പൃഥ്വിരാജ്-മോഹൻലാൽ-മുരളി ഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ലൂസിഫർ’. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബോക്സോഫിൽ തകർപ്പൻ ജയമാണ് നേടിയത്. എട്ടു ദിവസം കൊണ്ട് ചിത്രം നൂറു കോടി ക്ലബിൽ ‘ലൂസിഫർ’ ഇടംപിടിക്കുകയും ചെയ്തു.
മോഹന്‍ലാല്‍ നായകാനായി എത്തിയ ‘ലൂസിഫറി’ന്റെ വിജയത്തിനുശേഷം പൃഥ്വിരാജ് വീണ്ടും സംവിധായകനാവുമോയെന്നൊരു ചോദ്യം ആരാധകർക്കിടയിൽ നിന്നും ഉയർന്നിരുന്നു. പക്ഷേ പൃഥ്വി അതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. ‘ലൂസിഫർ’ തിയേറ്ററുകളിലെത്തിയ ശേഷം തന്നെ നായകനാക്കി കലാഭവൻ ഷാജോൺ ഒരുക്കുന്ന ‘ബ്രദേഴ്സ് ഡേ’ ചിത്രത്തിന്റെ തിരക്കുകളിലായി പൃഥ്വി. സംവിധായക കുപ്പായം മാറ്റിവച്ച് പൃഥ്വി വീണ്ടും അഭിനയത്തിലേക്കെന്ന് ഇതോടെ ആരാധകരും കരുതി.
അഭിനയം കഴിഞ്ഞാൽ തനിക്കേറ്റവും ഇഷ്ടം സംവിധാനമെന്നു പറയാറുളള പൃഥ്വിക്ക് അങ്ങനെ അത് വിട്ടു കളയാൻ കഴിയില്ലല്ലോ. താന്‍ വീണ്ടും സംവിധായകന്റെ വേഷമണിയുമെന്ന സൂചനയാണ് പൃഥ്വിരാജ് പങ്കു വച്ചിരിക്കുന്നത്. രാത്രി 2.20 ആയിട്ടും ഉറങ്ങാതെ കിടക്കുന്ന ചിത്രം ഫെയ്സ്ബുക്കിൽ പങ്കു വച്ചു കൊണ്ട് പൃഥ്വി എഴുതിയ വാക്കുകളാണ് താരം വീണ്ടും സംവിധായകനാവുമെന്ന സൂചന നൽകുന്നത്.
”ഒരു എഴുത്തുകാരൻ നൽകിയ ആശയത്തെക്കുറിച്ച് ചിന്തിച്ച് ഒരു സംവിധായകന് രാത്രി 2.20 ആയിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. അടുത്ത് ചെയ്യേണ്ടതെന്താണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്നോട് ഇത് എന്തിനു ചെയ്തു മുരളി ഗോപി?”, പൃഥ്വിയുടെ വാക്കുകൾ. ‘ലൂസിഫറി’ന്റെ തിരക്കഥ മുരളി ഗോപിയുടേതായിരുന്നു. ‘ലൂസിഫറിനു’ശേഷം ഇരുവരുടെയും കൂട്ടികെട്ടിൽ വീണ്ടുമൊരു ചിത്രം എത്തുമെന്ന സൂചനയാണോ പൃഥ്വിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലുളളതെന്ന് സോഷ്യൽ മീഡിയയിൽ ചോദ്യം ഉയർന്നിട്ടുണ്ട്.
പൃഥ്വിരാജിനൊപ്പം ‘ലൂസിഫറില്‍’ പ്രവര്‍ത്തിച്ച എല്ലാവര്ക്കും തന്നെ അദ്ദേഹത്തിന്റെ സംവിധാന പാടവത്തെക്കുറിച്ച് വലിയ അഭിപ്രയങ്ങളാണുള്ളത്. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെയും സാങ്കേതിക പരിജ്ഞാനത്തെയും പുകഴ്ത്തി സംസാരിച്ചിരുന്നു. ഏറ്റവും അടുത്ത് ബോളിവുഡ് താരം വിവേക് ഒബ്റോയും തന്റെ ‘ലൂസിഫര്‍’ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കവേ പൃഥ്വിയിലെ സംവിധായകനെ എടുത്തു പറഞ്ഞു അഭിനന്ദിച്ചു.
“മികച്ച നടന്മാര് ആണ് ഇരുവരും. ‘കമ്പനി’യ്ക്ക് ശേഷം ലാലേട്ടനുമായി അഭിനയിക്കുന്ന ചിത്രമാണ് ‘ലൂസിഫര്‍’. പതിനാറു-പതിനേഴു വര്‍ഷങ്ങള്‍ കഴിഞ്ഞു കാണും. രാജു ഒരു വലിയ ‘റെവലേഷൻ’ ആയിരുന്നു എനിക്ക്. ഷൂട്ടിംഗ് നടന്ന ആദ്യ ദിനമാണ് ഞങ്ങള്‍ ആദ്യമായി നേരില്‍ കാണുന്നത്. രാജുവിനോടുള്ള എന്റെ ആദ്യ പ്രതികരണം തന്നെ ‘നീ ഒരു ഡെബ്യൂ’ ഡയറക്ടര്‍ ആണ് എന്ന് വിശ്വസിക്കാനാവുന്നില്ല’ എന്നാണ്. പരിചയസമ്പന്നനായ ഒരു സംവിധായകന് എത്ര കൃത്യതയുണ്ടാകുമോ അത് രാജുവിന് ഉണ്ടായിരുന്നു. എട്ടു ദിവസം കൊണ്ട് നൂറു കോടി ‘ലൂസിഫര്‍’ കടന്നു എന്നത് രാജുവിനെക്കുറിച്ചുള്ള എന്റെ വിലയിരുത്തലിന്റെ സാക്ഷ്യം കൂടിയാണ്,” ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ വിവേക് പറഞ്ഞു.
Read More: ലാലേട്ടന്, രാജു, ലൂസിഫര്‍: വിവേക് ഒബ്റോയ് മനസ്സു തുറക്കുന്നു