വിജയ്‌യുടെ കരിയറിൽ ഏറെ വിവാദങ്ങൾ നേരിട്ട സിനിമയാണ് ‘സർക്കാർ’. ചിത്രത്തിലെ ഹൈലൈറ്റായിരുന്നു സെക്ഷൻ 49 P. ചിത്രം കണ്ടവരെല്ലാം അന്വേഷിച്ചത് ഈ സെക്ഷനെക്കുറിച്ചായിരുന്നു. കളളവോട്ട് മൂലം വോട്ട് ചെയ്യാൻ സാധിച്ചില്ലെങ്കിൽ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാവുന്ന നിയമമാണ് സെക്ഷൻ 49 P. സർക്കാർ സിനിമ കണ്ടതിനുശേഷമാണ് പലരും ഭരണഘടനയിൽ ഇങ്ങനെയൊരു നിയമം ഉണ്ടെന്നു അറിയുന്നത്.

തമിഴ്നാട് രാഷ്ട്രീയത്തെ പ്രമേയമാക്കി എ.ആർ.മുരുകദോസ് സംവിധാനം ചെയ്ത ‘സർക്കാർ’ സിനിമയിലൂടെ ജനങ്ങൾക്ക് ബോധ്യപ്പടുത്തി കൊടുത്തതും കളളവോട്ടിനെ നിയമപരമായി എങ്ങനെ നേരിടാം എന്നതിനെ കുറിച്ചായിരുന്നു. സുന്ദർ രാമസ്വാമി എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിച്ചത്. വിദേശത്തുനിന്നും നാട്ടിൽ വോട്ടു ചെയ്യാനെത്തുന്ന സുന്ദർ തന്റെ പേരിൽ കളളവോട്ട് ചെയ്തെന്ന് അറിയുന്നു. ഇതോടെ കോടതിയെ സമീപിക്കുകയും സെക്ഷൻ 49 P ഉപയോഗിച്ച് വോട്ട് ചെയ്യാനുളള അനുമതി വാങ്ങുകയും ചെയ്യുന്നതാണ് സർക്കാർ സിനിമയിലൂടെ സംവിധായകൻ പറഞ്ഞത്.

Read: ‘തലൈവാ’ എന്ന് നീട്ടി വിളിച്ച് ആരാധകർ, തിരികെ പോകൂവെന്ന് സ്‌നേഹത്തോടെ വിജയ്

സർക്കാർ സിനിമയിലൂടെ അറിഞ്ഞ സെക്ഷൻ 49 P ഉപയോഗിച്ച് തമിഴ്നാട്ടിൽ യുവാവ് വോട്ട് ചെയ്തു. ഇന്നലെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ തമിഴ്നാട്ടിലും വോട്ടെടുപ്പ് നടന്നിരുന്നു. വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തന്റെ വോട്ട് മറ്റാരോ ചെയ്തതായി യുവാവ് അറിഞ്ഞത്. സെക്ഷൻ 49 P പ്രകാരം ബാലറ്റ് വോട്ട് ചെയ്യാൻ അവകാശമുണ്ടെന്ന് യുവാവ് ഉദ്യോഗസ്ഥരോട് വാദിക്കുകയും ഒടുവിൽ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. സർക്കാർ സിനിമയിലൂടെയാണ് തനിക്ക് ഈ അറിവ് ലഭിച്ചതെന്നും വിജയ്‌യോടും മുരുകദോസിനോടും താൻ നന്ദി പറയുന്നുവെന്നും വോട്ട് ചെയ്തശേഷം യുവാവ് ട്വീറ്റ് ചെയ്തു. സംവിധായകൻ മുരുകദോസ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ തമിഴ് സിനിമാ ലോകത്തെ പ്രമുഖ താരങ്ങൾ വോട്ട് ചെയ്യാനെത്തി. രജനീകാന്ത്, വിജയ്, അജിത്, സൂര്യ, കാർത്തി, കമൽഹാസൻ, തൃഷ, വിജയ് സേതുപതി, ശ്രുതി ഹാസൻ തുടങ്ങി നിരവധി പേർ വോട്ട് ചെയ്യാനെത്തി.

Lok Sabha election, Celebrities

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook