Lucifer- Madhuraraja Sequel: മലയാളസിനിമയിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സ്വീകലുകൾ ട്രെൻഡായി തുടങ്ങുകയാണ്. അടുത്തിടെ റിലീസിനെത്തിയ സൂപ്പർസ്റ്റാർ ചിത്രങ്ങളായ ‘ലൂസിഫർ’, ‘മധുരരാജ’ തുടങ്ങിയ ചിത്രങ്ങൾക്കും തുടർ ഭാഗങ്ങളുണ്ടാകുമെന്ന വാർത്തകളെ ആവേശത്തോടെയാണ് സമൂഹമാധ്യമങ്ങൾ സ്വാഗതം ചെയ്യുന്നത്.
‘പോക്കിരിരാജ’യുടെ രണ്ടാം ഭാഗമായി തിയേറ്ററുകളിൽ എത്തിയ ‘മധുരരാജ’യ്ക്ക് വീണ്ടും തുടർച്ചയുണ്ടാകുമെന്ന സൂചന നൽകി കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. ഇലക്ഷനിൽ ജയിച്ച് നിയമസഭയിലെത്തുന്ന രാജയുടെയും അനുനായികളുടെയും ദൃശ്യത്തിലാണ് സിനിമ അവസാനിക്കുന്നത്. മധുരരാജയിൽ നിന്നും മിനിസ്റ്റർ രാജയായി മാറുന്ന രാജയുടെ പ്രയാണം തുടരുമെന്ന സൂചനയാണ് ക്ലൈമാക്സിലൂടെ സംവിധായകൻ വൈശാഖ് നൽകുന്നത്. എന്നാൽ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് സംവിധായകനോ അണിയറക്കാരോ പ്രതികരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം, പ്രേക്ഷകർക്ക് സർപ്രൈസ് ആയിട്ടാണ് ‘ലൂസിഫറി ‘നു രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനകൾ സംവിധായകൻ പൃഥ്വിരാജും തിരക്കഥാകൃത്തായ മുരളി ഗോപിയും ചേർന്ന് സമ്മാനിച്ചിരിക്കുന്നത്. ‘ലൂസിഫർ’ ബോക്സ് ഓഫീസ് റെക്കോാർഡുകളെല്ലാം തകർത്ത് വിജയകരമായി മുന്നേറി കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു, പ്രേക്ഷക പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് കൂടുതൽ വരാനിരിക്കുന്നു എന്ന വാക്കുകളോടെ മുരളി ഗോപിയുടെ പോസ്റ്റ് എത്തുന്നത്. “ഈ വലിയ വിജയത്തിനു നന്ദി. കൂടുതൽ വരാനിരിക്കുന്നു, ഇൻശാ അള്ളാ!’ എന്നായിരുന്നു മുരളിഗോപിയുടെ വരികൾ. അതിനു പിന്നാലെ ‘കൂടുതൽ വരാനിരിക്കുന്നു’ എന്ന ക്യാപ്ഷനോടെ പൃഥ്വിയും പോസ്റ്റ് ഷെയർ ചെയ്തു.
Read more: ‘ലൂസിഫറി’നു രണ്ടാം ഭാഗമോ? പ്രതീക്ഷയേകി പൃഥിരാജ്
കഴിഞ്ഞ ദിവസം, പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്ത പുതിയ ക്യാരക്റ്റർ പോസ്റ്ററും ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകും എന്ന സൂചനകളാണ് നൽകുന്നത്. ചിത്രത്തിന്റെ ടെയിൽ എൻഡിൽ സർപ്രൈസ് ആയി വെളിപ്പെടുത്തുന്ന ‘അബ്രഹാം ഖുറേഷി’ എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ വേറിട്ട മുഖം വെളിപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്റർ ഷെയർ ചെയ്തു കൊണ്ട് പൃഥ്വിരാജ് കുറിച്ച വാക്കുകളാണ് പ്രേക്ഷകർക്ക് ആവേശം നൽകിയത്. ‘ഒടുക്കം മറ്റൊരു തുടക്കം മാത്രം,’ എന്നാണ് പൃഥ്വിരാജ് കുറിച്ചത്. എന്തായാലും രണ്ടു മാസ്സ് ചിത്രങ്ങളുടെയും തുടർ ഭാഗങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് സൂപ്പർസ്റ്റാറുകളുടെ ആരാധകർ.
ജീവിതഗന്ധിയായ സിനിമകൾ കാണുമ്പോഴൊക്കെ അതിലെ കഥാപാത്രങ്ങൾ ഇപ്പോൾ എവിടെയാവാം, എന്തു ചെയ്യുകയാവാം തുടങ്ങി പ്രേക്ഷകരിൽ ഉയരുന്ന സ്വാഭാവികമായ കൗതുകമാണ് പലപ്പോഴും രണ്ടാം ഭാഗങ്ങളുടെ വിജയങ്ങൾക്ക് കാരണമാവാറുള്ളത്. മോഹൻലാൽ- ശ്രീനിവാസൻ- സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടിൽ പിറന്ന നാടോടിക്കാറ്റ്- പട്ടണപ്രവേശം- അക്കരെ അക്കരെ അക്കരെ, മമ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുക്കെട്ടിന്റെ സേതുരാമയ്യർ സിബിഐ സീരീസ് എന്നു തുടങ്ങി ഏറെ ശ്രദ്ധേയമായ സീക്വലുകൾ മുൻപും ഉണ്ടായിട്ടുണ്ട്.
Read more: വീണ്ടും സേതുരാമയ്യർ: ‘സിബിഐ’യ്ക്ക് അഞ്ചാം ഭാഗം വരുന്നു
മലയാളത്തിലെ ഏറ്റവും കൂടുതൽ തുടർ ഭാഗങ്ങളുണ്ടായ സീക്വൽ സീരീസ് എന്നു തന്നെ സേതുരാമയ്യർ സിബിഐയെ വിശേഷിപ്പിക്കാം. ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’, ‘ജാഗ്രത’, ‘സേതുരാമയ്യർ സിബിഐ’, ‘നേരറിയാൻ സിബിഐ’ തുടങ്ങി നാലു തവണയാണ് ചിത്രത്തിന് തുടർ ഭാഗങ്ങൾ ഉണ്ടായത്. കുശാഗ്രബുദ്ധിയുള്ള സിബിഐ ഓഫീസറായി മമ്മൂട്ടി സ്ക്രീനിൽ നിറഞ്ഞ സിബിഐ സിരീസിന്റെ അഞ്ചാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു എന്നും വാർത്തകളുണ്ട്.