Jayaram Starrer Lonappante Mammodisa Movie Review: സിനിമകള്‍ നമ്മുടെ പ്രതീക്ഷ കാത്തു സൂക്ഷിക്കുന്നതു പോലെ ചിലപ്പോഴൊക്കെ പ്രതീക്ഷ തെറ്റിക്കുന്നവയുമാകാറുണ്ട്. ജയറാം നായകനായെത്തിയ ‘ലോനപ്പന്റെ മാമ്മോദീസ’ അത്തരത്തിലൊരു ചിത്രമായിരുന്നു. ചിത്രത്തില്‍ നിന്നും ഞാന്‍ ഇത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് വാസ്തവം. സമീപ കാലത്തിറങ്ങിയ ജയറാം ചിത്രങ്ങളും ‘ലോനപ്പന്റെ മാമ്മോദീസ’യുടെ തന്നെ ടീസറും ട്രെയിലറുമൊന്നും വലിയ തരത്തിലുള്ള പ്രതീക്ഷ സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ പടം കണ്ടിറങ്ങുമ്പോള്‍ കാഴ്ച്ചക്കാരനെന്ന നിലയില്‍ എന്റെ മുന്‍വിധികളെ തിരുത്താന്‍ ലോനപ്പന് സാധിച്ചിട്ടുണ്ട്.

ജയറാം അവതരിപ്പിക്കുന്ന ലോനപ്പന്റേയും അവന്റെ മൂന്ന് സഹോദരിമാരുടേയും കഥയാണ് ‘ലോനപ്പന്റെ മാമ്മോദീസ’. ശാന്തി കൃഷ്ണ, നിഷാ സാരംഗ്, ഇവ പവിത്രന്‍ എന്നിവരാണ് ജയറാമിന്റെ സഹോദരിമാരായെത്തുന്നത്. ടിപ്പിക്കല്‍ ജയറാം സിനിമക്ക് വേണ്ട ചേരുവകൾ. എന്നാൽ കണ്ടു മടുത്തെന്ന് വിധി എഴുതിയ അതേ പശ്ചാത്തലത്തെ കാണാത്ത കഥാനുഭവത്തിലേക്ക് കൊണ്ടു പോകുന്നു എന്നതാണ് ചിത്രത്തിന്റെ മനോഹാരിത.

ജയറിന്റെ ലോനപ്പന്‍ ആര്‍ക്കും എളുപ്പം കണക്ട് ചെയ്യാന്‍ സാധിക്കുന്നവനാണ്. നമ്മളൊക്കെ പലപ്പോഴും ലോനപ്പനെ കണ്ടിട്ടുണ്ട്. നമുക്ക് ഒപ്പമോ അല്ലെങ്കില്‍ നമുക്കുള്ളില്‍ തന്നെയോ ലോനപ്പന്‍ ഉണ്ട്. കുട്ടിക്കാലത്ത് സ്‌കൂളിലും നാട്ടിന്‍പുറത്തും ചങ്ങാതിമാരുടേയുമൊക്കെ ഇടയില്‍ താരമായിരുന്ന, ഇവന്‍ നാളെ വളര്‍ന്നു വലിയൊരു നിലയിലെത്തുമെന്ന് എല്ലാവരും പറയുന്ന ഒരുത്തന്‍. പക്ഷെ വളര്‍ന്നു വന്നപ്പോള്‍ അവന്‍ വലിയ ആരുമായില്ല. ലോനപ്പന്‍ തന്നെ പറയുന്നത് പോലെ എല്ലാവരും വലിയവരായാല്‍ പിന്നെ ലോകത്ത് ചെറിയവരാരും ഉണ്ടാകില്ലല്ലോ.

Jayaram Starrer Lonappante Mammodisa Movie Review: ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പരാജിതനായ, അവനെ കൊണ്ട് പറ്റില്ലെന്ന് മറ്റുള്ളവരെ കൊണ്ട് വിധിയെഴുതപ്പെട്ടവനാണ് ലോനപ്പൻ ഇന്ന്. അപ്പനും അമ്മയും മരിച്ചതോടെ കുടുംബം നോക്കേണ്ട ഉത്തരവാദിത്വം ലോനപ്പന്റേതായി മാറുന്നു. വല്യേച്ചിയും (ശാന്തി കൃഷ്ണ), കുഞ്ഞേച്ചി സിസിലിയും (നിഷാ സാരംഗ്), അനിയത്തി റോസ്‌ലിനും (ഇവ പവിത്രന്‍) പഴയൊരു വാച്ച് റിപ്പയറിങ് കടയുമാണ് ലോനപ്പന്റെ ലോകം. ആഘോഷങ്ങളും വലിയ നേട്ടങ്ങളുമൊന്നുമില്ലെങ്കിലും ഉള്ളത് കൊണ്ട് ജീവിക്കുന്ന സാധാരണ കുടുംബം. കയറ്റിറക്കങ്ങളില്ലാതെ കടന്നു പോകുന്ന ലോനപ്പന്റെ ജീവിതത്തില്‍ മാറ്റം വരുന്നത് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തോടെയാണ്. നേരത്തേ തന്നെ എന്തിനേയും ഏതിനേയും നെഗറ്റീവായി മാത്രം കാണുന്ന ശീലക്കാരനായ ലോനപ്പന് ആ കൂടിക്കാഴ്ച തന്നെ കുറിച്ച് ചിന്തിക്കാനുള്ള കാരണമായി മാറുന്നു. തനിക്കൊപ്പം പഠിച്ചവരെല്ലാം വലിയ നിലയിലെത്തി. എല്ലാവരുടേയും പ്രതീക്ഷയായിരുന്ന താനിന്ന് എവിടെയും എത്താനാകാത്ത ലോക പരാജയവും. പിന്നീടങ്ങോട്ട് ലോനപ്പന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം.

Read more: ഈ ആഴ്ചയിലെ മറ്റു റിലീസുകൾ: ‘പേരൻപ്’ റിവ്യൂ വായിക്കാം, സ്നേഹമാണഖിലസാരമൂഴിയില്‍

നേരത്തെ പറഞ്ഞത് പോലെ തന്നെ, ആദ്യ പകുതി വരെ ചിത്രം ജയറാമിന്റെ മുന്‍ സിനിമകളെ ഓര്‍മ്മിപ്പിക്കുന്നതാണ്. പക്ഷെ രണ്ടാം പകുതിയിലേക്ക് എത്തുന്നതോടെ ചിത്രം ഗതിമാറുന്നു. തന്നെ തന്നെ തിരിച്ചറിയുന്ന ലോനപ്പനാണ് രണ്ടാം പകുതിയില്‍. ഇന്റര്‍വല്‍ വരെ കാര്യമായൊന്നും ചിത്രത്തില്‍ സംഭവിക്കുന്നില്ല, അപ്രതീക്ഷിതമായതോ അല്ലെങ്കില്‍ കഥയുടെ ഗതി മാറാന്‍ കാരണമായതോ ആയ ഒന്നും (പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ഒഴികെ). സ്വാഭാവിക കാഴ്ച്ചകളുടേതാണ് ആദ്യ പകുതി. രണ്ടാം പകുതിയിലാണ് ലോനപ്പന്‍ കയറി വരുന്നത്. ലോനപ്പന്റെ കഴിവ് സുഹൃത്ത് കുഞ്ഞൂട്ടന്റെ (ദിലീഷ് പോത്തന്‍) വരവോടെയാണ് പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത്. അവിടുന്നങ്ങോട്ട് ചിത്രം പുതു അനുഭവമാകുന്നു.

ഇതിനര്‍ത്ഥം ‘ലോനപ്പന്റെ മാമ്മോദീസ’ കുറ്റങ്ങളില്ലാത്ത സിനിമയാണെന്നല്ല, പ്രശ്‌നങ്ങളും പാകപിഴവുകളുമുണ്ട്. പക്ഷെ അതെല്ലാം മറന്നു കൊണ്ടു തന്നെ ചിത്രത്തെ ആസ്വാദ്യകരമാക്കുന്നതില്‍ ലിയോ തദ്ദേവൂസിലെ സംവിധായകന്‍ വിജയിക്കുന്നുണ്ട്. ലോനപ്പന്റെ ഹിഡ്ഡന്‍ ടാലന്റാണ് (അതത്ര ഹിഡ്ഡനല്ലെങ്കിലും) ചിത്രത്തിലെ പുതുമ. കഥ പറയുന്നവന്‍ കഥാകാരനാകും, എഴുത്തുകാരനാകും എന്നൊക്കെയാണ് മൊത്തത്തിലുള്ള ധാരണ. ഇവിടെയാണ് ‘സ്റ്റോറി ടെല്ലിങ്’ എന്ന ആശയം ചിത്രത്തിലേക്ക് വരുന്നത്. നമ്മുടെ നാട്ടില്‍ ടെഡ് ടോക്കുകളുടെ കാലമാണിത്. എന്നാല്‍ ഇതേ സമയം, തന്നെ വളര്‍ന്നു കൊണ്ടിരിക്കുന്ന രണ്ട് വിഭാഗങ്ങളാണ് സ്‌റ്റോറി ടെല്ലിങും സ്റ്റാന്‍ഡ് അപ്പുകളും. സ്റ്റോറി ടെല്ലിങിനെ പിന്തുടരുന്ന ഒരാളെന്ന നിലയില്‍ എന്നെ സംബന്ധിച്ചടത്തോളം ചിത്രം നല്‍കിയതൊരു പുതിയ അനുഭവം തന്നെയായിരുന്നു.

Read more: ഈ ആഴ്ചയിലെ മറ്റു റിലീസുകൾ: ‘അള്ള് രാമേന്ദ്രൻ’ റിവ്യൂ, വാർപ്പുമാതൃകകൾക്ക് ‘അള്ള്’ വെച്ച് ബിലഹരി, ചാക്കോച്ചന്റെ വ്യത്യസ്തമായ വേഷം

ചിത്രത്തില്‍ മികച്ചു നില്‍ക്കുന്നത് ജയറാമിന്റെ കഥാപാത്ര സൃഷ്ടിയാണ്. ആര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണ് ലോനപ്പന്‍. എന്നാല്‍ ലോനപ്പന് ചുറ്റുമുളളവരുടെ കഥാപാത്ര സൃഷ്ടിയിലെ സൂക്ഷ്മതയില്ലായ്മ വ്യക്തമാണ്. ലോനപ്പന്റെ സഹോദരിമാരായി എത്തിയവരില്‍ ശാന്തി കൃഷ്ണയും നിഷാ സാരംഗുമാണ് പ്രകടനം കൊണ്ട് മുന്നില്‍ നില്‍ക്കുന്നത്. അതേസമയം ഡബ്ബിങിലെ പ്രശ്‌നങ്ങളും തൃശ്ശൂര്‍ ഭാഷയിലെ പ്രശ്‌നങ്ങളും മിക്കവരുടേയും പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. ഒരുഘട്ടത്തില്‍ ജയറാമിന്റെ തൃശ്ശൂര്‍ ഭാഷ പോലും അസുഖകരമായി അനുഭവപ്പെടുന്നുണ്ട്. നായികയായി വരുന്ന രേഷ്മ രാജന്‍ ചിത്രത്തില്‍ യാതൊന്നും ചെയ്യാനില്ലാത്ത, ഇല്ലാതിരുന്നെങ്കില്‍ പോലും യാതൊരു ദോഷവും ചെയ്യാതിരുന്ന കഥാപാത്രമാണ്. ലോനപ്പന്റെ കഴിവായ സ്‌റ്റോറി ടെല്ലിങിനെ സ്ഥാപിച്ചെടുക്കുന്നതിലും സൂക്ഷ്മതയുടെ കുറവുണ്ട്. ഹരിനാരായണന്റേയും ജോഫി തരകന്റേയും വരികളും അല്‍ഫോണ്‍സ് ജോസഫിന്റെ സംഗീതവും കൂടെ കൂടുന്നതല്ലെങ്കിലും മുഴച്ച് നില്‍ക്കുന്നതോ മാറി നില്‍ക്കുന്നതോ അല്ല.

വലിയ ട്വിസ്റ്റുകളൊന്നുമില്ല. കുറ്റങ്ങളും കുറവുകളുമുണ്ട്. അപ്പോഴും ആസ്വദിച്ച് കാണാവുന്ന ചിത്രമാണ് ‘ലോനപ്പന്റെ മാമ്മോദീസ’. ഗ്രാമീണ പശ്ചാത്തലമുള്ള ഹൃദയ സ്പര്‍ശിയായ ചിത്രം. ജയറാമിന്റെ തിരിച്ചു വരവ് എന്ന് പറയാമോ എന്നറിയില്ല, പക്ഷെ ഒന്നുറപ്പുണ്ട്, ഇതാണ് ജയറാമിന് തിരിച്ചു വരാനുള്ള വഴി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ