ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലവ് ആക്ഷൻ ഡ്രാമ’. നിവിൻ പോളിയേയും നയൻതാരയേയും പ്രധാന കഥാപാത്രങ്ങളാക്കി ധ്യാൻ ഒരുക്കുന്ന ‘ലവ് ആക്ഷൻ ഡ്രാമ’യുടെ ചെന്നൈയിലെ ലൊക്കേഷനിൽ കഴിഞ്ഞ ദിവസം ഒരു സർപ്രൈസ് അതിഥിയെത്തി, സുചിത്രാ മോഹൻലാൽ ആയിരുന്നു ആ അതിഥി. സുചിത്രയുടെ ലൊക്കേഷൻ സന്ദർശനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. നിവിനും അജു വർഗ്ഗീസും ധ്യാൻ വർഗ്ഗീസും ചേർന്ന് സുചിത്രയെ സ്വീകരിച്ച. ചിത്രത്തിലെ നിർമ്മാതാക്കളിൽ ഒരാളായ വിശാഖ് സുബ്രമണ്യം സുചിത്രയുടെ കസിൻ ആണ്
ശ്രീനിവാസനും പാർവ്വതിയും അഭിനയിച്ച ‘വടക്കുനോക്കി യന്ത്രം’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പുതിയ ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് ധ്യാൻ നൽകിയിരിക്കുന്നത്. ദിനേശൻ ആയി നിവിൻ പോളി എത്തുമ്പോൾ ശോഭയായാണ് നയൻതാര എത്തുന്നത്. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധ്യാൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലർവാടിയിലെ ആ പഴയ കൂട്ടുകാർ വീണ്ടുമൊന്നിക്കുകയാണ് ധ്യാൻ ശ്രീനിവാസന്റെ ‘ലവ് ആക്ഷൻ ഡ്രാമ’യിൽ. നിവിൻ പോളി, ശ്രാവൺ, ഹരികൃഷ്ണൻ, ഭഗത്, അജു വർഗ്ഗീസ് എന്നിങ്ങൻെ ചേട്ടന്റെ ചിത്രത്തിലൂടെ തങ്ങളുടെ അരങ്ങേറ്റം കുറിച്ചവർ അനിയന്റെ ചിത്രത്തിലൂടെ വീണ്ടുമൊന്നിക്കുകയാണ്.
Read more: അന്ന് ചേട്ടനൊപ്പം, ഇന്ന് അനിയനു വേണ്ടി; ‘മലർവാടി’ ടീം വീണ്ടുമൊന്നിക്കുന്നു
മലർവാടി താരങ്ങൾക്കൊപ്പം ഉർവശിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശ്രീനിവാസൻ, അജു വർഗീസ്, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി എന്നിവരും ചിത്രത്തിലുണ്ട്. ഒരിടവേളയ്ക്കു ശേഷമാണ് നയൻതാര വീണ്ടും മലയാള സിനിമയിൽ അഭിനയിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 2016 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘പുതിയ നിയമം’ ആയിരുന്നു നയൻതാരയുടെ അവസാന മലയാള ചിത്രം. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഷാന്‍ റഹ്മാനാണ് സംഗീതസംവിധായകൻ. പ്രദീപ് വര്‍മ്മ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കും. അവസാനഘട്ട ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ‘ലവ് ആക്ഷൻ ഡ്രാമ’ ഒാണത്തിന് തിയേറ്ററുകളിലെത്തും.