ബുധനാഴ്ചയാണ് ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ് ഫാദറിന്റെ ട്രെയിലറെത്തിയത്. ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയെന്ന മാസ് ഹീറോയെ അവതരിപ്പിക്കുന്നത് ചിരഞ്ജീവിയാണ്. ട്രെയിലർ പുറത്തുവന്നതോടെ മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളിയേയും ചിരഞ്ജീവിയുടെ കഥാപാത്രത്തെയും താരതമ്യം ചെയ്യുകയാണ് സോഷ്യൽ മീഡിയ.
ട്രെയിലറിൽ പൊലീസുകാരന്റെ നെഞ്ചിലേക്കു കാലുപൊക്കി ചവിട്ടുന്ന ചിരഞ്ജീവിയുടെ സീനാണ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്. ചില ആക്‌ഷൻ രംഗങ്ങൾ മോഹൻലാലിനു മാത്രം ചെയ്യാൻ പറ്റുന്നതാണെന്നും അത് മറ്റാർക്കും അനുകരിക്കാനാവില്ലെന്നാണ് ഒരു കൂട്ടം ആരാധകർ പറയുന്നത്. ലൂസിഫറിൽ ആറടി പൊക്കത്തിൽ കാൽ പൊക്കി എതിരാളിയുടെ നെഞ്ചിൽ ചവിട്ടുന്ന മോഹൻലാലിന്റെ കിക്ക് വൈറലായിരുന്നു. ഗോഡ്ഫാദറിൽ എത്തുമ്പോൾ ബെഞ്ചിൽ ഇരിക്കുന്ന പോലീസുകാരന്റെ നെഞ്ചിൽ കാൽ വച്ചിരിക്കുന്ന ചിരഞ്ജീവിയെ ആണ് കാണാനാവുക.

മോഹന്‍രാജ(ജയം രാജ)യാണ് ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഒരുക്കുന്നത്. എസ്. തമന്‍ ആണ് സംഗീത സംവിധാനം. മഞ്ജു വാരിയർ അവതരിപ്പിച്ച പ്രിയദർശിനിയായി എത്തുന്നത് നയന്‍താരയാണ്.
പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തിന്റെ റോളിൽ സല്‍മാന്‍ ഖാനാണ് എത്തുക. സത്യദേവ് കഞ്ചരണയും ഒരു പ്രധാനവേഷത്തിൽ ചിത്രത്തിലുണ്ട്. ഛായാഗ്രഹണം നിരവ് ഷാ. എഡിറ്റിങ് ശ്രീകർ പ്രസാദ്. പുരി ജഗന്നാഥ്, നാസർ, ഹരീഷ് ഉത്തമൻ, സച്ചിൻ ഖഡേക്കർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. നീരവ് ഷാ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവഹിക്കും. കൊനിഡേല പ്രൊഡക്ഷൻ കമ്പനിയും മെഗാ സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഒക്ടോബർ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുക.