Vivek Oberoi on Mohanlal-Prithviraj Lucifer: പത്തു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നൂറു കോടി ക്ലബ്ബില്‍ കയറിയ മലയാള ചിത്രം. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഒരുപക്ഷേ ആദ്യമായി ഒരു സൂപ്പര്‍ സ്റ്റാര്‍, മറ്റൊരു സൂപ്പര്‍ സ്റ്റാറിനെ സംവിധാനം ചെയ്ത ചിത്രം. വിശേഷങ്ങള്‍ ഏറെയാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ വന്ന ‘ലൂസിഫറി’ന്.
ചിത്രത്തിലെ നായക കഥാപാത്രമായ സ്റ്റീഫന്‍ നെടുമ്പിള്ളിയെ ലാല്‍ ആരാധകര്‍ നെഞ്ചേറ്റിപ്പോള്‍, അതിനൊപ്പം തന്നെ ചേര്‍ത്ത് വച്ച മറ്റൊരു പേരുമുണ്ട്. ചിത്രത്തില്‍ ബോബി എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ബോളിവുഡ് താരം വിവേക് ഒബ്റോയുടേതാണത്. ഒരൊറ്റ ചിത്രം കൊണ്ട് തന്നെ മലയാളിയ്ക്ക് മറക്കാനാവാത്ത തരത്തില്‍ മനസ്സില്‍ സ്ഥാനം പിടിച്ചിരിക്കുന്നു അദ്ദേഹം.
മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവര്‍ക്കൊപ്പമുള്ള ‘ലൂസിഫര്‍’ അനുഭവങ്ങള്‍, വിവേക് ഒബ്റോയ് പങ്കു വയ്ക്കുന്നു, ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച ഈ പ്രത്യേക അഭിമുഖത്തില്‍.
ലാലേട്ടനും രാജുവും
മികച്ച നടന്മാര്‍ ആണ് ഇരുവരും. ‘കമ്പനി’യ്ക്ക് ശേഷം ലാലേട്ടനുമായി അഭിനയിക്കുന്ന ചിത്രമാണ് ‘ലൂസിഫര്‍’. പതിനാറു-പതിനേഴു വര്‍ഷങ്ങള്‍ കഴിഞ്ഞു കാണും. രാജു ഒരു വലിയ ‘റെവലേഷൻ’ ആയിരുന്നു എനിക്ക്. ഷൂട്ടിംഗ് നടന്ന ആദ്യ ദിനമാണ് ഞങ്ങള്‍ ആദ്യമായി നേരില്‍ കാണുന്നത്. രാജുവിനോടുള്ള എന്റെ ആദ്യ പ്രതികരണം തന്നെ ‘നീ ഒരു ഡെബ്യൂ’ ഡയറക്ടര്‍ ആണ് എന്ന് വിശ്വസിക്കാനാവുന്നില്ല’ എന്നാണ്. പരിചയസമ്പന്നനായ ഒരു സംവിധായകന് എത്ര കൃത്യതയുണ്ടാകുമോ അത് രാജുവിന് ഉണ്ടായിരുന്നു. എട്ടു ദിവസം കൊണ്ട് നൂറു കോടി ‘ലൂസിഫര്‍’ കടന്നു എന്നത് രാജുവിനെക്കുറിച്ചുള്ള എന്റെ വിലയിരുത്തലിന്റെ സാക്ഷ്യം കൂടിയാണ്.
Read More: മലയാളത്തിലെ അരങ്ങേറ്റം ലാലേട്ടനോടൊപ്പം മതിയെന്ന് തീരുമാനിച്ചിരുന്നു: വിവേക് ഒബ്റോയ്
നെഗറ്റീവ് റോളുകള്‍ ചെയ്യുന്നതിനെക്കുറിച്ച്?
ഞാന്‍ കഥാപാത്രങ്ങളെ ‘ബ്ലാക്ക്-വൈറ്റ്’ എന്ന് വേര്‍തിരിച്ചു കാണാറില്ല. പല തലങ്ങളിലുളള, ‘ലേയേര്‍ഡ്’ ആയ കഥാപാത്രങ്ങളെയാണ് എനിക്ക് ഇഷ്ടം. ‘ലൂസിഫറി’ലെ ബോബി അത്തരത്തില്‍ ഒരു കഥാപാത്രമാണ്. ലാലേട്ടന്റെ കഥാപാത്രവും ഞാന്‍ അവതരിപ്പിച്ച ബോബിയെപ്പോലെ തന്നെയാണ്. കുറ്റമറ്റവരല്ല ഇരുവരും. അത് കൊണ്ട് തന്നെ അവര്‍ തമ്മിലുള്ള യുദ്ധം തിന്മയും തിന്മയും തമ്മിലാകുന്നു.
‘ലൂസിഫര്‍’ പ്രതികരണങ്ങള്‍?
മികച്ച പ്രതികരണങ്ങള്‍ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രേക്ഷകരും നിരൂപകരും ഒരു പോലെ സ്വീകരിച്ചു എന്നതില്‍ സന്തോഷം. ലാലേട്ടനെയും രാജുവിനെയും മഞ്ജുവിനെയും പോലെ പ്രതിഭാധനരായവര്‍ എന്റെ അഭിനയത്തെ അഭിനന്ദിച്ചതില്‍ അഭിമാനിക്കുന്നു. മലയാളത്തില്‍ ഇനിയും അഭിനയിക്കണം എന്ന് പറഞ്ഞു സ്നേഹത്തോടെ ധാരാളം പേര്‍ വിളിക്കുന്നുണ്ട്.
മനോഹരമായ ഒരു ചിത്രമായിരുന്നു ‘ലൂസിഫര്‍’. അതിലെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. ചെയ്യാന്‍ പ്രയാസമുള്ള ഒരു വേഷം തന്നെയായിരുന്നു ‘ലൂസിഫറി’ലേത്. വളരെ ‘ഫൈന്‍’ ആയ കഥാപാത്രം. ഞാനത് നന്നായി അവതരിപ്പിച്ചു എന്ന് വിശ്വസിക്കുന്നു.
വേറെ മലയാള ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ടോ?
ഭാവിയില്‍ എന്തൊക്കെ ചെയ്യും എന്ന് അറിയില്ല. വളരെ ‘ഇന്‍ട്യൂട്ടിവ്’ ആയ ഒരാളാണ് ഞാന്‍. ഹിന്ദി അല്ലാത്ത നാല് ഭാഷകളില്‍ അഭിനയിക്കണം എന്ന് തോന്നി. എന്റെ മനസ്സ് അങ്ങനെ പറഞ്ഞത് കൊണ്ട് ഞാന്‍ അഭിനയിച്ചു. ഒരു നല്ല തിരക്കഥ, എനിക്ക് പറ്റിയ റോള്‍, എന്നിവ കിട്ടിയാല്‍ മലയാളം എന്നല്ല, ഭോജ്പുരിയിലോ, പഞ്ചാബിയിലോ ഏതു ഭാഷയില്‍ വേണമെങ്കില്‍ ഞാന്‍ അഭിനയിക്കും.
കേരളത്തിലെ ആരാധകരോട് എന്താണ് പറയുന്നുള്ളത്?
എനിക്ക് തരുന്ന എല്ലാ സ്നേഹത്തിനും നന്ദി. ഇനിയും മലയാള ചിത്രങ്ങള്‍ ചെയ്യാന്‍ സാധിക്കും എന്ന് കരുതുന്നു.
Read More: Lucifer Review: ‘ലൂസിഫർ’: പൃഥ്വിരാജ് എന്ന മോഹൻലാൽ ‘ഫാൻ ബോയ്’യുടെ സമർപ്പണം