വിവാദങ്ങളെ തുടർന്ന് ‘ലവ് യാത്രി’യെന്ന് പേരുമാറ്റിയെങ്കിലും സൽമാൻ ഖാൻ നിർമാതാവാകുന്ന പുതിയ ചിത്രത്തിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഒഴിയുന്നില്ല. പേരുമാറ്റി ഒരു ദിവസം കഴിയുമ്പോഴേക്ക് ‘ലവ് യാത്രി’എന്ന പുതിയ പേരും സ്വീകാര്യമല്ലെന്നു പറഞ്ഞ് മുന്നോട്ടുവന്നിരിക്കുകയാണ് ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഹിന്ദുസംഘടന.
‘ലവ് രാത്രി’യെന്ന ടൈറ്റിൽ നവരാത്രിയുടെ പേര് വളച്ചൊടിക്കുന്നു, ഹിന്ദു സംസ്കാരത്തെ മോശമായി ചിത്രീകരിക്കുന്നു തുടങ്ങിയ ആരോപണങ്ങളുമായി ശിവസേനയാണ് ചിത്രത്തിനെതിരെ ആദ്യം രംഗത്തുവന്നത്. ടൈറ്റിൽ മാറ്റാൻ നിർമ്മാതാക്കൾ തയ്യാറായില്ലെങ്കിൽ ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് തടയുമെന്ന് തിയേറ്റർ
ഉടമകൾക്കും ശിവസേന താക്കീത് നൽകിയിരുന്നു.
തുടർന്ന്, ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സനാതൻ ഫൗണ്ടേഷൻ ആണ്, ചിത്രത്തിന്റെ പേരിലും ചില സീനുകളിലും മാറ്റം വരുത്താൻ നിർമാതാക്കൾ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്. പേരു മാറ്റാൻ തയ്യാറാകാത്ത പക്ഷം ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്ന ചിത്രത്തിന് നിരോധനം ഏർപ്പെടുത്തണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
കോടതി ഇടപെട്ടതോടെ സിനിമയുടെ പേര് ‘ലവ് യാത്രി’ എന്നു മാറ്റാൻ നിർമാതാക്കൾ തയ്യാറായി. പുതിയ പേര് സൽമാൻ ഖാൻ തന്നെ തന്റെ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ‘ലവ് യാത്രി’യെന്ന പുതിയ പേരും സ്വീകാര്യമല്ലെന്ന നിലപാടോടെ ചിത്രത്തിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സനാതൻ ഫൗണ്ടേഷൻ. ‘ലവ് യാത്രി’ എന്ന പുതിയ പേരും നവരാത്രിയെ അനുസ്മരിപ്പിക്കുന്നു എന്നാണ് പരാതി. സെൻസർ ബോർഡിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിച്ച ഒരു ചിത്രത്തിനെതിരെ ഇപ്പോൾ വന്നിരിക്കുന്ന പരാതി തീർത്തും അപക്വമാണെന്നാണ് സിനിമയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ പ്രതികരിച്ചത്.
പേരിനെ ചൊല്ലി വീണ്ടും പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, ഒക്ടോബർ 5 ന് തീരുമാനിച്ച റിലീസ് ഡേറ്റിൽ തന്നെ ചിത്രം തിയേറ്ററുകളിൽ എത്തിക്കാൻ അണിയറക്കാർക്ക് കഴിയുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. സൽമാന്റെ സഹോദരി ഭർത്താവായ ആയുഷ് ശർമ, പുതുമുഖ നായിക വറീന ഹുസൈൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പുതുമുഖസംവിധായകന്‍ അഭിരാജ് മിനാവാല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.