Love Action Drama Release: തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയും നിവിൻപോളിയും നായികാനായകന്മാരായി എത്തുന്ന ‘ലവ് ആക്ഷൻ ഡ്രാമ’ ഓണം റിലീസായി തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധായകനാവുന്ന ചിത്രം കൂടിയാണ് ‘ലവ് ആക്ഷൻ ഡ്രാമ’
തളത്തിൽ ദിനേശനും ശോഭയും
മലയാളികളുടെ മനസ്സിൽ പതിഞ്ഞുപോയ ദമ്പതികളാണ് തളത്തിൽ ദിനേശനും ശോഭയും. ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘വടക്കുനോക്കിയന്ത്രം’ എന്ന ചിത്രത്തിലൂടെ മലയാളികളെ ഏറെ രസിപ്പിച്ച ഹിറ്റ് ദമ്പതികളാണ് ഇരുവരും.
അച്ഛനും ചേട്ടൻ വിനീതിനും പിറകെ സംവിധാനരംഗത്തേക്കു പ്രവേശിക്കുന്ന ധ്യാനിന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രങ്ങളായി ദിനേശനും ശോഭയും ഒരിക്കൽ കൂടി സ്ക്രീനിലെത്തുകയാണ്. ‘ലവ് ആക്ഷൻ ഡ്രാമ’യിലെ കഥാപാത്രങ്ങൾക്കും ദിനേശനെന്നും ശോഭയെന്നുമാണ് ധ്യാൻ പേരു നൽകിയിരിക്കുന്നത്. ‘വടക്കുനോക്കിയന്ത്രം’ എന്ന ചിത്രവുമായി ഈ കഥാപാത്രങ്ങൾക്ക് എന്തെങ്കിലും സാമ്യമുണ്ടോ എന്നതാണ് ചിത്രം കാത്തുവെയ്ക്കുന്ന കൗതുകങ്ങളിൽ ഒന്ന്.
Love Action Drama Premise: കഥാപരിസരം
ഗൾഫിൽ ജോലിയുണ്ടായിരുന്ന വിദ്യാസമ്പന്നനായ ചെറുപ്പക്കാരനാണ് നിവിൻ പോളിയുടെ ദിനേശൻ. മുപ്പതു വയസ്സു കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത ദിനേശൻ ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി ഇനിയെന്തു വേണമെന്ന ആലോചനയിലാണ്. അതിനിടയിലാണ്, ഒരു വിവാഹസദസ്സിൽ വെച്ച് ആദ്യമായി ദിനേശൻ ശോഭയെ കാണുന്നത്. വെറുമൊരു കാഴ്ചയിൽ ഒതുങ്ങാതെ ദിനേശനും ശോഭയും ജീവിതയാത്രയ്ക്കിടയിൽ വീണ്ടും കൂട്ടിമുട്ടുകയാണ്. ഒരു ചെന്നൈ യാത്രയ്ക്കിടെയാണ് അപ്രതീക്ഷിതമായി ദിനേശൻ വീണ്ടും ശോഭയെ കാണുന്നത്. ആ കണ്ടുമുട്ടൽ ഇരുവരുടെയും ജീവിതത്തിൽ വഴിത്തിരിവാകുകയാണ്. വ്യത്യസ്തമായ പശ്ചാത്തലത്തിൽ ജീവിക്കുന്ന ഇരുവരും തമ്മിലുള്ള പ്രണയവും അതിനിടയിലുണ്ടാകുന്ന പ്രശ്നങ്ങളും ടേണിംഗ് പോയിന്റുമൊക്കെയായാണ് ‘ലവ് ആക്ഷൻ ഡ്രാമ’യുടെ കഥ വികസിക്കുന്നത്
Nivin Pauly in Love Action Drama: നിവിൻപോളി
‘കായംകുളം കൊച്ചുണ്ണി’, ‘മിഖായേൽ’ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം നിവിൻ പോളിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണ് ‘ലവ് ആക്ഷൻ ഡ്രാമ’. ഐതിഹാസിക കഥാപാത്രമായ കൊച്ചുണ്ണിയ്ക്കും അൽപ്പം മാസ് സ്വഭാവമുള്ള മിഖായേലിലെ കഥാപാത്രത്തിനും ശേഷം അൽപ്പം ഫൺ സ്വഭാവമുള്ള ഒരു ചിത്രത്തിൽ നിവിൻ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ‘തട്ടത്തിൻ മറയത്ത്’, ‘ഒരു വടക്കൻ സെൽഫി’ തുടങ്ങിയ ചിത്രങ്ങളിൽ പ്രേക്ഷകർ കണ്ട അയലത്തെ പയ്യൻ ഇമേജിലുള്ള ഒരു കഥാപാത്രമാവും ‘ലവ് ആക്ഷൻ ഡ്രാമ’യിലും എന്ന സൂചനകളാണ് ട്രെയിലർ സമ്മാനിക്കുന്നത്.
Lady Superstar Nayanthara in Love Action Drama: നയൻതാരയെന്ന താരം
തമിഴകത്തെ സൂപ്പർസ്റ്റാർ പരിവേഷമുള്ള നായികയാണ് ഇന്ന് നയൻതാര. തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും തിരക്കേറിയ നടി. നയൻതാര കുറച്ചു നാളുകൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്നതും ‘ലവ് ആക്ഷൻ ഡ്രാമ’യുടെ പ്രത്യേകതയായി കാണണം. കാരണം, മമ്മൂട്ടി, മോഹൻലാൽ, ദിലീപ് തുടങ്ങിയ മലയാളത്തിലെ മുൻനിര നായകന്മാർക്ക് ഒപ്പം നായികയായി വേഷമിട്ട നയൻതാര ഇതാദ്യമായാണ് യുവനായകരിൽ ശ്രദ്ധേയനായ ഒരാൾക്കൊപ്പം അഭിനയിക്കുന്നത്.
സിനിമകളുടെ തിരഞ്ഞെടുപ്പിലും തന്റെ കഥാപാത്രങ്ങളുടെ കാര്യത്തിലും തന്റേതായ മാനദണ്ഡങ്ങൾ വെച്ചു പുലർത്തുന്ന നായിക കൂടിയാണ് നയൻതാര. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം തന്നെ ബോക്സോഫീസ് നേട്ടം കൊയ്യുന്ന താരത്തിന് സൂപ്പർ താരങ്ങൾക്കൊപ്പം തന്നെയുള്ള താരമൂല്യമുണ്ട് തെന്നിന്ത്യൻ സിനിമാലോകത്ത്. നയൻതാരയ്ക്ക് വേണ്ടി മാത്രമായി സ്ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങൾ തമിഴകത്ത് ഉണ്ടാവുന്നു എന്നതു തന്നെയാണ് നയൻതാരയുടെ താരമൂല്യത്തിനുള്ള പ്രധാന തെളിവ്.
Love Action Drama Production: ‘ലവ് ആക്ഷൻ ഡ്രാമ’ നിർമാണം
ചെന്നൈയിലും കേരളത്തിലുമായാണ് ‘ലവ് ആക്ഷൻ ഡ്രാമ’ യുടെ കഥ പുരോഗമിക്കുന്നത്. ചെന്നൈയിലും കേരളത്തിലുമായി ഏറെ സമയമെടുത്താണ് ചിത്രം പൂർത്തീകരിച്ചത്. നയൻതാരയുടെ തിരക്കുകൾ തന്നെയായിരുന്നു ചിത്രീകരണത്തിനെടുത്ത സമയദൈർഘ്യത്തിനു പിന്നിലെ പ്രധാന കാരണം. ഫൺടാസ്റ്റിക്ക് ഫിലിംസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുചിത്രാ മോഹൻലാലിന്റെ കസിനാണ് നിർമ്മാതാക്കളിൽ ഒരാളായ വിശാഖ് സുബ്രഹ്മണ്യം.
അതേസമയം, വിനീത് ശ്രീനിവാസന്റെ ആദ്യചിത്രമായ ‘മലർവാടി ആർട്സി’ൽ തുടങ്ങിയ സൗഹൃദമാണ് നിവിനും അജു വർഗ്ഗീസും തമ്മിൽ. ഒരേ ചിത്രത്തിലൂടെ തുടക്കം കുറിച്ച ഇരുവരും സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല കൂട്ടുകാരാണ്. മലർവാടി ആർട്സ് ക്ലബ്ബ്, ഒരു വടക്കൻ സെൽഫി, തട്ടത്തിൻ മറയത്ത്, ഓം ശാന്തി ഓശാന, സെവൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഒന്നിച്ചെത്തി മലയാളികളളെ ചിരിപ്പിച്ച ഈ കൂട്ട്ക്കെട്ട് വീണ്ടും ആവർത്തിക്കപ്പെടുകയാണ് ‘ലവ് ആക്ഷൻ ഡ്രാമ’യിലും. ദിനേശന്റെ കസിനായ സാഗർ എന്ന കഥാപാത്രമായി അജു വർഗീസും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ധ്യാനിനൊപ്പം വിനീതും ശ്രീനിവാസനും
തന്റെ ആദ്യചിത്രത്തിൽ അച്ഛനെയും ചേട്ടനെയും കൂടി പങ്കാളിയാക്കുകയാണ് ധ്യാൻ. അച്ഛൻ ശ്രീനിവാസൻ ചിത്രത്തിൽ അഭിനയിക്കുമ്പോൾ, ചേട്ടൻ വിനീതാണ് അനിയന്റെ ചിത്രത്തിന് വേണ്ടി പാട്ടെഴുതിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ ‘തിര’ എന്ന ചിത്രത്തിലൂടെയായിരുന്നു ധ്യാനിന്റെ സിനിമാ അരങ്ങേറ്റം.
Love Action Drama Cast: ‘ലവ് ആക്ഷൻ ഡ്രാമ’ താരങ്ങൾ
നിവിൻ, നയൻതാര, ശ്രീനിവാസൻ, അജു വർഗീസ് എന്നിവർക്കു പുറമെ രഞ്ജി പണിക്കർ, ഗൗരി കൃഷ്ണ, മല്ലികാ സുകുമാരൻ, ബിജു സോപാനം, തമിഴ് താരങ്ങളായ സുന്ദർ രാമു, പ്രജിൻ എന്നിവരും ചിത്രത്തിലുണ്ട്. തെലുങ്കു കന്നട സിനിമകളിലെ താരമായ ധന്യ ബാലകൃഷ്ണനും ശ്രദ്ധേയമായൊരു കഥാപാത്രമായി ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിവിൻ പോളിയുടെ അമ്മ വേഷത്തിലാണ് മല്ലികാ സുകുമാരൻ എത്തുന്നത്.
മലര്‍വാടി കൂട്ടുകാർ വീണ്ടുമൊന്നിക്കുമ്പോൾ
‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന സിനിമയുടെ ഭാഗമായ നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ദീപക് പറമ്പോല്‍ എന്നിവർ വീണ്ടുമൊന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
മലയാളസിനിമയ്ക്ക് അഞ്ച് പുതുമുഖതാരങ്ങളെയും ഒരു നവാഗത സംവിധായകനെയും സമ്മാനിച്ച ചിത്രമായിരുന്നു 2010 ൽ പുറത്തിറങ്ങിയ ‘മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്’. സ്വന്തമായി രചനയും സംവിധാനവും നിർവ്വഹിച്ച് വിനീത് ശ്രീനിവാസൻ സ്വതന്ത്രസംവിധായകനായി വെള്ളിത്തിരയിലേക്ക് കയറി വന്നപ്പോൾ നിവിൻ പോളി, ശ്രാവൺ, ഹരികൃഷ്ണൻ, ഭഗത്, അജു വർഗ്ഗീസ് എന്നിങ്ങനെ അഞ്ചു ചെറുപ്പക്കാരെ കൂടെ മലയാളസിനിമയിലേക്ക് കൈപ്പിടിച്ചു കയറ്റുകയായിരുന്നു. ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലർവാടിയിലെ ആ പഴയ കൂട്ടുകാർ വീണ്ടുമൊന്നിക്കുകയാണ് ‘ലവ് ആക്ഷൻ ഡ്രാമ’യിൽ. ചേട്ടന്റെ ചിത്രത്തിലൂടെ തങ്ങളുടെ അരങ്ങേറ്റം കുറിച്ചവർ അനിയന്റെ ചിത്രത്തിലൂടെ വീണ്ടുമൊന്നിക്കുന്നു എന്നതാണ് മറ്റൊരു കൗതുകം.

Love Action Drama Team: അണിയറയിൽ
ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്ത്, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഒരു വടക്കൻ സെൽഫി, തിര തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹണം ഒരുക്കിയതും ജോമോൻ ആയിരുന്നു. ‘ലവ് ആക്ഷൻ ഡ്രാമ’യുടെ കലാ സംവിധാനം അജയൻ മങ്ങാടും എഡിറ്റിംഗും വിവേക് ഹർഷയും നിർവ്വഹിക്കും. മനു മഞ്ജിത്ത്, വിനീത് ശ്രീനിവാസൻ എന്നിവരുടെ ഗാനങ്ങൾക്ക് ഷാൻ റഹ്മാൻ ആണ് ഈണം നൽകുന്നത്.