം തന്നെ ‘ലൂസിഫർ’ എന്ന ചിത്രത്തിന്റെ യു എസ് പിയായി (Unique Selling Proposition) കണക്കാക്കാവുന്നത്, ഒരു നടൻ എന്നതിനേക്കാൾ ഉപരി, ആരാധകര്ക്കിഷ്ടമുള്ള, താര- പരിവേഷമുള്ള മോഹൻലാലിനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ്. എന്നും ബോക്സ് ഓഫീസിനെ ത്രസിപ്പിക്കുന്ന, അതിലും തന്റെ തന്നെ റെക്കോർഡുകൾ പല തവണ ഭേദിച്ച മോഹൻലാൽ ‘ലൂസിഫറി’ലൂടെ ബോക്സോഫീസിലെ തന്റെ ശക്തി ഒന്ന് കൂടി തെളിയിക്കുകയാണ്.
Read More: Lucifer Movie Review: താരപ്രഭയില്‍ തിളങ്ങുന്ന ‘ലൂസിഫര്‍’
Lucifer Sequel on cards?: ‘ലൂസിഫറി’ന് രണ്ടാം ഭാഗം?
അതിനിടയില്‍ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ബുധനാഴ്ച രാവിലെ വന്ന പൃഥ്വിരാജിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റും അതിനൊപ്പമുള്ള ഒരു കൊച്ചു വാചകവും ആരാധകരെ ആകാംക്ഷാഭരിതരാക്കിയിട്ടുണ്ട്. ‘കണ്ണിന് കാണാന്‍ കഴിയുന്നതിനെക്കാള്‍ കൂടുതല്‍ ഉണ്ട്,’ എന്നായിരുന്നു പൃഥ്വിയുടെ പോസ്റ്റ്.
‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമാണോ പൃഥ്വിരാജ് ഉദ്ദേശിച്ചത്, അതോ ഇനി പുതിയ ചിത്രം വല്ലതും വരുന്നുണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സിനിമയില്‍ പരാമര്‍ശിക്കുന്ന ‘ഇല്ലുമിനാറ്റി’ അംഗമായ അബ്രഹാം ഖുറേഷിയെ കുറിച്ചൊരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടോ എന്നാണ് കൂടുതല്‍ പേരുടേയും സംശയം.
‘മനുഷ്യനെ ഇങ്ങനെ ത്രില്ലടിപ്പിക്കാതെ പറയാനുള്ളത് നേരേ ചൊവ്വേ പറഞ്ഞു കൂടെ,’ എന്നൊക്കെയാണ് ആകാംക്ഷ അടക്കാനാകാതെ ആരാധകര്‍ ചോദിക്കുന്നത്. എന്തായാലും പൃഥ്വിരാജ് ഉദ്ദേശിച്ചതെന്താണെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തണം. അതു വരെ കാത്തിരിക്കേണ്ടി വരും.
Read More: കണ്ടതൊന്നുമല്ല, കാണാനിരിക്കുന്നതേയുള്ളൂ: പൃഥ്വിരാജിന്റെ മുന്നറിയിപ്പ്
