Lucifer Review: ‘ലൂസിഫര്‍’, മലയാള സിനിമയിലെ സൂപ്പര്‍ താരം മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു സൂപ്പര്‍ താരം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം. ഹൈപ്പിന് ഇതില്‍ പരമൊന്നും വേണ്ട. ഒപ്പം മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സായ്കുമാര്‍, തുടങ്ങി വമ്പന്‍ താരനിരയും. പ്രതീക്ഷ നല്‍കുന്നതായിരുന്നു ഈ പേരുകള്‍. ‘ലൂസിഫറി’ലേക്ക് എത്തുമ്പോള്‍ ആദ്യം പറഞ്ഞ രണ്ട് പേരുകളാണ് ചിത്രത്തിലുടനീളം നിറഞ്ഞ് നില്‍ക്കുന്നത്, പൃഥ്വിരാജും മോഹന്‍ലാലും.
തന്റെ ഇഷ്ട താരത്തെ തനിക്കും തന്നെപ്പോലെയുള്ള ആരാധകര്‍ക്കും ഇഷ്ടപ്പെടുന്നത് പോലെ സ്‌ക്രീനിലെത്തിക്കുകയാണ് തന്റെ ആഗ്രഹമെന്ന് പൃഥ്വിരാജ് ‘ലൂസിഫറി’ന്റെ പ്രൊമോഷന്‍ സമയത്ത് പറഞ്ഞിട്ടുണ്ട്. ആ വാക്കുകളെ അക്ഷരം പ്രതി ശരിവെക്കുന്നതാണ് ‘ലൂസിഫര്‍’ എന്ന ചിത്രം. തുടക്കം മുതല്‍ ഒടുക്കം വരെ മോഹന്‍ലാല്‍ ആരാധകര്‍ക്ക് വേണ്ടി, മറ്റൊരു മോഹന്‍ലാല്‍ ആരാധകന്‍ തയ്യാറാക്കിയ ചിത്രം. തിരക്കഥയിലും മെയ്ക്കിങിലുമെല്ലാം മോഹന്‍ലാല്‍ എന്ന താരത്തെയും അദ്ദേഹത്തിന്റെ താരമൂല്യത്തേയും മാത്രം ലക്ഷ്യം വച്ചു കൊണ്ടുള്ള സിനിമയാണ് ‘ലൂസിഫര്‍’.
Read More: Lucifer Movie Release Live Updates: ആദ്യ പ്രദര്‍ശനം കാണാന്‍ കുടുംബസമേതം മോഹന്‍ലാലും പ്രിഥ്വിയും
ട്രെയിലറില്‍ നിന്നു തന്നെ ചിത്രത്തിന്റെ കഥ ഒരു പരിധി വരെ വായിച്ചെടുക്കാന്‍ സാധിച്ചിരുന്നു. വന്‍ ജനസമ്മിതിയുള്ള നേതാവായ പികെആര്‍ എന്ന പികെ രാംദാസിന്റെ മരണത്തില്‍ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. രാംദാസിന്റെ മരണത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്ന മറ്റ് നേതാക്കന്മാരും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവരും ഒരു വശത്തും പികെആര്‍ മകനെ പോലെ സ്‌നേഹിച്ച സ്റ്റീഫന്‍ നെടുമ്പള്ളി മറുവശത്തും. ഇവര്‍ക്കിടയില്‍ നടക്കുന്ന ചതിയുടേയും പ്രതികാരത്തിന്റേയും കഥയാണ് ‘ലൂസിഫര്‍’ പറയുന്നത്.
മോഹന്‍ലാലെന്ന സൂപ്പര്‍ താരത്തെ, അദ്ദേഹത്തിന്റെ സ്റ്റാര്‍ഡത്തെ ഉപയോഗപ്പെടുത്തുന്ന ചിത്രം എന്ന നിലയ്ക്കു, ലാല്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് ‘ലൂസിഫറി’ന്റെ കഥ പ്രവചിക്കവുനതാണ്. എന്നാല്‍ ‘എന്ത് സംഭവിക്കുന്നു’എന്നതിനേക്കാള്‍ ‘എങ്ങനെ സംഭവിക്കുന്നു ‘എന്നതിനാണ് പൃഥ്വിരാജ് എന്ന സംവിധായകന്‍ ശ്രദ്ധിച്ചിരിക്കുന്നത്. ഇത് സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അമാനുഷികനാക്കുന്നതിനോടൊപ്പം പലയിടത്തും ആകാംഷ നഷ്ടപ്പെടുത്തുന്നുമുണ്ട്, പ്രത്യേകിച്ചും അവസാന ഭാഗങ്ങളില്‍.
പ്രകടനത്തില്‍ മോഹന്‍ലാല്‍ എന്ന താരം തന്നെയാണ് നിറഞ്ഞു നില്‍ക്കുന്നത്. മോഹന്‍ലാല്‍ എന്ന നടനേക്കാള്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തെയാണ് പൃഥ്വിരാജ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ താരമൂല്യത്തെ അതിന്റെ പരമാവധി തന്നെ ഉപയോഗപ്പെടുത്താന്‍ തിരക്കഥാകൃത്തായ മുരളി ഗോപിയും ശ്രമിച്ചിട്ടുണ്ട്. അതിനായി ‘ഇരുപതാം നൂറ്റാണ്ട്’ മുതല്‍ ‘നരസിംഹം’ വരെയുള്ള ചിത്രങ്ങളുടെ റഫറന്‍സുകളും ഉപയോഗിച്ചിട്ടുണ്ട്. ഇവയൊന്നും മുഴച്ച് നില്‍ക്കാതെ തന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതില്‍ പൃഥ്വിരാജിലെ ആരാധകനും സംവിധായകനും ഒരു പോലെ അഭിമാനിക്കാം.
ചിത്രത്തില്‍ ഒരു ഘട്ടത്തില്‍ സായ് കുമാര്‍ അവതരിപ്പിക്കുന്ന വര്‍മ്മ പറയുന്നുണ്ട്, നേതാവും രാഷ്ട്രീയക്കാരും ‘നരസിംഹം’ സിനിമയിലെ താരവും സഹനടന്മാരും പോലെയാണെന്ന്. താരത്തെ കുറിച്ച് പുകഴ്ത്തി പറയുന്നത് വരെ മാത്രമാണ് സഹനടന്മാരുടെ റോള്‍. ‘ലൂസിഫറി’ലേയും കഥാപാത്രങ്ങള്‍ മോഹന്‍ലാല്‍ എന്ന താരത്തെ ചുറ്റിപ്പറ്റിയാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. സ്‌ക്രീന്‍ പ്രസന്‍സില്‍ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്നത് വില്ലന്‍ റോളിലെത്തിയ വിവേക് ഒബ്‌റോയ് ആണ്. പ്രകടനത്തിലും വിവേക് തന്നെയാണ് മോഹന്‍ലാലിന് ഒപ്പമോ തൊട്ട് പിന്നിലായോ എത്തി നില്‍ക്കുന്നത്. സ്റ്റീഫനൊത്തെ വില്ലന്‍ തന്നെയാണ് ബോബി. വിനീതിന്റെ ഡബ്ബിങ് മികവുറ്റതായിരുന്നു. ബോബിക്ക് ജീവന്‍ നല്‍കിയത് ആ ശബ്ദമാണ്. എന്നാല്‍ ക്ലൈമാക്‌സിലേക്ക് എത്തുമ്പോള്‍ ബോബി ഒരു ചെറുത്തു നില്‍പ്പിന് പോലും മുതിരാതെ എളുപ്പം തോല്‍വി സമ്മതിക്കുന്നു. അയാളുടെ അതു വരെയുള്ള ക്യാരക്ടറിന് നേര്‍ വിപരീതമാണ് ആ തോല്‍വി.
മഞ്ജുവാര്യരുടെ കഥാപാത്രത്തിന് ചിത്രത്തിലുണ്ടാകുന്ന റോള്‍ എന്തെന്ന് ഊഹിച്ചെടുക്കാന്‍ സാധിക്കുന്നത് തന്നെയാണെങ്കിലും തന്റെ പ്രകടനം കൊണ്ട് മഞ്ജു അതിനെ മറികടക്കുന്നുണ്ട്. സമീപ കാലത്ത് മഞ്ജു ഏറ്റവും വൃത്തിയായി അവതരിപ്പിച്ച കഥാപാത്രമാകും പ്രിയദര്‍ശിനി രാംദാസ്. തനിക്ക് ലഭിച്ച ചുരുങ്ങിയ സ്‌ക്രീന്‍ സമയം ഏറ്റവും മനോഹരമായി ഉപയോഗപ്പെടുത്തിയത് ടൊവിനോയാണ്. ചിലപ്പോഴൊക്കെ ദേശീയ രാഷ്ട്രീയത്തേയും രാഹുല്‍ ഗാന്ധിയേയും ഓര്‍മ്മപ്പെടുത്തുന്നുമുണ്ട് ടൊവിനോയുടെ കഥാപാത്രം. മറ്റൊരു പ്രധാന താരമായ പൃഥ്വിരാജ് അവതരിപ്പിച്ച സെയ്യ്ദ് മസൂദ് എന്ന കഥാപാത്രം. പക്ഷേ, പൃഥ്വിരാജ് എന്ന നടനെയോ താരത്തെയോ സിനിമ ആവശ്യപ്പെടുന്നില്ലെന്നു തോന്നി. ഇന്ദ്രജിത്തിന്റേത് ചെറിയ റോളായിരുന്നിട്ടും തന്നിലെ അഭിനയമികവ് കൊണ്ട് ഇന്ദ്രജിത്ത് ഗോവര്‍ദ്ധനെ മനോഹരമാക്കി.
Read More about Lucifer: ‘ലൂസിഫര്‍’ എത്തി: ആവേശത്തിരയില്‍ ആരാധകര്‍
നേരത്തെ പറഞ്ഞത് പോലെ, അപ്രതീക്ഷിതമായൊന്നും തന്നെ ‘ലൂസിഫറി’ലില്ല. എന്നാല്‍ പ്രതീക്ഷിച്ച എല്ലാമില്ല താനും. ആദ്യ പകുതിയിലെ ബില്‍ഡ് അപ്പും രണ്ടാം പകുതിയിലെ ടേണിങ് പോയ്ന്റും സൃഷ്ടിച്ച ഓളം ക്ലൈമാക്‌സിലേക്ക് എത്തുമ്പോള്‍ എത്രത്തോളം മുതലെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നത് സംശയമാണ്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയിലെ ചെകുത്താന്റെ തിന്മ അതിന്റെ പൂര്‍ണതയിലേക്ക് എത്താതെ നില്‍ക്കുന്നുണ്ട്. പ്രത്യേകിച്ചും, ഇത് തിന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണെന്ന് ചിത്രം തുടക്കം മുതല്‍ക്കെ പ്രഖ്യാപിക്കുമ്പോള്‍.
ആ അര്‍ത്ഥത്തില്‍ മോഹന്‍ലാല്‍ എന്ന താരത്തിലെ ‘സര്‍വ്വ രക്ഷകന്‍’ ഇമേജിനെ മാത്രമേ പൃഥ്വിരാജിന് ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടുള്ളൂ. അദ്ദേഹത്തിലെ നെഗറ്റീവ് ഷെയ്ഡ് പുറത്ത് കൊണ്ടു വരാന്‍ സാധിച്ചിട്ടില്ല. ഇവിടെ ചിത്രം, അടുത്തിടെ ഇറങ്ങിയ തമിഴ് സിനിമയായ ‘പേട്ട’യെ ഓര്‍മ്മപ്പെടുത്തുകയാണ്. രജനികാന്തെന്ന താരത്തേയും നടനേയും ഒരുപോലെ ഉപയോഗിക്കാന്‍ കാര്‍ത്തിക് സുബ്ബരാജിലെ സംവിധായകന് സാധിച്ചിട്ടുണ്ട് ‘പേട്ട’യില്‍. തന്നിലെ രജനി ഫാനിനെ കാര്‍ത്തിക് ‘പേട്ട’യിലൂടെ ജീവന്‍ നല്‍കിയപ്പോള്‍ ലഭ്യമായത് ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് കരുതിയ, ‘പടയപ്പ’യിലും ‘ബാഷ’യിലുമൊക്കെ കണ്ട ‘രജനി’ മാജിക്കാണ്.
പ്രശംസ അർഹിക്കുന്ന മറ്റൊരു വ്യക്തി ദീപക് ദേവാണ്. ദീപക്കിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മൂഡിനൊപ്പം ചേർന്നു നില്‍ക്കുന്നതാണ്. മാസ് സിനിമയ്ക്ക് യോജിക്കുന്നതാണ് ദീപക്കിന്റെ പശ്ചാത്തല സംഗീതം. മലയാളത്തിലെ ഏറ്റവും അണ്ടർ റേറ്റഡ് സംഗീത സംവിധായകരിലൊരാളാണ് താനെന്ന് ദീപക് ഓർമ്മപ്പെടുത്തുന്നു. സുജിത് വാസുദേവിന്റെ ക്യാമറയും എടുത്തു പറയേണ്ടതാണ്.
ആകെ മൊത്തം നോക്കി കാണുമ്പോള്‍, പൃഥ്വിരാജ് എന്ന മോഹന്‍ലാല്‍ ഫാന്‍ തന്നെപ്പോലെയുള്ള മോഹന്‍ലാല്‍ ആരാധകര്‍ക്കു വേണ്ടി തയ്യാറാക്കിയ ചിത്രമാണ് ‘ലൂസിഫര്‍’. മോഹന്‍ലാല്‍ എന്ന താരത്തിന്റെ ആരാധകരെ ‘ലൂസിഫര്‍’ ഒരിക്കലും നിരാശരാക്കില്ല.