ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം ഉയർത്താൻ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ പാർട്ടികളോടും കായിക താരങ്ങളോടും മാത്രമല്ല സിനിമാതാരങ്ങളോടും കൂടിയാണ് ട്വിറ്ററിലൂടെ നരേന്ദ്രമോദിയുടെ അഭ്യർത്ഥന.

ബോളിവുഡ് സിനിമാ താരങ്ങളായ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, കരൺ ജോഹർ, സൽമാൻ ഖാൻ, ആമിർ ഖാൻ, അക്ഷയ് കുമാർ, ഭൂമി പട്നേക്കർ, ആയുഷ് മാൻ ഖുറേന, രൺവീർ സിങ്, വരുൺ ധവാൻ, വിക്കി കൗശൽ, ദീപിക പദുക്കോൺ, ആലിയ ഭട്ട്, അനുഷ്ക ശർമ്മ എന്നിവർക്കൊപ്പം മോഹൻലാൽ, നാഗാർജുന അക്കിനേനി എന്നിവരോടും വോട്ടിങ് ശതമാനം ഉയർത്താൻ പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മോഹൻലാലിനെയും നാഗാർജുനയേയും പ്രത്യേക ട്വിറ്റർ സന്ദേശത്തിൽ ടാഗ് ചെയ്താണ് വോട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ”വർഷങ്ങളായി കോടിക്കണക്കിന് ജനങ്ങളെ നിങ്ങൾ അഭിനയ മികവിലൂടെ ആനന്ദിപ്പിക്കുന്നു. നിരവധി അവാർഡുകളും നിങ്ങൾ നേടിയിട്ടുണ്ട്. വോട്ടർമാർക്കിടയിൽ ബോധവത്കരണം നടത്താനും വോട്ട് ചെയ്യാൻ അവരെ പ്രചോദിപ്പിക്കണമെന്നും നിങ്ങളോട് അഭ്യർത്ഥിക്കുന്നു” എന്നാണ് മോദിയുടെ ട്വിറ്റർ സന്ദേശം. സംഗീത മാന്ത്രികൻ എ.ആർ.റഹ്മാനോടും മോദി ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധി, മമത ബാനർജി, ശരത് പവാർ, മായാവതി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, എം.കെ.സ്റ്റാലിൻ, വീൻ പട്നായിക്, എച്ച്.ഡി.കുമാരസ്വാമി, എൻ.ചന്ദ്രബാബു നായിഡു, വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി, നിതീഷ് കുമാർ, റാം വിലാസ് പസ്വാൻ, ആത്മീയ നേതാക്കളായ ശ്രീ ശ്രീ രവിശങ്കർ, സദ്ഗുരു, രാംദേവ് എന്നിവരോടും, കായിക താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, അനിൽ കുംബ്ലെ, വിവിഎസ് ലക്ഷ്മൺ, വിരേന്ദർ സെവാഗ്, എം.എസ്.ധോണി, വിരാട് കോഹ്‌ലി, രോഹിത് ശർമ്മകിടംബി ശ്രീകാന്ത്, പി.വി.സിന്ധു, സൈന നെഹ്‌വാൾ എന്നിവരോടും മാധ്യമങ്ങളോടും ജനങ്ങളോടും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്കിടയിൽ ബോധവത്കരണം നടത്തി വോട്ടിങ് ശതമാനം ഉയർത്താൻ മോദി അഭ്യർത്ഥിച്ചിട്ടുണ്ട്. വോട്ടിങ്ങിനെക്കുറിച്ചുളള ബോധവത്കരണ പരിപാടികൾ ഇതിന് സഹായകരമാകുമെന്നും മോദി കൂട്ടിച്ചേർക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ